go

ലഹരി മാഫിയയോട് മുട്ടം നിവാസികൾ:ദുരിതമേ, കടക്ക് പുറത്ത് ’

Idukki-Muttam--Drug-Mafia
SHARE

മുട്ടം ∙ കഞ്ചാവിന്റെയും ലഹരി മരുന്നിന്റെയും കേന്ദ്രമായി മുട്ടം മേഖല മാറുന്നു. പൊലീസിന്റെയും എക്സൈസിന്റെയും സുരക്ഷാ വലയങ്ങൾ ഭേദിച്ചാണു മേഖലയി‍ൽ ലഹരി മാഫിയ പിടിമുറുക്കുന്നത്. 

സ്ഥിരമായി കഞ്ചാവ് വിൽപന നടത്തുന്ന 12 ഓളം പേർ ഇവിടെ ഉണ്ടെന്നാണു സൂചന. യുവാക്കളും വിദ്യാർഥികളുമാണ് ലഹരിമരുന്ന് മാഫിയയുടെ ഇടനിലക്കാരായി പ്രവർത്തിക്കുന്നത്. 

സമീപ ജില്ലകളിൽ നിന്നു എത്തുന്നവരും കഞ്ചാവ് കൈമാറ്റം നടത്തുന്നതിനു താവളമാക്കുന്നതു മുട്ടവും പരിസര പ്രദേശങ്ങളും ആണെന്നാണ് വിവരം.

∙ ബൈക്കിൽ കറങ്ങിനടന്ന് വിൽപന

ലഹരി കടത്തു സംഘങ്ങളുടെയും കച്ചവടക്കാരുടെയും ഇഷ്ട കേന്ദ്രമായി മുട്ടം മാറിയിട്ട് നാളുകളേറെയായി. 

ബൈക്കിൽ കറങ്ങി നടന്നു ലഹരിമരുന്ന് വിൽപന നടത്തുന്നതായും സൂചനയുണ്ട്. പൊലീസിനും എക്‌സൈസ് ഉദ്യോഗസ്ഥർക്കും വിവരം അറിയാമെങ്കിലും പ്രതികളെ പിടികൂടാൻ ശക്തമായ നടപടി ഉണ്ടാകുന്നില്ല. 

അതിർത്തി കടന്നെത്തുന്ന ലഹരിമരുന്ന് വാഗമൺ വഴി മുട്ടം പ്രദേശങ്ങളിലാണ് എത്തുന്നത്. കഞ്ചാവ് വിപണനത്തിനായി സാധാരണക്കാരായ വിദ്യാർഥികളും, യുവാക്കളുമാണ് ഇടനിലക്കാർ ആകുന്നത്.  ഉപഭോക്താവ് ആക്കി മാറ്റിയശേഷം ലഹരിമരുന്ന് കൈമാറ്റം ചെയ്യാൻ ഇവരെ തന്നെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. 

ബൈക്കിൽ അമിതവേഗത്തിൽ പായുന്ന ഇവരാണ് അറക്കുളം, മേലുകാവ്, തൊടുപുഴ, പാലാ തുടങ്ങിയ പ്രദേശങ്ങളിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  ലഹരിമരുന്ന് എത്തിക്കുന്നത്. 

∙ പരിശോധന കാര്യക്ഷമമല്ലെന്ന് നാട്ടുകാർ

മുട്ടത്തു കഞ്ചാവിന്റെ സാന്നിധ്യം കൂടുതലാണെന്നു കണ്ടെത്തിയതിനെ തുടർന്നു നർകോട്ടിക് സംഘം മുൻപ് പരിശോധനയ്ക്ക് എത്തിയിരുന്നു. 

എന്നാൽ ഇപ്പോൾ എക്സൈസിന്റെയും പൊലീസിന്റെയും പരിശോധന കാര്യക്ഷമമല്ലെന്നാണ് നാട്ടുകാർ പറയുന്നത്. ചെക്പോസ്റ്റുകളിലും കാര്യമായ പരിശോധന ഇല്ലാത്തതിനാൽ, ചെറിയ ഇടവേളയ്ക്കു ശേഷം ജില്ലയിൽ കഞ്ചാവ് മാഫിയ പിടിമുറുക്കുകയാണ്.

ഹൈറേഞ്ചിൽ നിന്നു ചെക്പോസ്റ്റ് കടക്കാതെ ലോറേഞ്ച് മേഖലയിൽ എത്താൻ കഴിയുന്ന ഏക മാർഗമാണ് വാഗമൺ റൂട്ട്.  ഇതുവഴി കടത്തിക്കൊണ്ടു വരുന്ന ലഹരി മരുന്നുകളും മറ്റും ഏറെയും കൈമാറ്റം ചെയ്യുന്നത് മുട്ടത്തു വച്ചാണെന്ന് സൂചനയുണ്ട്. 

ഇവിടെനിന്നു കോട്ടയം, എറണാകുളം ജില്ലകളിലേക്കും ഇവ കൈമാറുന്നുണ്ട്. 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama