go

ഒരു സംഘം വാതിലിനു തൊട്ടു പുറകിലുണ്ട്..... ജാഗ്രതൈ...

alappuzha-thief-issue
SHARE

തൊടുപുഴ ∙ തകർത്തു മഴ പെയ്യുന്നു. നല്ല തണുപ്പും കുളിരും. മൂടിപ്പുതച്ചു കിടന്നുറങ്ങാൻ നല്ല സുഖം. പക്ഷേ, ഉറങ്ങും മുൻപ് ഒന്നറിയുക. നിങ്ങൾ എല്ലാം മറന്ന് ഉറങ്ങുമ്പോൾ ‘ജാഗരൂകരും കർമനിരതരുമാകുന്ന’ ഒരു സംഘം വാതിലിനു തൊട്ടു പുറത്തു പതുങ്ങി നിൽപുണ്ട്.  മഴക്കാല മോഷണത്തിൽ പ്രത്യേക വിരുതുനേടിയവരാണ് ഇവർ.  

കള്ളൻമാർക്ക് ചാകരക്കാലം

∙ പൊതുവേ കള്ളന്മാർക്ക് ഏറ്റവും ഇഷ്‌ടം മഴക്കാലമാണ്. കാരണങ്ങൾ പലതുണ്ട്. മഴക്കാല രാത്രികളിൽ റോഡുകളിൽ ആളു കുറവായിരിക്കുമെന്നതു പ്രധാന കാരണം. എട്ടൊൻപതു മണിയാവുന്നതോടെ റോഡിൽ ആളൊഴിയും. വീടുകളിൽ രാത്രി വൈകി ഉണർന്നിരിക്കുന്നവരുടെ എണ്ണവും കുറയും. മിക്ക വീടുകളിലും പത്തു പത്തരയ്‌ക്കു മുൻപായി ലൈറ്റണച്ച് മൂടിപ്പുതച്ച് ഉറക്കം തുടങ്ങിയിരിക്കും. പുലർച്ചെ നേരത്തേ എഴുന്നേൽക്കുന്നവരുടെ എണ്ണത്തിലുമുണ്ടാവും കുറവ്. മോഷ്‌ടാക്കളുടെ ഇഷ്‌ടനേരമായ പുലർച്ചെ രണ്ടുമുതൽ നാലു വരെ ചുറ്റും എന്തു നടന്നാലും കാണാൻ ആളുണ്ടാവില്ല. നൈറ്റ് പട്രോളിങ്ങിനിറങ്ങുന്ന പൊലീസുകാർ പോലും വഴിയരികിൽ വണ്ടി നിർത്തിയിട്ട് ഉറങ്ങുകയാവും എന്നും കള്ളന്മാർക്കറിയാം.

വീട്ടുകാർ അറിയില്ല!

∙ നല്ല മഴ പെയ്യുന്ന രാത്രിയിൽ വീടിന്റെ ജനാലയോ  വാതിലോ പൊളിക്കുന്ന ശബ്‌ദം വീട്ടുകാർ അറിയില്ലെന്നതാണു കള്ളന്മാരുടെ പ്രധാന ആകർഷണം. മേൽക്കൂരയിൽ ടിൻ ഷീറ്റ് മേഞ്ഞ വീടുകളാണു മഴക്കള്ളന്മാർക്ക് ഏറ്റവുമിഷ്‌ടം. ഷീറ്റിൽ മഴവെള്ളം വീഴുമ്പോഴുള്ള പട പട ശബ്‌ദത്തിനിടെ ആകാശം ഇടിഞ്ഞു വീണാലും ആരും അറിയില്ല. വാഹന മോഷ്‌ടാക്കൾക്കും ഇതു ചാകരക്കാലം തന്നെ. ഗേറ്റ് തുറന്നു വാഹനം സുഖമായി ഓടിച്ചു കൊണ്ടു പോയാലും ഉടമ അറിയാൻ മണിക്കൂർ പലതു കഴിയണം. ഇതര സംസ്‌ഥാനങ്ങളിൽ നിന്നുള്ള മോഷണ സംഘങ്ങളും മഴക്കാലമാകുന്നതോടെ ജില്ലയിൽ വ്യാപകമാകാറുണ്ടെന്നാണ് സൂചന. ലോഡ്‌ജുകളിൽ മുറിയെടുത്ത് മോഷണം നടത്തി ആവശ്യത്തിന് പണം കിട്ടുമ്പോൾ നാട്ടിലേക്ക് മടങ്ങുകയാണ് ചില സംഘങ്ങളുടെ പതിവ്. 

വൻമോഷണ സംഘം

∙ കഴിഞ്ഞ ദിവസം ഹൈറേഞ്ചിലെ വീട്ടിൽ ഉണ്ടായ മോഷണശ്രമം പൊലീസ് പട്രോളിങ് ടീം കണ്ടു പിടിച്ചിരുന്നു. കള്ളനെ ഓടിച്ചിട്ടു പിടിച്ചപ്പോഴാണറിയുന്നത് കക്ഷി തമിഴ്നാട് തേനിയിലെ മോഷണസംഘത്തിലെ അംഗമാണെന്ന്. ഇത്തരത്തിൽ പതിനഞ്ചോളം കള്ളന്മാർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചുറ്റിത്തിരിയുന്നുണ്ടത്രേ. മഴക്കാലം ലക്ഷ്യമാക്കി ഇതര സംസ്ഥാനങ്ങളിൽനിന്ന് അടക്കമുള്ള സംഘങ്ങൾ ജില്ലയിലെത്തുമെന്ന് പൊലീസ് മുന്നറിയിപ്പ് തരുന്നുണ്ട്.

ഹൈടെക്കാ..ഹൈടെക് !

∙ കള്ളൻമാരും ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. നൈറ്റ് വിഷൻ ക്യാമറകൾ വരെയുള്ള ഹൈടെക് കള്ളന്മാരും രംഗത്തുണ്ട്.  ചെറിയ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് കള്ളന്മാർ വാതിലുകൾ തകർത്ത സംഭവം ഉണ്ടായത് ഈയിടെയാണ്. നിരീക്ഷണ ക്യാമറയിലേക്കു ടോർച്ചടിച്ച് കാഴ്ച മറയ്ക്കുന്നതും പതിവ്.

കള്ളന്മാരുടെ ശ്രദ്ധ

∙ ആരാധനാലയങ്ങളെ ചുറ്റിപ്പറ്റിയാണു ചില കള്ളൻമാരുടെ പ്രദക്ഷിണമിപ്പോൾ. പള്ളികളുടെയും അമ്പലങ്ങളുടെയും കാണിക്കവഞ്ചി തകർക്കുന്ന സംഭവം മഴക്കാലത്ത് പതിവാണ്. ശബ്ദം പുറത്തുകേൾക്കില്ല എന്നതു തന്നെ കാരണം.

ഡയൽ 100

∙ മോഷണശ്രമം കാണുകയോ കേൾക്കുകയോ അറിയുകയോ, അതിന് ഇരയാവുകയോ ചെയ്‌താൽ പൊലീസിന്റെ കൺട്രോൾ റൂമിൽ വിളിക്കാം (നമ്പർ 100). സംശയാസ്‌പദമായ സാഹചര്യത്തിൽ കാണുന്നവരെക്കുറിച്ചും ഈ നമ്പറിൽ വിവരം നൽകാം. കൂടാതെ നമ്മുടെ വീടിനു സമീപത്തുള്ള പൊലീസ് സ്‌റ്റേഷനിലെയും എസ്‌ഐയുടെ മൊബൈൽ നമ്പറും മനപ്പാഠമാക്കണം. മോഷണം നടന്നാൽ ഉടൻ പൊലീസിനെ അറിയിക്കണം. 

ശ്രദ്ധിക്കാം

∙ ആവശ്യത്തിലധികം സ്വർണാഭരണങ്ങൾ ധരിച്ചു നടക്കുന്നതു പഴഞ്ചൻ ഫാഷനായിക്കഴിഞ്ഞു. പുറത്തുപോകുമ്പോൾ കഴിവതും കുറച്ചു സ്വർണാഭരണങ്ങൾ മാത്രം ധരിക്കുന്നതാണു നല്ലത്. 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama