go

മുല്ലപ്പെരിയാർ വെള്ളം തമിഴ്നാട് തിരഞ്ഞെടുപ്പിൽ തിളയ്ക്കുന്നതെങ്ങനെ?

Idukki News
തമിഴ്നാട്ടിൽ തേനി ജില്ലയിൽ പാടശേഖരങ്ങളിൽ കൊയ്തെടുത്ത നെല്ല് റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നു. വൈക്കോൽ ആണ് പിന്നിൽ കാണുന്നത്.
SHARE

കുമളി ∙ വേനൽച്ചൂടിൽ കത്തിയെരിയുന്ന തമിഴ്നാടിന്റെ തെക്കൻ ജില്ലകളിലെ പ്രധാന തിര‍ഞ്ഞെടുപ്പ് പ്രചാരണആയുധം മുല്ലപ്പെരിയാറാണ്. മുല്ലപ്പെരിയാർ വെള്ളമാണ് തമിഴ്നാട്ടിലെ തേനി ജില്ലയുടെ പച്ചപ്പിന്റെ രഹസ്യം. ഈ വെള്ളം ലഭിച്ചില്ലെങ്കിൽ തേനി,  തരിശ് ഭൂമിയായി മാറും. അതിനാൽ മുല്ലപ്പെരിയാർ അണക്കെട്ട് തമിഴ് ജനതയുടെ വൈകാരിക പ്രശ്നം കൂടിയാണ്. ഇത് വോട്ടാക്കി മാറ്റാനുള്ള തന്ത്രങ്ങളാണ് രാഷ്ട്രീയപാർട്ടികൾ അണിയറയിൽ മെനയുന്നത്.

തേനി ജില്ലയിലെ 14000 ഏക്കറോളം പാടശേഖരങ്ങളിൽ ഇപ്പോൾ രണ്ടാം കൃഷിയുടെ വിളവെടുപ്പ് നടക്കുകയാണ്. പാടത്ത് നിന്ന് 100 മേനി വിളവ് കൊയ്യുന്ന കർഷകരുടെ ആവേശം വോട്ടാക്കി മാറ്റാൻ ഭരണ–പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ പാർട്ടികളും മുല്ലപ്പെരിയാറിനെ കൂട്ടു പിടിച്ചിരിക്കുകയാണ്. തങ്ങൾക്ക് വോട്ടു ചെയ്താൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 ൽ നിന്ന് 152 അടിയാക്കി ഉയർത്താനുള്ള നടപടികൾ സ്വീകരിക്കും എന്നാണ് ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ പാർട്ടികൾ ജനങ്ങൾക്ക് ഉറപ്പു നൽകുന്നത്.

ഭരണകക്ഷിയായ അണ്ണാ ഡിഎംകെയാണ് മുല്ലപ്പെരിയാർ ഉൾപ്പെടെ നദീജല പ്രശ്നങ്ങളെ മുഖ്യ വിഷയമായി ഉയർത്തിക്കാട്ടുന്നത്. ജലനിരപ്പ് 136ൽ നിന്ന് 142ൽ എത്തിയച്ചത് ജയലളിതയുടെ നേട്ടമായി ഇവർ ചിത്രീകരിക്കുന്നു. മറുവശത്ത് ഡിഎംകെ മുന്നണിയിലെ കക്ഷിയായ സിപിഎം ഭരിക്കുന്ന കേരളം ജലനിരപ്പ് ഉയർത്തുന്നതിനെ ശക്തമായി എതിർക്കുന്നതായാണ് ഇവരുടെ ആരോപണം. തേനിയിൽ പ്രചാരണത്തിന് എത്തിയ പ്രധാനമന്ത്രി മോദിയും തന്റെ പ്രസംഗത്തിൽ ഇതേ സൂചന നൽകി. കേരളത്തെയോ, സിപിഎമ്മിനെയോ പേരെടുത്ത് പറയാതെ ആരാണ് മലമുകളിൽ വെള്ളം തടഞ്ഞു നിർത്തിയിരിക്കുന്നത് എന്ന് എല്ലാവർക്കും അറിയാം എന്നായിരുന്നു മോദിയുടെ പരാമർശം.

1978ന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും തേനി, മധുര, ഡിണ്ടിഗൽ, ശിവഗംഗ, രാമനാഥപുരം ജില്ലകളിൽ മുല്ലപ്പെരിയാർ രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണ ആയുധമാണ്. ജലനിരപ്പ് 152ൽ എത്തിക്കും എന്നതാണ് എല്ലാവരും  നൽകുന്ന ഉറപ്പ്. വെള്ളം കൂടുതൽ പ്രദേശങ്ങളിലേയ്ക്ക് എത്തിക്കാൻ കനാലുകളും കുളങ്ങളും നിർമിച്ചതിന്റെ കണക്കുകൾ വരെ അണ്ണാ ഡിഎംകെയും ഡിഎംകെയും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ട്.അതോടൊപ്പം റെയിൽ, റോഡ് വികസനവും തേനിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. മധുര–ബോഡിനായ്ക്കന്നൂർ റെയിൽപാത തങ്ങളുടെ നേട്ടമാണ് എന്നാണ് അണ്ണാ ഡിഎംകെ പറയുന്നത്. വൈകാതെ ഈ പാതയുടെ പണികൾ പൂർത്തീകരിക്കും. എന്നാൽ ശബരിമല തീർഥാടകർക്ക് ഏറെ പ്രയോജനകരമായ വിധത്തിൽ ഈ റെയിൽപാത ലോവർക്യാംപ് വരെ നീട്ടും എന്നാണ് ഡിഎംകെയുടെ വാഗ്ദാനം.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama