go

ഒരു കുടുംബം ജീവിക്കുന്നത് മുട്ടൊപ്പം വെള്ളത്തിൽ

Idukki News
മലങ്കര ജലാശയത്തിൽ ജലനിരപ്പ് ഉയർന്നതോടെ വെള്ളം കയറിയ തങ്കപ്പന്റെ കുടുംബം.
SHARE

കുടയത്തൂർ ∙ വാർധക്യത്തിൽ ആരും സഹായത്തിനില്ലാതെ ഒരു കുടുംബം ജീവിക്കുന്നത് മുട്ടൊപ്പം വെള്ളത്തിൽ.കുടയത്തൂർ പഞ്ചായത്തിലെ ശരംകുത്തി ശ്രീധർമശാസ്താ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കിഴക്കേത്ത് വയലിൽ തങ്കപ്പനും (72), ഭാര്യ സുമതിയുമാണ് മലങ്കര ജലാശയത്തിനോട് ചേർന്ന് മൺ ഭിത്തിയിൽ തീർത്ത വീട്ടിൽ കഴിയുന്നത്. 23 വർഷമായി ഇവിടെ താമസിക്കുന്ന ഇവരുടെ വീടിനുള്ളിൽ ആദ്യമായാണ് വെള്ളം കയറുന്നത്.

മലങ്കര ജലാശയത്തിൽ ജലനിരപ്പ് 42 മീറ്ററാക്കിയതോടെ ഇവരുടെ മുറ്റത്തും വീടിനകത്തും വെള്ളം കയറി. രാത്രി മൂലമറ്റം വൈദ്യുതി നിലയത്തിൽ വൈദ്യുതി ഉൽപാദനം ഉയർത്തുന്നതോടെ വീടിനുള്ളിൽ വീണ്ടും വെള്ളം ഉയരും. വെള്ളം വീടിനുള്ളിൽ ഉയരുന്നത് രാത്രി കിടന്നുറങ്ങാൻ ഭീതിയിലാണ് ഈ കുടുംബം കഴിഞ്ഞു കൂടുന്നത്. വെള്ളത്തിൽ നിന്ന് കാലിൽ പഴുപ്പ് ബാധിച്ചു തുടങ്ങിയതായി സുമതി പറയുന്നു. ജോലിക്ക് പോകാൻ സാധിക്കാത്തതിനാൽ തങ്കപ്പൻ കട്ടിലിൽ തന്നെ ഇരിപ്പാണ്.

ഇവർക്ക് മൂന്നേമുക്കാൽ സെന്റ് സ്ഥലമാണ് ആകെയുള്ളത്. ഇതിന് പട്ടയമില്ല. മൺകട്ട കൊണ്ട് പണിത വീടായതിനാൽ വീടിനകത്തും മുറ്റത്തും വെള്ളം നിൽക്കുന്നതു കൊണ്ട് മൺ ഭിത്തി ഇടിഞ്ഞ് അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. ഏതു സമയത്തും അപകടം പ്രതീക്ഷിച്ച് കഴിയുകയാണ് ഈ കുടുംബം. വയോധിക കുടുംബത്തിന് 4 മക്കൾ ആണുള്ളത്.ഒരു ആണും 3 പെൺമക്കളും. ഏക മകൻ തൊടുപുഴയിൽ വാടകയ്ക്ക് താമസിക്കുന്നു. മൂന്ന് പെൺമക്കളെ കെട്ടിച്ചയച്ചു. ഇതിൽ ഒരാൾ ഭർത്താവ് ഉപേക്ഷിച്ച് വീട്ടിൽ വന്ന് നിൽക്കുകയാണ്. ആ മകൾക്ക് ഒരു കുട്ടിയും ഉണ്ട്. വീട്ടിൽ വന്ന് നിൽക്കുന്ന മകളും രോഗിയാണ്.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama