go

ആനക്കള്ളന്മാർക്ക് കഞ്ഞിവച്ച് തമിഴ്നാട് വനം വകുപ്പ്

Idukki-Kumali-Police-Thief
SHARE

കുമളി ∙ ആന വേട്ടക്കാരെ പിടികൂടിയ പെരിയാർ വന്യജീവി സങ്കേതത്തിലെ ഉദ്യോഗസ്ഥരോട് പകപോക്കി തമിഴ്നാട് വനം വകുപ്പ്. കേരളത്തിൽ നിന്നുള്ള വനംവകുപ്പിന്റെ വാഹനങ്ങൾ തമിഴ്നാട്ടിൽ തടഞ്ഞിടുന്നത് തുടർക്കഥയായതോടെ കേരളത്തിന്റെ ഉദ്യോഗസ്ഥർ പൊലീസിൽ പരാതി നൽകി.

ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ പെരിയാർ വന്യജീവി സങ്കേതം ഉദ്യോഗസ്ഥർ ശ്രമം നടത്തുന്നുണ്ടെങ്കിലും തമിഴ്നാട് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. തമിഴ്നാട്ടിലെ മേഘമല വന്യജീവി സങ്കേതത്തിൽ ആനയെ കൊന്ന് കൊമ്പ് മോഷ്ടിച്ചവരെ 2 മാസം മുൻപ് കേരളത്തിലെ ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു.

തമിഴ്നാട് ഉദ്യോഗസ്ഥർ രഹസ്യമാക്കി വച്ചിരുന്ന വിവരം ഇതോടെ പുറത്തായി. ഇതിന് ശേഷമാണ് കേരളത്തിൽ നിന്നുള്ള വനം വകുപ്പിന്റെ വാഹനങ്ങൾ തടയുന്നത് പതിവായി മാറിയത്.

തമിഴ്നാടുമായി പെരിയാർ വന്യജീവി സങ്കേതം 90 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്. ഈ പ്രദേശത്തെ വന സംരക്ഷണ പ്രവർത്തനങ്ങൾക്ക് തമിഴ്നാട്ടിലൂടെ മാത്രമെ കേരളത്തിലെ ഉദ്യോഗസ്ഥർക്ക് എത്താൻ കഴിയൂ. വന്യജീവി സങ്കേതം രൂപീകൃതമായ കാലം മുതൽ യാതൊരു തടസ്സവുമില്ലാതെ ഇതു വഴിയാണ് കേരളത്തിൽ നിന്നുള്ളവർ വെള്ളിമല, മേഘമല തുടങ്ങിയ സ്ഥലങ്ങളിൽ എത്തുന്നത്.

അതിർത്തിയിൽ ഗൂഡല്ലൂർ റെ‍യ്ഞ്ചിൽ ഉൾപ്പെട്ട സ്ഥലത്ത് ഏതാനും മാസങ്ങൾക്ക് മുൻപാണ് 2 ആനകൾ ചരിഞ്ഞത്. വൈദ്യുതാഘാതം ഏറ്റ് പിടിയാനകളാണ് ചരിഞ്ഞതെന്നായിരുന്നു തമിഴ്നാട് വനം വകുപ്പിന്റെ വിശദീകരണം. എന്നാൽ ആനക്കൊമ്പുമായി കുമളിയിൽ 2 പേർ പിടിയിലായതോടെ ഈ വാദം പൊളിഞ്ഞു. ഇതിന് ശേഷമാണ് കേരളത്തിലെ ഉദ്യോഗസ്ഥരോട് പക പോക്കൽ തുടങ്ങിയത്.

ചിന്നമന്നൂരിൽ നിന്ന് വെള്ളിമലയ്ക്ക് പോകുന്ന സ്ഥലത്ത് കടമലക്കുണ്ട് ചെക്ക് പോസ്റ്റിലാണ് കേരളത്തിന്റെ വാഹനങ്ങൾ തടയുന്നത്. ആദ്യ 2 തവണയും വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെയാണ് വാഹനം തടഞ്ഞിട്ടത്. എന്നാൽ ഇക്കഴിഞ്ഞ ദിവസം നാട്ടുകാരെ ഉപയോഗിച്ച് മുല്ലപ്പെരിയാറിന്റെ പേരു പറഞ്ഞാണ് വാഹനം തടഞ്ഞത്. ഈ സംഭവത്തിൽ കേരളം തമിഴ്നാട് പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് അകമ്പടിയോടെയാണ് കേരളത്തിലെ ഉദ്യോഗസ്ഥർക്ക് ജോലിക്ക് പോകാൻ കഴിഞ്ഞത്.

പണ്ട് കാട്ടു കള്ളൻമാരുടെ വിഹാര കേന്ദ്രമായിരുന്നു വെള്ളിമല വന മേഖല. പെരിയാർ വന്യജീവി സങ്കേതത്തിൽ വന സംരക്ഷണ പ്രവർത്തനങ്ങൾ കാര്യക്ഷമമായതോടെയാണ് ഇതിന് അറുതി വന്നത്. 

തമിഴ്നാട്ടിലെ ചിന്നമന്നൂർ വഴി മാത്രമേ കേരളത്തിലെ ഉദ്യോഗസ്ഥർക്ക് ഇവിടേക്ക് എത്താൻ കഴിയൂ. അല്ലെങ്കിൽ തേക്കടി കാടിനുള്ളിലൂടെ ദിവസങ്ങൾ യാത്ര ചെയ്യണം. വനം സംരക്ഷിക്കാൻ കേരളത്തിൽ നിന്നുള്ളവർ എത്താതിരുന്നാൽ വനം കൊള്ള വീണ്ടും സജീവമാക്കാം എന്ന് കരുതുന്നവരും അവരെ പിന്തുണയ്ക്കുന്നവരുമാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് പിന്നിലെന്നും സൂചനയുണ്ട്.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama