go

സബ് കലക്ടറെ പിന്തുണച്ച് റവന്യു മന്ത്രിയും സിപിഐയും

SHARE

തൊടുപുഴ ∙ ദേവികുളം സബ് കലക്ടർ ഡോ. രേണു രാജിനെ എസ്. രാജേന്ദ്രൻ എംഎൽഎ അധിക്ഷേപിച്ച സംഭവത്തിൽ  സബ് കലക്ടറെ  പിന്തുണച്ച് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ ഇന്നലെ രംഗത്തെത്തി. സബ് കലക്ടറുടെ നിലപാട് നടപടി ക്രമം അനുസരിച്ചാണെന്നു കാഞ്ഞങ്ങാട്ട് പറഞ്ഞ മന്ത്രി ഇക്കാര്യത്തിൽ സബ് കലക്ടർക്ക് വകുപ്പിന്റെയും സർക്കാരിന്റെയും പൂർണ പിന്തുണയുണ്ടെന്നും പറഞ്ഞു. ഈ വിഷയത്തിൽ മറ്റാരുടെയെങ്കിലും ഭാഗത്തു തെറ്റുണ്ടോയെന്നു പരിശോധിക്കേണ്ടത് അവർ തന്നെയാണെന്നു എസ്.രാജേന്ദ്രൻ എംഎൽഎയുടെ പേരു പരാമർശിക്കാതെ മന്ത്രി  പറഞ്ഞു. 

അതേസമയം, മൂന്നാറിൽ  സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന്റെ അനധികൃത മണ്ണെടുപ്പ് ദേവികുളം സബ് കലക്ടർ ഇടപെട്ട് നിർത്തി വയ്പിച്ചു. ഇക്കാ നഗറിൽ എസ്. രാജേന്ദ്രന്റെ വീടിനു സമീപം താമസിക്കുന്ന ജില്ലാ കമ്മിറ്റി അംഗം എം. ലക്ഷ്മണന്റെ സ്ഥലത്തെ മണ്ണെടുപ്പാണു തഹസിൽദാർ എത്തി നിർത്തി വയ്പ്പിച്ചത്. ഇന്നലെ രാവിലെ സബ് കലക്ടർ ഡോ.രേണു രാജ് സ്ഥലം സന്ദർശിച്ചു. 

സിപിഎം  ജില്ലാ സെക്രട്ടറി ജയചന്ദ്രൻ, ഇന്നലെ രണ്ടുവട്ടം രാജേന്ദ്രനെ വിളിച്ചിരുന്നു.   രാജേന്ദ്രൻ നടത്തിയ പരാമർശങ്ങൾ പരിശോധിക്കുമെന്നും വിശദീകരണം തേടിയതായും ജയചന്ദ്രൻ പറഞ്ഞു. 

സബ് കലക്ടറെ വിമർശിച്ച രാജേന്ദ്രന്റെ നടപടി തെറ്റാണെന്നു സിപിഐ ജില്ലാ സെക്രട്ടറി എസ്. ശിവരാമൻ പറഞ്ഞു. 

പരാമർശങ്ങൾ ആർക്കെങ്കിലും വേദനയുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായും,  സർക്കാർ പദ്ധതികൾക്ക് അനുമതി പത്രം (എൻഒസി) വേണമെന്ന സബ് കലക്ടറുടെ നിലപാടിനോട് യോജിക്കാനാകില്ലെന്നും രാജേന്ദ്രൻ പറഞ്ഞു. 

 നിർമാണം തടയാൻ റവന്യു ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോൾ എംഎൽഎയെ ഫോണിൽ വിളിച്ചപ്പോൾ, അവരാണ് തന്നെ അധിക്ഷേപിച്ചത്.  ‘‘എംഎൽഎ എന്നു പറഞ്ഞാണ് അവർ എന്നെ അഭിസംബോധന ചെയ്തത്.  പറഞ്ഞാൽ പറഞ്ഞതാണെന്നും നിർമാണം നിർത്തി വയ്ക്കാൻ പറഞ്ഞാൽ നിർത്തി വയ്ക്കണമെന്നും സബ് കലക്ടർ പറഞ്ഞു.  സബ് കലക്ടറെ അധിക്ഷേപിച്ചിട്ടില്ല.  അവൾ എന്നത് അത്ര മോശം വാക്കല്ല. എംഎൽഎ എന്നു വിളിച്ചതിലൂടെ അവർ പ്രോട്ടോകോൾ ലംഘനമാണു നടത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ, താൻ തന്റെ പണി നോക്ക് എന്നു പറഞ്ഞ് സബ് കലക്ടർ ഫോൺ കട്ടു ചെയ്തു’’.  രാജേന്ദ്രൻ പറയുന്നു. 

  അതേസമയം, എംഎൽഎയോടു അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും, എംഎൽഎ എന്നു വിളിച്ചാണു അദ്ദേഹത്തോടു സംസാരിച്ചതെന്നും സബ് കലക്ടർ പറഞ്ഞു.  എംഎൽഎ തന്നെ ഫോണിൽ വിളിച്ച് അധിക്ഷേപിച്ചു സംസാരിച്ചു. നിർമാണം തുടരുമെന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഇതിനെതിരെ നടപടിയെടുക്കുമെന്നു മാത്രമാണു പറഞ്ഞത്. 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama