അടിമാലി ∙ വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന മാങ്കടവ് മേഖലയിലെ വിദ്യാലയങ്ങളിൽ യുപി വിഭാഗവും പ്ലസ്ടു കോഴ്സും അനുവദിക്കണം എന്ന ആവശ്യം ശക്തം.
നായിക്കുന്നിൽ പ്രവർത്തിക്കുന്ന ശ്രീദേവി എൽപി സ്കൂൾ യുപി ആയും മാങ്കടവ് കാർമൽ മാതാ ഹൈസ്കൂളിൽ പ്ലസ്ടുവും അനുവദിച്ചാൽ മേഖലയിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണാൻ കഴിയും.
ശ്രീദേവി എൽപിഎസിൽ നിന്ന് നാലാം ക്ലാസ് പഠനത്തിനുശേഷം വിദ്യാർഥികൾ കിലോമീറ്ററുകൾ ദൂരം സഞ്ചരിച്ചാണ് യുപി സ്കൂളുകളിൽ എത്തുന്നത്. ഇതോടൊപ്പം കാർമൽ മാതാ ഹൈസ്കൂളിൽ നിന്ന് പത്താംക്ലാസ് വിജയിക്കുന്ന കുട്ടികൾ ഉപരിപഠനത്തിനായി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടി വരുന്നുണ്ട്.
കർമ സമിതി രൂപീകരിച്ചത് 2 വർഷം മുൻപ്
2 വർഷം മുൻപ് സ്കൂൾ അധികൃതരും നാട്ടുകാരും ജനപ്രതിനിധികളും യോഗം ചേർന്ന് കർമ സമിതി രൂപീകരിച്ചിരുന്നു. തുടർന്ന് സർക്കാരിൽ നിവേദനം നൽകിയെങ്കിലും നടപടി ഫയലിൽ വിശ്രമത്തിൽ ആണ്. ഗതാഗത സൗകര്യങ്ങൾ കുറവുള്ള മേഖലയാണിത്.
ഇവിടെ നിന്ന് കുട്ടികൾക്ക് യുപി സ്കൂളുകളിൽ എത്തുന്നതിനും പ്ലസ്ടു പഠനത്തിന് പോകുന്നതിനും യാത്രാ ക്ലേശം രൂക്ഷമാണ്. ഇത്തരം സാഹചര്യത്തിൽ അടുത്ത അധ്യയന വർഷത്തിൽ 2 സ്കൂളുകളും അപ്ഗ്രേഡ് ചെയ്യണമെന്ന ആവശ്യം സജീവമായി.