go

ഞാനില്ലാത്ത കുറവ് വേണ്ടെന്ന് കടുവ ; കാട്ടിൽ നിന്നു നാട്ടിലേക്ക് ചില ‘ടൂറിസ്റ്റുകൾ’!

Idukki News
(1) മറയൂർ പുളിക്കരവയലിൽ റോഡരികിൽ സുരക്ഷാവേലിക്കുള്ളിൽ നിൽക്കുന്ന കാട്ടുപോത്ത്.(2)മാട്ടുപ്പെട്ടി എട്ടാംമൈലിൽ വഴിയോരക്കടയിൽ കാട്ടാന ഭക്ഷണം പരതുന്നു. (3) ഉടുമ്പൻചോല ആടുകിടന്താനിൽ കൃഷി സ്ഥലത്തു തമ്പടിച്ചിരിക്കുന്ന കാട്ടാനകൾ.
SHARE

നാടു വിട്ടുപോകുന്ന പ്രശ്നമില്ല!

മറയൂർ ∙ മഴ പെയ്തിറങ്ങിയതോടെ മറയൂരിൽ കാട്ടുപോത്തുകൾ റോഡരികിൽ. മറയൂർ ചന്ദനക്കാടുകളിലെ കാട്ടുപോത്തുകളാണ് വിനോദ സഞ്ചാരികൾക്കു കൗതുകക്കാഴ്ചയൊരുക്കി റോഡരികിൽ എത്തിയത്. മറയൂർ ചന്ദനക്കാടുകളിൽ കാട്ടുപോത്ത്, പുള്ളിമാൻ, കേഴയാട് എന്നിവയാണ് കൂടുതലായി ഉള്ളത്.

വേനൽ കടുത്ത സമയത്ത്, കാട്ടുപോത്തുകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ വെള്ളത്തിനും ഭക്ഷണത്തിനുമായി ജനവാസ മേഖലകളിലേക്ക്  എത്തിയിരുന്നു. ഇതോടെ ഗ്രാമങ്ങളിൽ വന്യമൃഗശല്യം രൂക്ഷമായിരുന്നു. എന്നാൽ കഴിഞ്ഞ 3 ആഴ്ചയായി ഇടവിട്ട് മഴ പെയ്യുന്നതിനാൽ സസ്യങ്ങൾ തളിർത്ത് വളർന്ന് തീറ്റ ലഭിച്ചു തുടങ്ങിയതോടെ വന്യമൃഗങ്ങൾ പലതും കാട്ടിലേക്ക് തിരികെ മടങ്ങിത്തുടങ്ങി. അതേസമയം,  മറയൂർ പുളിക്കരവയലിൽ ചന്ദന ഡിവിഷന്റെ വേലിക്കുള്ളിൽ മേയാൻ എത്തിയ കാട്ടുപോത്തുകൾ പോകാൻ കൂട്ടാക്കാതെ വിനോദ സഞ്ചാരികൾക്ക് രസക്കാഴ്ച ഒരുക്കുകയാണ്. ദിനംപ്രതി ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ്  ഈ കാഴ്ച കാണാൻ എത്തുന്നത്.

ഷോപ്പിങ്ങിനിറങ്ങി മാട്ടുപ്പെട്ടി മച്ചാൻ

 മാട്ടുപ്പെട്ടി എട്ടാംമൈലിൽ വഴിയോരക്കടയിൽ കാട്ടാന ഭക്ഷണം പരതുന്നു.
മാട്ടുപ്പെട്ടി എട്ടാംമൈലിൽ വഴിയോരക്കടയിൽ കാട്ടാന ഭക്ഷണം പരതുന്നു.

മൂന്നാർ ∙ മാട്ടുപ്പെട്ടിയിൽ ഒന്നര മണിക്കൂർ വാഹന ഗതാഗതം തടസ്സപ്പെടുത്തി കാട്ടാനയുടെ വിളയാട്ടം.വൈകിട്ട് അഞ്ചിനു റോഡിലിറങ്ങിയ ആന സമീപത്തെ വഴിവാണിഭ കടകളിൽ നിന്നു കൈതച്ചക്കയും ചോളവും തട്ടിയെടുത്ത് അകത്താക്കി.  തുടർച്ചയായി രണ്ടാം ദിവസമാണ് കാട്ടു കൊമ്പൻ പരിഭ്രാന്തി പരത്തുന്നത്. മാട്ടുപ്പെട്ടി ബോട്ടിങ് സെന്ററിന്റെ പ്രവേശന കവാടത്തിനു മുന്നിലാണ് ആന നിലയുറപ്പിച്ചത്.  മാട്ടുപ്പെട്ടി ഡാമിൽ ജലനിരപ്പ് കുറഞ്ഞതിനെത്തുടർന്ന് ബോട്ടിങ് നിർത്തിവച്ചിരിക്കുകയാണ്.  ഇക്കാരണത്താൽ ഈ ഭാഗത്ത് സന്ദർശകർ ഉണ്ടായിരുന്നില്ല.  

വേട്ടയ്ക്കിറങ്ങി ‘കിടുവ’കൾ

ഏലപ്പാറ ∙ കോഴിക്കാനം മേഖലയിൽ നിന്നു കഴിഞ്ഞ ഏതാനും മാസത്തിനിടെ മേയാൻ അഴിച്ചു വിട്ട 12 കന്നുകാലികളെ കാണാതായതായി പരാതി. ക്ഷീരകർഷകർ കടുത്ത ആശങ്കയിൽ.  കോഴിക്കാനം എസ്റ്റേറ്റ് രണ്ടാം ഡിവിഷനിൽ റോബിന്റെ 4 കന്നുകാലികളെ കാണാതായി.  തന്റെ കന്നുകാലിയെ ആരോ വെടിവച്ചു കൊന്ന ശേഷം മാംസം വാഹനത്തിൽ കടത്തി എന്നു കോഴിക്കാനം സ്വദേശി ഹെൻറി പരാതി  നൽകിയിരുന്നു .

എന്നാൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മോഷ്ടാക്കൾ ഉപേക്ഷിച്ചു പോയ കന്നുകാലിയുടെ ശരീരഭാഗങ്ങൾ പരിശോധിച്ചപ്പോൾ വെടിയേറ്റ പാടുകൾ കാണുവാൻ കഴിഞ്ഞുവെന്നു ഹെൻറി പറയുന്നു.കാലികളെ വെടിവച്ചു കൊന്ന ശേഷം മാംസം വിൽപനയ്ക്കു വേണ്ടി കടത്തുകയാണെന്നും അന്വേഷണം വേണമെന്നും കർഷകർ ആവശ്യപ്പെട്ടു.

ഞാനില്ലാത്ത കുറവ്  വേണ്ടെന്നു കടുവ

tiger
വനപാലകർ കണ്ടെത്തിയ കടുവയുടെ കാൽപ്പാടുകൾ

മൂന്നാർ ∙ കാട്ടാനയും പുലിയും നിത്യസന്ദർശകരായ കന്നിമലയിൽ ജനങ്ങളുടെ ഭീതി ഉയർത്തി കടുവയും. കന്നിമല ടോപ് ഡിവിഷനിലെ തൊഴിലാളിയായ പാപ്പാത്തിയുടെ 7 മാസം ഗർഭിണിയായ പശുവിനെയാണ് കടുവ ആക്രമിച്ച് ഗുരുതര പരുക്കേൽപ്പിച്ചത്. വിവരമറിഞ്ഞെത്തിയ വനപാലകർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ, കാൽപ്പാദങ്ങളുടെ അടയാളം കടുവയുടേതാണെന്നു സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ ഭീതിയിലാണ്. മേയാൻ വിട്ടിരുന്ന പശുവിനെ ഇന്നലെ രാവിലെ പത്തൊമ്പതാം നമ്പർ ഫീൽഡിൽ ഗുരുതരമായി പരുക്കേറ്റ നിലയിൽ തോട്ടം തൊഴിലാളികളാണ് കണ്ടത്. 

ഏലത്തിനോട് തീരാത്ത അരിശം!

നെടുങ്കണ്ടം ∙ ഉടുമ്പൻചോല ആടുകിടന്താനിൽ കാട്ടാന ചവിട്ടി മെതിച്ചത് 20 ഏക്കർ ഏലത്തോട്ടം. ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുകയാണ് കാട്ടാനകൾ. ജനങ്ങൾ കാട്ടാനകളെ പിന്തിരിപ്പിച്ചിട്ടും ആനകൾ ഏലത്തോട്ടത്തിൽ വീണ്ടും മടങ്ങിയെത്തി.   വിളവെടുപ്പിനു പാകമായി ഏലച്ചെടികളാണ് നശിപ്പിച്ചത്. ഇതോടെ ഏലം കർഷകർ പ്രതിസന്ധിയിലായി. ഉയർന്ന വില ലഭിക്കുന്ന സമയത്താണ് നാശം വിതച്ച് കാട്ടാനകളുടെ വരവ്.  

അടിയന്തരമായി വനംവകുപ്പ് ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. ജനവാസ മേഖലയോടു ചേർന്ന സ്ഥലത്ത് ഇന്നലെ രാത്രിയിലും ആനക്കൂട്ടം നിൽക്കുന്നതു ജനങ്ങളെ ഭയത്തിലാഴ്ത്തി. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ ആനക്കൂട്ടം സ്ഥലത്തെത്തി കൃഷി നശിപ്പിച്ചിരുന്നു. ലക്ഷക്കണക്കിനു രൂപയാണ് കർഷകർക്കു നഷ്ടമുണ്ടായത്. 

പുല്ലു പോലെ തിന്നുതീർത്തു അരയേക്കർ

കന്നുകാലിക്കു തീറ്റ നൽകാനായി തയാറാക്കി നിർത്തിയിരുന്ന പുല്ല് കാട്ടാനകൾ അകത്താക്കി. നട്ടു പിടിപ്പിച്ചപുല്ല് മുഴുവൻ തിന്നു തീർത്ത ശേഷമാണ് ആനക്കൂട്ടം പിൻവാങ്ങിയത്. ഇതോടെ പശുവിനു ഇനി എന്തു കൊടുക്കുമെന്ന ആശങ്കയിലാണ് ക്ഷീരകർഷകർ.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama