go

രാജേന്ദ്രനെ തള്ളി സിപിഎം; കടുത്ത നടപടിക്കു സാധ്യത

idukki-cpm-skech
SHARE

തൊടുപുഴ ∙ ദേവികുളം സബ് കലക്ടർക്കെതിരെ നടത്തിയ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ എസ്.രാജേന്ദ്രൻ എംഎൽഎയ്ക്കെതിരെ കർശന നടപടിയെടുക്കാൻ സിപിഎം ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. രാജേന്ദ്രന്റെ പരാമർശങ്ങളെ പാർട്ടി പൂർണമായും തള്ളിക്കളയുന്നതായും ജില്ലാ സെക്രട്ടറിയേറ്റിന്റെ പത്രക്കുറിപ്പിൽ പറയുന്നു.

കട്ടപ്പനയിൽ  അടിയന്തരമായി ചേർന്ന ജില്ലാ സെക്രട്ടറിയേറ്റിലും തുടർന്നു നടന്ന ജില്ലാ കമ്മിറ്റിയിലും രാജേന്ദ്രനെതിരെ രൂക്ഷ വിമർശനമാണുയർന്നത്. ജനപ്രതിനിധിയെന്ന നിലയിൽ സാമാന്യ മര്യാദ പോലും രാജേന്ദ്രൻ കാണിച്ചില്ലെന്നും വാക്കുകൾ സൂക്ഷിച്ചുപയോഗിക്കേണ്ടതായിരുന്നുവെന്നും  ഭൂരിഭാഗം അംഗങ്ങളും പറഞ്ഞു. രാജേന്ദ്രനെതിരെയുള്ള നടപടി ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ടു ചെയ്ത ശേഷം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി സമർപ്പിക്കുമെന്നാണു സൂചന. നടപടിയെടുത്തില്ലെങ്കിൽ പാർട്ടിക്ക് വൻ തിരിച്ചടിയുണ്ടാകുമെന്ന അഭിപ്രായവും ഉയർന്നു.  ശാസനയോ താക്കീതോ നൽകരുതെന്നും കടുത്ത നടപടിയെടുക്കണമെന്നുമാണു ജില്ലാ സെക്രട്ടറിയേറ്റിലെ ആവശ്യം.

idukki-paper-cuting

എംഎൽഎയുടെ പരാമർശം ശരിയല്ലെന്നും പാർട്ടിയുടെ കാഴ്ചപ്പാടിനു വിരുദ്ധമാണിതെന്നും ജില്ലാ സെക്രട്ടറിയേറ്റിന്റെ പത്രക്കുറിപ്പിൽ പറയുന്നു.    ജനപ്രതിനിധി എന്ന നിലയിൽ എംഎൽഎ പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കാണുകയാണ് വേണ്ടിയിരുന്നത്. എന്നാൽ, ദൗർഭാഗ്യകരമായി സബ് കലക്ടർക്കെതിരെ അദ്ദേഹത്തിൽനിന്ന് മോശമായ പ്രതികരണമുണ്ടായി. ഇക്കാര്യത്തിൽ പാർട്ടി ചർച്ചചെയ്ത് ഉചിതമായ നടപടി സ്വീകരിക്കും.

ഉദ്യോഗസ്ഥർക്കെതിരെ പലതവണ മോശമായ പരാമർശം രാജേന്ദ്രൻ നടത്തിയിട്ടുണ്ടങ്കിലും പാർട്ടി വിശദീകരണം തേടുന്നത് ആദ്യമാണ്.    സ്ത്രീ ശാക്തീകരണത്തിനും സ്ത്രീപുരുഷ സമത്വത്തിനും വേണ്ടിയാണ് സിപിഎം നിലകൊള്ളുന്നത്. എംഎൽഎ, മാധ്യമങ്ങളിലൂടെ നടത്തിയ അഭിപ്രായ പ്രകടനങ്ങളോടും പാർട്ടി യോജിക്കുന്നില്ല. മൂന്നാർ പഞ്ചായത്ത് ഭരിക്കുന്നത് കോൺഗ്രസാണ‌്. ഇടുക്കി ഡിസിസി അംഗമായ കറുപ്പുസ്വാമിയാണ് പഞ്ചായത്ത് പ്രസിഡന്റ്.  കറുപ്പുസ്വാമി, ജില്ലാ പഞ്ചായത്തംഗം വിജയകുമാർ, മറ്റു കോൺഗ്രസ് നേതാക്കൾ എന്നിവർ ചേർന്നാണ് ഉദ്യോഗസ്ഥരെ വിരട്ടി ഓടിച്ചത്. ഇതിനുശേഷം എംഎൽഎയെ പ്രസിഡന്റും സംഘവും വിളിച്ചുവരുത്തുകയായിരുന്നുവെന്നും പത്രക്കുറിപ്പിൽ പറയുന്നു.

കോടതി ഉത്തരവ് അവഗണിച്ച് നിർമാണം തുടർന്നതായി സബ്കലക്ടറുടെ റിപ്പോർട്ട്

ൂകൊച്ചി ∙ മൂന്നാറിൽ പഞ്ചായത്തിന്റെ അനധികൃത നിർമാണം നിർത്തിവയ്ക്കാൻ കലക്ടറുടെ നിർദേശപ്രകാരമാണു പഞ്ചായത്ത് സെക്രട്ടറിയോട്  ആവശ്യപ്പെട്ടതെന്ന് സബ്കലക്ടർ ഡോ. രേണു രാജ് അഡീഷനൽ അഡ്വക്കറ്റ് ജനറലിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. എങ്കിലും കോടതി ഉത്തരവും സബ്കലക്ടറുടെ നിർദേശവും അവഗണിച്ചു നിർമാണം തുടരുകയായിരുന്നു. മൂന്നാർ സ്പെഷൽ ട്രൈബ്യൂണലിന്റെ കീഴിൽ വരുന്ന 8 വില്ലേജുകളിൽ നിർമാണങ്ങൾക്ക് റവന്യൂ വകുപ്പിന്റെ അനുമതി വേണമെന്നു 2010 ജനുവരി 21നു ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു.

തുടർന്ന്, മൂന്നാർ, പള്ളിവാസൽ, ചിന്നക്കനാൽ, ദേവികുളം പഞ്ചായത്തുകൾക്ക് ഇടുക്കി പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ  2010 ഫെബ്രുവരി 15നു കത്ത് മുഖേന നിർദേശം നൽകിയിട്ടുള്ളതാണ്. ടാറ്റ ടീ മൂന്നാർ പഞ്ചായത്തിനു സൗജന്യമായി നൽകിയ ഭൂമിയിൽ റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ നിർമാണം നടക്കുന്നതായി പരാതി കിട്ടി. ജില്ലാ കലക്ടറുടെ എൻഒസി ഇല്ലെന്നു ബോധ്യപ്പെട്ടതോടെ 2019 ഫെബ്രുവരി അഞ്ചിനു സ്റ്റോപ് മെമോ നൽകി. പിറ്റേന്ന് മൂന്നാർ പഞ്ചായത്ത് സെക്രട്ടറി അതു  കൈപ്പറ്റിയതായി മൂന്നാർ വില്ലേജ് ഓഫിസർ റിപ്പോർട്ട് ചെയ്തു.

സ്റ്റോപ് മെമോ ലംഘിച്ചും നിർമാണം നടക്കുന്നത് അറിഞ്ഞ് സത്യാവസ്ഥ പരിശോധിക്കാൻ മൂന്നാർ സ്പെഷൽ വില്ലേജ് ഓഫിസറെയും ഭൂസംരക്ഷണ സേനാംഗങ്ങളെയും അയച്ചെങ്കിലും നിർമാണ കരാറുകാരനും പഞ്ചായത്ത് അംഗങ്ങളും അവരെ അധിക്ഷേപിച്ച്, പണി തുടർന്നു. തുടർന്ന് ദേവികുളം (ഭൂരേഖാ) തഹസിൽദാർ ഉമാശങ്കറിനെ അയച്ചു. മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ്, മെംബർമാർ എന്നിവരുടെ നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെടെ സംഘടിച്ചിട്ടുണ്ടെന്ന് അറിഞ്ഞ്, മൂന്നാർ എസ്ഐയോട് അവിടെ പോകാൻ ഫോണിലൂടെ ആവശ്യപ്പെട്ടു. നിർമാണം നിർത്തിവയ്പിക്കാനും ഉദ്യോഗസ്ഥർക്കു സംരക്ഷണം നൽകാനും മൂന്നാർ ഡിവൈഎസ്പിക്ക് ഇ–മെയിൽ മുഖേന നിർദേശം നൽകുകയും ചെയ്തിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. 

ദൗത്യം നിയമം നടപ്പാക്കുക

idukki-renu-raj-1

സിവിൽ സർവീസ് പരിശീലനത്തിനിടെ മസൂറിയിൽ ക്രോസ് കൺട്രിയിൽ പങ്കെടുത്തിട്ടുണ്ട്. ദിവസവും ഓടാൻ പോകാറുണ്ട്. ഔദ്യോഗിക ജീവിതത്തിലെ ടെൻഷനൊന്നും ബാധിക്കാറില്ല.  നിയമം നടപ്പാക്കുക മാത്രമാണു ദൗത്യം. പഠനകാലയളവിൽ രാഷ്ട്രീയ പാർട്ടികളുമായോ വിദ്യാർഥി സംഘടനകളുമായോ ബന്ധമുണ്ടായിരുന്നില്ല. സബ് കലക്ടർ ഡോ. രേണു രാജ്

മൂന്നാറിലെ ഭൂമി കയ്യേറ്റം ഇങ്ങനെ....

അന്യാധീനപ്പെട്ടു കിടക്കുന്ന സർക്കാർ ഭൂമി കണ്ടെത്തുന്നു.
വ്യാജ രേഖ ഉണ്ടാക്കുന്നു.
കൈയേറുന്നു. ഷെഡുകൾ കെട്ടുന്നു.
ഉദ്യോഗസ്ഥർ നടപടിക്കെത്തിയാൽ രാഷ്ട്രീയക്കാരുടെ സഹായത്തോടെ ഭീഷണിപ്പെടുത്തുന്നു.
വ്യാജ രേഖകളുടെ പിൻബലത്തോടെ നിയമ നടപടികളിൽ നിന്ന് രക്ഷ നേടുന്നു.
കൈയേറ്റ ഭൂമി മറിച്ചു വിൽക്കുന്നു.
അല്ലെങ്കിൽ വീടുകളോ ബഹുനില കെട്ടിടങ്ങളോ പണിയുന്നു.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama