go

കാട്ടുപടവലക്കൊടിയിലുടക്കി വനംവകുപ്പും ഇടനിലക്കാരും

Idukki-marayoor-kattupadavalam
മറയൂരിൽ നിന്നു ഔഷധശാലയിലേക്കായി സംഭരിക്കുന്ന കാട്ടുപടവലം
SHARE

മറയൂർ ∙ വർഷങ്ങൾക്കു മുൻപ് ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് വനംവകുപ്പ് കരകയറ്റിയ കാട്ടു പടവലക്കൊടിക്ക് വീണ്ടും ഇടനിലക്കാരുടെ ഭീഷണി. ഔഷധഗുണമുള്ള കാട്ടുപടവലക്കൊടി അഞ്ചുനാട് മലനിരകളിലെ ആദിവാസികോളനികളിൽ പരിപോഷിച്ച് വളരുന്നുണ്ട്. 

113 ആയുർവേദ മരുന്നുകളുടെ ഉൽപാദനത്തിനുള്ള പ്രധാന ചേരുവയാണ് കാട്ടുപടവലം. ഇത്തരത്തിലുള്ള പടവലക്കൊടി പ്രദേശത്ത് നിന്ന് കച്ചവടക്കാർ ധാരാളം സംഭരിച്ച് വന്നിരുന്നുവെങ്കിലും ആദിവാസികളുൾപ്പെടെയുള്ള കർഷകർക്ക് വേണ്ടത്ര വില ലഭിച്ചില്ല.

കിലോയ്ക്ക് 10 മുതൽ 30 രൂപ വരെ മാത്രം നൽകി കർഷകരെ ചൂഷണം ചെയ്തു വന്ന സാഹചര്യത്തിലാണ് 2014 ൽ വനംവകുപ്പ്് ആദിവാസികളുടെ കാർഷിക ഉൽപന്നങ്ങൾക്ക് ന്യായവില ലഭിക്കുന്നതിനായി ‘ചില്ല’ എന്ന ലേല വിപണന കേന്ദ്രം ആരംഭിച്ച് അതിലൂടെ കാട്ടു പടവലക്കൊടിയും വിറ്റഴിച്ചുവരുന്നത്. 

വനംവകുപ്പ് സംഭരിച്ച് വിൽപന തുടങ്ങിയതോടെ കിലോയ്ക്ക് ലഭിച്ചത് 250 രൂപയാണ്. തുടർന്നാണ് ആദിവാസികളും മറ്റ് കർഷകരും കാട്ടു പടവലക്കൊടിയുടെ വിലയിലെ മഹിമയറിഞ്ഞ് കൃഷിക്ക് മുൻതൂക്കം നൽകിയത്.

കൂടുതലും സംഭരിക്കുന്നത് ജനുവരി മുതൽ ജൂൺ മാസം വരെ ആയതിനാൽ ഇപ്പോൾ വിളവെടുപ്പ് തുടങ്ങിയിരിക്കുകയാണ്. വനംവകുപ്പ് 177 രൂപയാണ് കാട്ടു പടവലക്കൊടിക്ക് വിലയായി നൽകുന്നത്. ഇതിനിടയിലാണ് കർഷകരെ കയ്യിലെടുക്കാൻ വനംവകുപ്പിന്റെ വിലയെ വെല്ലുവിളിച്ച് ഇടനിലക്കാർ കിലോയ്ക്ക് 200 രൂപ നൽകി സംഭരിക്കുന്നത്.

ഇത്തരത്തിൽ നൽകുന്ന വില നിരന്തരമായ വിലയല്ല എന്നാണ് വനസംരക്ഷണ സമിതിയുടെ അഭിപ്രായം. നിലവിൽ വില ഉയർത്തി എടുത്ത് കർഷകരെ കയ്യിലെടുക്കുകയും പിന്നീട് പരമാവധി സംഭരിച്ച് കഴിയുമ്പോൾ വിലയിടിഞ്ഞുവെന്നു കാണിച്ച് തുച്ഛമായ വിലയ്‌ക്കെടുക്കാനുള്ള തന്ത്രമാണ് ഇടനിലക്കാർ മെനയുന്നതെന്നു വനംവകുപ്പ് അധികൃതർ പറഞ്ഞു. വനംവകുപ്പ് കോട്ടയ്ക്കൽ ആര്യവൈദ്യശാലയുമായി കരാർ അടിസ്ഥാനത്തിൽ കാട്ടു പടവലക്കൊടി സംഭരിച്ച് നൽകുന്നതാണ് ന്യായവില ലഭിക്കാൻ കാരണമായത്.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama