go

അധ്വാനം ചവിട്ടിമെതിച്ച് മൃഗങ്ങൾ ; നിസ്സഹായരായി കർഷകർ

കാട്ടുപന്നിയെ തടയാൻ കൃഷിയിടത്തിൽ സാരികൊണ്ടു വേലി നിർമിച്ച് മരച്ചീനി കൃഷി നടത്തുന്നു.
കാട്ടുപന്നിയെ തടയാൻ കൃഷിയിടത്തിൽ സാരികൊണ്ടു വേലി നിർമിച്ച് മരച്ചീനി കൃഷി നടത്തുന്നു.
SHARE

ചെറുതോണി, രാജകുമാരി, അടിമാലി ∙ ‘‘റബറും നാണ്യവിളകളും തുടർച്ചയായി ചതിച്ചപ്പോൾ തന്നാണ്ടു വിളകളിലേക്ക് തിരിഞ്ഞതാ. എന്നാൽ കാട്ടുപന്നി നിലം തൊടീക്കുന്നില്ല’’– വാഴത്തോപ്പിലെ ആദ്യകാല കർഷകരിൽ ഒരാളായ തൊമ്മൻ ജോസഫ് പറയുന്നു. ഹൈറേഞ്ചിലെ മിക്കവാറും കർഷകരുടെ അവസ്ഥ ഇതാണ്.

കാട്ടാന മുതൽ കാട്ടുകോഴി വരെ കൃഷിയിടങ്ങളിലിറങ്ങുന്നു. വന്യമൃഗങ്ങളുടെ അക്രമം ഭയന്ന് കർഷകർ ഇപ്പോൾ കൃഷിയിടങ്ങളിലേക്ക് കയറാൻ തന്നെ ഭയക്കുകയാണ്.

മരച്ചീനി ചുവടെ പറിച്ച് ചുമന്നുകൊണ്ടു പോകുന്ന കുരങ്ങുകൾ കൊക്കോ കായ്‌കൾ മൂപ്പെത്താൻ പോലും സമ്മതിക്കുന്നില്ല. ജില്ലാ ആസ്ഥാന മേഖലയിൽ പാണ്ടിപ്പാറയിലും മരിയാപുരത്തും വിമലഗിരിയിലും കരിമ്പൻ കാനം ഭാഗങ്ങളിലുമെല്ലാം ശല്യം രൂക്ഷമാണ്.

ജീവനുതന്നെ ഭീഷണിയായി കാട്ടാന

ശാന്തൻപാറ, ചിന്നക്കനാൽ, മറയൂർ, വട്ടവട, ദേവികുളം പഞ്ചായത്തുകളിലും മറയൂർ, കാന്തല്ലൂർ മേഖലയിലും കാട്ടാനകൾ കൃഷിയിടങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്. മേഖലയിൽ കർഷകരുടെ ജീവനുപോലും ആന ഭീഷണിയാകുന്നു. കഴിഞ്ഞ സീസണിൽ മാത്രം 10 ഹെക്ടറോളം സ്ഥലത്തെ ഏലം കൃഷി കാട്ടാനകൾ ചവിട്ടി നശിപ്പിച്ചിട്ടുണ്ട്.

ഏലം, കരിമ്പ്, പച്ചക്കറി തുടങ്ങിയ വിളകളാണ് കാട്ടാനകൾ നശിപ്പിക്കുന്നത്. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഏലത്തോട്ടങ്ങളിൽ കാട്ടാനകളെ പ്രതിരോധിക്കാൻ വൈദ്യുത വേലികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് ശാശ്വത പരിഹാരമല്ല. വന്യജീവികൾ കൃഷി നശിപ്പിക്കുമ്പോൾ കർഷകർക്ക് ലഭിക്കുന്ന നഷ്ടപരിഹാര തുക സർക്കാർ വർധിപ്പിച്ചിട്ടുണ്ടെങ്കിലും നടപടിക്രമങ്ങൾ അനന്തമായി നീളുന്നത് കർഷകർക്ക് തിരിച്ചടിയാണ്.

വനാതിർത്തിയിൽ ഒരു കിലോമീറ്ററിലധികം ദൂരത്തിൽ ഉരുക്കു വട വേലി സ്ഥാപിച്ചതോടെ മാങ്കുളം പഞ്ചായത്തിൽ കാട്ടാനകൾ കൃഷിയിടത്തിൽ ഇറങ്ങുന്നതിന് അൽപം കുറവുണ്ട്. മറ്റ് സ്ഥലങ്ങളിലും ഉരുക്കു വട വേലി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കാട്ടുപന്നി ശല്യം രൂക്ഷം

താളുംകണ്ടം, പാമ്പുംകയം, മാങ്കുളം ടൗൺ എന്നിവിടങ്ങളിൽ കൂട്ടത്തോടെയെത്തുന്ന കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് വ്യാപകം. താളുംകണ്ടം മുതുപ്ലാക്കൽ ബൈജു അഗസ്റ്റ്യന്റെ കൃഷിയിടത്തിൽ കഴിഞ്ഞ ദിവസം എത്തിയ പന്നികൾ അര ഏക്കറോളം സ്ഥലത്തെ പച്ചക്കറി കൃഷി നശിപ്പിച്ചു. നെല്ലംകുഴിയിൽ ഷാജന്റെ ചേന കൃഷിയും നശിപ്പിച്ചിട്ടുണ്ട്.

പാമ്പുംകയം മാടപ്പിള്ളി നന്ദകുമാർ, തോട്ടമറ്റം സണ്ണി എന്നിവരുടെ കൃഷിയിടത്തിലെ കുരുമുളക് ചെടികളാണ് നശിപ്പിച്ചത്. 3 മാസം മുൻപ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പാമ്പുംകയം തോട്ടപ്പിള്ളിൽ ഷാജി തോമസ്(57) ന്റെ വാരിയെല്ലുകൾ തകർന്നിരുന്നു. ഇതു സംബന്ധിച്ച് പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കാൻ വനം വകുപ്പ് അധികൃതർ തയാറായിട്ടില്ല.

മാങ്കുളം മിനി ജല വൈദ്യുത പദ്ധതിക്കായി സർക്കാർ ഏറ്റെടുത്ത സ്ഥലമാണ് പന്നികളുടെ താവളം എന്ന് നാട്ടുകാർ പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലം പൊന്തക്കാടുകളും മുൾ പടർപ്പുകളും  മൂടിയ നിലയിലാണ്.

അവസാന അടവായി സാരി വേലിയും

വനമേഖലയിൽ പരീക്ഷിച്ചു വിജയിച്ച സോളർ വേലി ഇല്ലാത്ത സ്ഥലങ്ങളിൽ കാട്ടുപന്നികളെ അകറ്റാൻ കർഷകരുടെ സാരി വേലി പരീക്ഷണം.പഴയ സാരികൾ കൃഷിയിടത്തിനു ചുറ്റും വലിച്ചുകെട്ടിയാണ് സാരി വേലി തീർക്കുന്നത്. 4 സാരി കൊണ്ട് വേലികെട്ടിയാൽ 50 മൂട് കപ്പ മൂപ്പെത്തി വിളവെടുക്കാനാകുമെന്ന് ഇവർ പറയുന്നു.

നാളെ, കുടുംബങ്ങളിലേക്ക് ജപ്തി നോട്ടിസുകൾ.  എന്തുചെയ്യുമെന്നറിയാതെ കർഷകർ

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama