go

ആനവയറു നിറയ്ക്കാൻ...

Idukki-elephants
ആനയിറങ്കിലെ പുൽമേട്ടിൽ മേയുന്ന അരികൊമ്പൻ (ഫയൽ ചിത്രം)
SHARE

രാജകുമാരി ∙ തീറ്റ തേടി കാട്ടാനകൾ ജനവാസ മേഖലകളിൽ ഇറങ്ങി തുടങ്ങിയതോടെ കർഷകർ ആശങ്കയിൽ. ഏതാനും മാസങ്ങൾക്കു ശേഷമാണ് കാട്ടാനകൾ തീറ്റ തേടി നാട്ടിൽ ഇറങ്ങുന്നത്. ഇന്നലെ ചിന്നക്കനാൽ 301 കോളനി, അങ്കണവാടി ഭാഗങ്ങളിൽ എത്തിയ കാട്ടാനകൾ നാട്ടുകാരെ ഭീതിയിലാഴ്ത്തി.  വേനൽക്കാലത്ത് വനത്തിലെ തീറ്റ കുറയുന്നതാണ് കാട്ടാനകൾ കൂട്ടമായി നാട്ടിലിറങ്ങാൻ കാരണം. ഇനിയുള്ള 4 മാസങ്ങളിൽ വേനലിന്റെ ആധിക്യം കൂടുമെന്നതിനാൽ വനാതിർത്തി പങ്കിടുന്ന മേഖലകളിലെ കർഷകർ കടുത്ത ആശങ്കയിലാണ്. വനാന്തരങ്ങളിൽ ഉള്ള ജല സ്രോതസ്സുകൾ വറ്റും എന്നതിനാൽ വനത്തിൽ കൃത്രിമ ജല സംഭരണികൾ നിർമിച്ച് വെള്ളം നിറച്ചാൽ‌ കാട്ടാന ശല്യം ഒരു പരിധി വരെ പരിഹരിക്കാനാവും എന്നാണ് നാട്ടുകാർ പറയുന്നത്. ചിന്നാർ വനമേഖലയിൽ മുൻപ് ഇത്തരത്തിൽ വന്യമൃഗങ്ങൾക്ക് കുടിവെള്ള സൗകര്യം ഒരുക്കിയിരുന്നു.

 പിടികിട്ടാപ്പുള്ളി       അരികൊമ്പൻ

ആനയിറങ്കൽ,മൂലത്തുറ മേഖലകളിൽ ജനവാസമേഖലകളിലിറങ്ങി നാശം വിതയ്ക്കുന്ന അരികൊമ്പനെ മയക്കുവെടിവച്ചു പിടികൂടി കോന്നിയിലേയോ, മലയാറ്റൂരിലെയോ ആനത്താവളത്തിലേക്കു മാറ്റാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിറങ്ങിയിട്ട് മാസങ്ങളായെങ്കിലും വനം വകുപ്പ് നിസ്സംഗത തുടരുകയാണ്.

മാസങ്ങൾക്ക് മുൻപ് കലക്‌ടറേറ്റിൽ വനംമന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച നിർദ്ദേശം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മുന്നോട്ടുവച്ചത്. സർക്കാരിന്റെ അനുമതി ലഭിച്ചതോടെ ചീഫ് ലൈഫ് വാർഡൻ പി.കെ.കേശവൻ അരികൊമ്പനെ പിടികൂടാൻ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും തുടർ നടപടികൾ ഫയലിൽ ഒതുങ്ങി.

അരികൊമ്പനെ നിരീക്ഷിക്കുന്നുണ്ടെന്നും അനുകൂല സാഹചര്യം ഉണ്ടായാൽ പിടികൂടുമെന്നും ആണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇപ്പോഴും പറയുന്നത്. എന്നാൽ കാട്ടാനകൾ മൂലം ആളപായം ഉണ്ടാകുമ്പോൾ മാത്രമാണ് വനം വകുപ്പ് പേരിനെങ്കിലും നടപടികൾ സ്വീകരിക്കുന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്നു. 

 നടപ്പിലാകാത്ത      തീരുമാനങ്ങൾ

വനംവകുപ്പ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ ചിന്നക്കനാൽ മേഖലയിലെ കാട്ടാന ശല്യത്തിന് ശാശ്വതപരിഹാരമായി അക്രമകാരികളായ കാട്ടാനകളെ പിടികൂടി ആനത്താവളങ്ങളിലേക്ക് മാറ്റണമെന്നും ചിന്നക്കനാൽ 301 കോളനിയിലെ അവശേഷിക്കുന്ന താമസക്കാരെയും ഇവിടെ നിന്ന് മാറ്റി പുനരധിവസിപ്പിക്കണമെന്നും നിർദേശിച്ചിരുന്നു.

ഇതിനൊപ്പം എച്ച്എൻഎല്ലിന്റെ ഉടമസ്ഥതയിൽ ചിന്നക്കനാൽ വനമേഖലയിലുള്ള ഭൂമി പുൽ പ്രദേശമായി നിലനിർത്തി കാട്ടാനകൾക്ക് ആവാസമൊരുക്കാനും ആനയിറങ്കൽ ജലാശയത്തിനോട് ചേർന്ന പുൽമേടുകളിൽ കന്നുകാലികളെ മേയ്ക്കുന്നതിന് നിരോധനം കൊണ്ടുവരാനും വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശാന്തൻപാറയിൽ ചേർന്ന ജന ജാഗ്രത സമിതിയിൽ തീരുമാനമെടുത്തിരുന്നു. എന്നാൽ തീരുമാനങ്ങളെല്ലാം വെള്ളത്തിലെ വര പോലെയായി എന്നാണ് നാട്ടുകാർ പറയുന്നത്.

 പദ്ധതികൾ     ഏറെയുണ്ട് പക്ഷേ...

ജനവാസ മേഖലകളിലെ വന്യ ജീവി ആക്രമണം തടയുന്നതിന് കിഫ്ബിയുടെ സഹായത്തോടെ സർക്കാർ 73.61 കോടി രൂപ അനുവദിച്ചിരുന്നു. കാട്ടാന ശല്യം ഉള്ള സ്ഥലങ്ങളിൽ താമസിക്കുന്ന 497 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ ഓരോ കുടുംബത്തിനും 10 ലക്ഷം രൂപയാണ് അനുവദിച്ചത്. 

42 കിലോമീറ്റർ ദൂരത്തിൽ ക്രാഷ് ഗാർഡ് ഫെൻസിങ് സ്ഥാപിക്കാൻ 21 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ വനാതിർത്തി പങ്കിടുന്ന മേഖലകളിലും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama