go

3.5 കിലോമീറ്റർ, 2 ഉരുൾപൊട്ടൽ പതിനൊന്നിടത്ത് അപകടം

idukki news
അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രത്തിനു സമീപം ഉരുൾ പൊട്ടിയൊഴുകി ജലാശയത്തിനോടു ചേർന്നു രൂപപ്പെട്ട ഗർത്തം.
SHARE

കട്ടപ്പന ∙ മൂന്നര കിലോമീറ്റർ ദൂരത്തിൽ 2 ഉരുൾപൊട്ടലുകൾ ഉൾപ്പെടെ 11 സ്ഥലങ്ങളിൽ ഉണ്ടായ അപകടങ്ങളിൽ നിന്നു മുക്തമാകാതെ അഞ്ചുരുളി. തുരങ്ക മുഖത്തേക്കുള്ള നടപ്പാത ഇടിഞ്ഞു നശിച്ചതോടെ ഈ ഭാഗത്ത് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചുള്ള പാത നിർമാണം പൂർത്തിയായി വരുകയാണെങ്കിലും പലയിടങ്ങളിലും അപകടക്കെണിയാണ്. സഞ്ചാരികളുടെ വാഹനം പാർക്കു ചെയ്യുന്ന സ്ഥലത്തിനു തൊട്ടടുത്തു കൂടിയാണ് വലിയ ഉരുൾ പൊട്ടി ഒഴുകിയത്.  ഈ സമയത്ത് സമീപത്തെ കച്ചവട സ്ഥാപനങ്ങളിൽ ഉണ്ടായിരുന്നവർ തലനാരിഴയ്ക്കാണു രക്ഷപെട്ടത്.

മൂന്നടിയിൽ അധികം ഉയരത്തിൽ റോഡിൽ അടിഞ്ഞു കൂടിയ മണ്ണ് നീക്കി ഗതാഗത യോഗ്യമാക്കി എങ്കിലും കല്ലും മണ്ണുമെല്ലാം ഇരുവശങ്ങളിലും അവശേഷിക്കുകയാണ്.  ഉരുൾ ഒഴുകി ജലാശയത്തിലേക്കു പതിച്ച ഭാഗത്ത് വൻ ഗർത്തം രൂപപ്പെട്ടു. മക്ക് നിരത്തിയിരുന്ന ഇവിടെ വെള്ളം കുത്തിയൊലിച്ച് ഇറങ്ങി വലിയ അള്ള് രൂപപ്പെട്ടിരിക്കുകയാണ്. സഞ്ചാരികൾ നടക്കുന്ന ഭാഗത്താണ് ഇതെന്നതിനാൽ വൻ അപകട ഭീഷണിയാണ്.  സമനിരപ്പിൽ നിന്നു നോക്കിയാൽ എത്രമാത്രം മണ്ണ് ഇടിഞ്ഞിട്ടുണ്ടെന്നു വ്യക്തമാകില്ല എന്നതിനാൽ ആളുകൾ അടുത്തേക്കു ചെല്ലുമ്പോൾ താഴേക്കു പതിക്കാനുള്ള സാധ്യത ഏറെയാണ്.

∙ നടപ്പാത ഇടിഞ്ഞു

നടപ്പാത പൂർണമായി ഇടിഞ്ഞതിനാൽ തുരങ്ക മുഖത്തേയ്ക്കു നിലവിൽ കടന്നു ചെല്ലാൻ കഴിയില്ല. തിട്ടയുടെ മുകൾ ഭാഗത്തു നിന്നിരുന്ന മരങ്ങൾ ഉൾപെടെ താഴേയ്ക്കു പതിച്ചതിനാൽ ഭേദപ്പെട്ട വലിപ്പത്തിൽ നടപ്പാത നിർമിക്കുന്ന ജോലി പൂർത്തിയായി വരുകയാണ്. ഇത് പൂർത്തിയായാൽ തുരങ്ക മുഖത്തേയ്ക്കു ഭീതി കൂടാതെ കടന്നു ചെല്ലാൻ കഴിയും. എന്നാൽ നീരൊഴുക്കു വർധിച്ചതിനാൽ പാറയിൽ കാൽവഴുതി താഴേയ്ക്കു വീണ് അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. അതിനാൽ പാത നിർമിച്ചശേഷം സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയിലെ കക്കാട്ടുകടയിൽ നിന്ന് മൂന്നര കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ അഞ്ചുരുളിയിൽ എത്താം. ഇത്രയും ദൂരത്തിനിടെ ചെറുതും വലുതുമായ 9 മണ്ണിടിച്ചിലുകളും 2 ഉരുൾപൊട്ടലുകളുമാണ് ഉണ്ടായത്. റോഡിലേക്കു കടപുഴകി വീണ കൂറ്റൻ മരത്തിന്റെ ഒരുഭാഗം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.  അവശേഷിക്കുന്ന ഭാഗം റോഡിന്റെ ഇരുവശത്തും കിടക്കുകയാണ്. കടപുഴകി വീണ ചുവടു ഭാഗം തിട്ടയ്ക്കു മുകളിൽ നിന്നു റോഡിലേക്കു വീണാൽ വീണ്ടും ഗതാഗതം തടസ്സപ്പെടും. 

കഴിഞ്ഞ വർഷം ഓഗസ്റ്റ് പകുതിയോടെ ഉണ്ടായ പ്രളയക്കെടുതിയെ തുടർന്നു അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രവും അടച്ചിരുന്നു. സെപ്റ്റംബർ ആദ്യവാരമാണു പിന്നീടു തുറന്നത്. അസൗകര്യങ്ങളും അപകട സാധ്യതയും മണ്ണിടിച്ചിൽ ഭീതിയുമെല്ലാം മൂലം സഞ്ചാരികളുടെ എണ്ണം നാമമാത്രമായി പിന്നീട് ക്രിസ്മസിനോട് അനുബന്ധിച്ചാണ് സജീവമായത്.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama