go

തമിഴ്നാട് ട്രാൻസ്പോർട്ട് ബസുകളോട് കല്ലാറുകാർ : വന്ന വഴി മറക്കരുത് !

SHARE

നെടുങ്കണ്ടം ∙ റോഡ് നന്നായപ്പോൾ കല്ലാറിനെ അവഗണിച്ച് തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപറേഷൻ ബസുകൾ. 

വർഷങ്ങളായി കല്ലാർ വഴി സർവീസ് നടത്തിയിരുന്ന ബസുകളാണ് താന്നിമൂട് റോഡ് ഗതാഗത യോഗ്യമായതോടെ അതുവഴി പോകുന്നത്. 

നെടുങ്കണ്ടത്തു നിന്നു കമ്പംമെട്ട് വഴി കമ്പത്തിന് ഒട്ടേറെ സർവീസുകളാണ് ഉള്ളത്. നെടുങ്കണ്ടത്ത് ആരംഭിച്ച് കല്ലാർ - മുണ്ടിയെരുമ - തൂക്കുപാലം വഴിയാണ് 20 വർഷത്തിൽ അധികമായി ബസുകൾ കമ്പത്തേക്ക് സർവീസ് നടത്തിയിരുന്നത്. 

എന്നാൽ താറുമാറായി കിടന്നിരുന്ന കിഴക്കേകവല - താന്നിമൂട് റോഡ് ഗതാഗത യോഗ്യമാക്കിയതോടെ തമിഴ്‌നാട് ബസുകൾ സർവീസ് താന്നിമൂട് വഴിയാക്കി. നിലവിൽ തൂക്കുപാലം വഴി നെടുങ്കണ്ടത്തേക്കുള്ള ബസുകൾക്ക് കല്ലാർ വഴിയാണ് റൂട്ട് അനുവദിച്ചിരിക്കുന്നത്. 

തമിഴ്‌നാട് ബസുകളും ഈ റൂട്ടിൽ തന്നെയാണ് സർവീസ് നടത്തേണ്ടത്. 

ദശാബ്ദങ്ങളായി കല്ലാർ വഴിയുണ്ടായിരുന്ന സർവീസുകൾ റൂട്ട് മാറിയതോടെ വെട്ടിലാകുന്നത് ഇതറിയാതെ കല്ലാറിൽ എത്തുന്ന യാത്രക്കാരാണ്. 

രാവിലെ മുതൽ നിശ്ചിത ഇടവേളകളിൽ നെടുങ്കണ്ടത്ത് നിന്നും കമ്പത്തിനും തിരിച്ചും സർവീസുകൾ ഉണ്ട്. 

അന്തർ സംസ്ഥാന, ദീർഘദൂര യാത്രകൾക്കായും വിവിധ ആവശ്യങ്ങൾക്കായും തമിഴ്‌നാട്ടിലേക്ക് പോകുന്നതിനും ഒട്ടേറെയാളുകൾ ഈ സർവീസുകളെ പ്രയോജനപ്പെടുത്തുന്നുണ്ട്.

പുലർകാല ബസുകൾ ലഭിക്കുന്നതിനായി ഹൈറേഞ്ചിന്റെ വിവിധ മേഖലകളിൽ നിന്ന് ആളുകൾ കല്ലാറിൽ എത്തി തമിഴ്‌നാട് ബസ് കാത്ത് നിൽക്കാറുണ്ട്. 

നിശ്ചിത സമയം കഴിഞ്ഞിട്ടും ബസ് ലഭ്യമാകാതെ വരുന്നതോടെയാണ് ബസ് റൂട്ട് മാറിയ വിവരം പലരും അറിയുന്നത്. 

പിന്നീട് മണിക്കൂറുകൾക്കു ശേഷം മാത്രമാകും അടുത്ത സർവീസ്. സമാന്തര സർവീസുകളേയും മറ്റും ആശ്രയിച്ച് യാത്ര തുടരേണ്ട അവസ്ഥയിലാവും യാത്രികർ. 

നെടുങ്കണ്ടം - കമ്പം മേഖലയിലെ യാത്രക്കാർക്ക് ആനുപാതികമായി നിലവിൽ സർവീസുകൾ ഇല്ല. ദശാബ്ദങ്ങൾക്ക് മുൻപ് ആരംഭിച്ച അതേ സർവീസുകളാണ് ഇപ്പോഴും ഉള്ളത്.

വേണം കെഎസ്ആർടിസി

കെഎസ്ആർടിസി കമ്പത്തിന് സർവീസ് നടത്തുമെന്ന് ഇടയ്ക്കിടെ പ്രഖ്യാപിക്കുമെങ്കിലും ഇതുവരേയും നടപടിയായിട്ടില്ല. 

ആവശ്യത്തിന് സർവീസുകൾ ഇല്ലാത്ത സാഹചര്യത്തിലാണ് ഉള്ള ബസുകൾ കല്ലാറിനെ ഒഴിവാക്കി സർവീസ് നടത്തുന്നത്. താന്നിമൂട് റോഡ് നന്നാക്കിയതോടെ ചില സ്വകാര്യ ബസുകളും കല്ലാറിൽ എത്താൻ മടിക്കുന്നുണ്ട്. 

രാത്രി കാലങ്ങളിൽ ടൗണിലെത്തുന്ന ദീർഘ ദൂര സർവീസുകളിൽ ചിലത് താന്നിമൂട് വഴി സർവീസ് നടത്തി കല്ലാറിലേക്കുള്ള ആളുകളെ നെടുങ്കണ്ടത്ത് എത്തിക്കുകയാണ് ചെയ്യുന്നത്. നെടുങ്കണ്ടം കമ്പം റൂട്ടിൽ കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമായി.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama