നെടുങ്കണ്ടം∙ സംസ്ഥാനാന്തര പാതയായ തേവാരം–തേവാരംമെട്ട് റോഡ് തമിഴ്നാട് അടച്ചതിനാൽ വിശ്വാസികൾക്ക് എത്താനാവാതെ കാടിനുള്ളിലെ തേവാരംമെട്ട് ചാക്കുളത്തിമേടു മാരിയമ്മൻ ക്ഷേത്രം കാടുപിടിച്ചു നശിക്കുന്ന അവസ്ഥയിൽ. അരനൂറ്റാണ്ട് പഴക്കമുള്ളതാണ് തമിഴ്നാട് വനാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ചാക്കുളത്തിമേട് മാരിയമ്മൻ ക്ഷേത്രം. തമിഴ്നാട്ടിൽ നിന്നും, തോട്ടം മേഖലയിൽ നിന്നും എത്തുന്ന ഒട്ടേറെ വിശ്വാസികൾ ക്ഷേത്രത്തിൽ കാൽനടയായി എത്താറുണ്ടായിരുന്നു.
തേവാരം –തേവാരംമെട്ട് സംസ്ഥാനാന്തരപാത നിർമാണ പ്രവർത്തനങ്ങൾക്ക് തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് 6.5 കോടി രൂപ അനുവദിച്ചെങ്കിലും നിർമാണ പ്രവർത്തനങ്ങൾ പാതി വഴിയിൽ നിലച്ചു. റോഡ് യാഥാർഥ്യമായാൽ ക്ഷേത്രത്തിലേക്കു ഇനിയും വിശ്വാസികളെത്തും. കേരളത്തിൽനിന്നു തേനി, മധുര, മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിലേക്കു 30 കിലോമീറ്ററിന്റെ കുറവുണ്ടാകും.
6 മാസം മുൻപ് തമിഴ്നാട് മന്ത്രിമാരും കേരളത്തിലെ നേതാക്കളും നടത്തിയ ചർച്ചയെ തുടർന്നാണു റോഡിനു ഫണ്ട് അനുവദിച്ചത്. റോഡിന്റെ പ്രാധാന്യത്തെപ്പറ്റി കേരള നേതാക്കൾ തമിഴ്നാട് മന്ത്രിമാരെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണു റോഡ് നിർമാണത്തിനു തുക അനുവദിച്ചത്.
കേരള അതിർത്തിയായ തേവാരംമെട്ടിൽ നിന്നും 5 കിലോമീറ്റർ ദൂരമാണ് തേവാരത്തിനുള്ളത്. റോഡ് ഗതാഗത യോഗ്യമാകുന്നതോടെ ഹൈറേഞ്ചിനു വലിയ നേട്ടമുണ്ടാകും. തമിഴ്നാട്ടിൽ പഠിക്കുന്ന വിദ്യാർഥികൾ, വിവിധ ആവശ്യങ്ങൾക്കു തമിഴ്നാട്ടിലേക്കു പോകുന്ന യാത്രക്കാർ, വ്യാപാരികൾ തുടങ്ങിയവർക്ക് എളുപ്പ മാർഗമാകും.
വർഷങ്ങൾക്കു മുൻപു തമിഴ്നാട് വനംവകുപ്പ് ചന്ദന റിസർവെന്ന പേരിലാണു വനത്തിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു ചെക്പോസ്റ്റ് സ്ഥാപിച്ചത്. എന്നാൽ വനത്തിൽ ഒരു ചന്ദനമരം പോലുമില്ല. ഹൈറേഞ്ചിലെ ഏലം, കുരുമുളക് എന്നിവ തമിഴ്നാട്ടിലെത്തിച്ചു കച്ചവടം നടത്തുന്നതിനു വ്യാപാരികൾ പ്രധാന പാതയായി ഉപയോഗിച്ചിരുന്ന റോഡാണു തമിഴ്നാട് വനംവകുപ്പ് അടച്ചത്.