go

വൻ ശബ്ദത്തോടെ ഭീമൻ പാറ വിണ്ടുകീറി; നാട്ടുകാർ പരിഭ്രാന്തിയിൽ

 Idukki News
ആലക്കോട് പഞ്ചായത്തിലെ അഞ്ചിരി ഇടിവെട്ടിപ്പാറയിൽ പാറ വിണ്ടു കീറിയ നിലയിൽ. ചിത്രം : മനോരമ
SHARE

തൊടുപുഴ ∙ ആലക്കോട് പഞ്ചായത്തിലെ അഞ്ചിരി 10–ാം വാർഡിൽപെട്ട ഇടിവെട്ടിപ്പാറയിൽ പാറ വൻ ശബ്ദത്തോടെ വിണ്ടു കീറിയത് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി. ചൊവ്വ പകൽ 4.45 നാണ് പാറയിൽ നൂറു മീറ്ററിലേറെ ഭാഗത്ത് വിള്ളൽ ഉണ്ടായത്. ഈ ഭാഗത്തു നിന്നു പുകയും കണ്ടതായി സമീപവാസിയായ ജോസ് പറഞ്ഞു. വലിയ മുഴക്കവും പാറ പൊട്ടുന്ന ശബ്ദവും കേട്ട് വീടിനു പുറത്തിറങ്ങി നോക്കുമ്പോൾ പാറയിൽ പുക ഉയരുന്നതാണ് കണ്ടതെന്നു നാട്ടുകാർ പറയുന്നു. പിന്നീട് നീളത്തിൽ വിള്ളലും കണ്ടു. കുറെ ഭാഗത്ത് പാറ ചെറിയ കഷണങ്ങളായി പൊട്ടിയ നിലയിലാണ്.

അഞ്ചിരി – ഇഞ്ചിയാനി റോഡിനോട് ചേർന്നുള്ള അഞ്ചിരി പള്ളിയുടെ കപ്പേളയുടെ പിൻ ഭാഗത്തായാണ് സംഭവം. കപ്പേളയുടെ പിൻഭാഗത്തും പാറയുടെ കുറുകെയും വിള്ളലുണ്ട്. വിള്ളലുണ്ടായ പാറയുടെ മുകൾ ഭാഗത്ത് വലിയ പാറമട പ്രവർത്തിക്കുന്നുണ്ട്. ഇവിടെ പാറപൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന നടുക്കമാണോ വിള്ളലുണ്ടാകാൻ കാരണമെന്നു സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. പാറ വിണ്ടു കീറിയതിന് സമീപം പത്തോളം വീടുകൾ ഉണ്ട്.

വിവരം അറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം, വില്ലേജ് ഓഫിസർ നദീറ ബീഗം തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. ജനവാസ മേഖലയായ പാറയിൽ വിള്ളൽ ഉണ്ടായത് സംബന്ധിച്ച് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകിയതായി വില്ലേജ് ഓഫിസർ പറഞ്ഞു. പാറമടയിൽ പാറ പൊട്ടിക്കുന്നത് തൽക്കാലം നിർത്തി വയ്ക്കാൻ നിർദേശിച്ചതായും വില്ലേജ് ഓഫിസർ വ്യക്തമാക്കി. 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama