go

നവതി നിറവിൽ മാർ ജോസഫ് പൗവത്തിൽ

idukki-mar-joseph-powathil
SHARE

സിനിമ കാണുന്ന കാലത്ത് പൊലീസ് കഥകളായിരുന്നു മാർ ജോസഫ് പൗവത്തിലിന് ഇഷ്ടം. ട്വിസ്റ്റുകൾ നിറഞ്ഞ കുറ്റാന്വേഷണ, പൊലീസ് പ്രമേയ ചിത്രങ്ങളുടെ കടുത്ത ആരാധകൻ ജീവിതത്തിലും കണിശക്കാരനാണ്. എഴുത്തിലും പ്രസംഗത്തിലും വിമർശനത്തിലും പൗവത്തിലിന്റെ കണിശതയ്ക്കു താരതമ്യങ്ങളില്ല. ഇന്ന് 90–ാം വയസ്സിലേക്കു കടക്കുമ്പോഴും അടുക്കും ചിട്ടയും അതേപോലെ; ലാളിത്യം ഉപേക്ഷിച്ചിട്ടുമില്ല.

ബനഡിക്ട് മാർപാപ്പ ‘സഭയുടെ കിരീടം’ എന്നു വിശേഷിപ്പിച്ച പൗവത്തിലിന്റെ കാലത്താണ് സിറോ മലബാർ സഭയുടെ വ്യക്തിത്വം വീണ്ടെടുക്കാനും തനത് ആരാധനാക്രമം പുനരുദ്ധരിക്കാനുമുള്ള ശ്രമങ്ങൾ നടന്നതും വിദ്യാഭ്യാസ വിഷയങ്ങളിൽ മൂർച്ചയേറിയ നിലപാടുകൾ കേരളത്തിൽ മുഴങ്ങിയതും. ഇന്ത്യൻ കത്തോലിക്കാ മെത്രാൻ സമിതിയുടെയും (സിബിസിഐ) കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെയും (കെസിബിസി) പ്രസിഡന്റായും ഒട്ടേറെ കമ്മിഷനുകളുടെ ചെയർമാനായും ശോഭിച്ച ചങ്ങനാശേരിയുടെ ഇടയശ്രേഷ്ഠൻ അതിരൂപതാ ആസ്ഥാനത്തെ ഓഫിസ് മുറിയിൽ പുസ്തകങ്ങൾക്കു നടുവിലിരുന്ന് മനസ്സ് തുറന്നു...

‘അപ്പന് തലകറക്കം വന്നില്ലായിരുന്നുവെങ്കിൽ!’

രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴേ പി.ജെ ജോസഫ് (വൈദികനാകും മുൻപുള്ള പേര്) തീരുമാനിച്ചു: എനിക്ക് അച്ചനായാൽ മതി. 10 കഴിഞ്ഞപ്പോൾ ഈശോസഭക്കാരുടെ മധുരയിലെ പ്രോവിൻസിൽ പ്രവേശനം കിട്ടി. ഈ വിവരമറിഞ്ഞ് പൗവത്തിലിന്റെ പിതാവ് തലകറങ്ങി വീണു. മകനെ മിഷൻ പ്രവർത്തനത്തിനു ദൂരദിക്കുകളിലേക്കയയ്ക്കാൻ അദ്ദേഹത്തിനു താൽപര്യമുണ്ടായിരുന്നില്ല. ഒടുവിൽ വീട്ടുകാരുടെ ഇഷ്ടംകൂടി പരിഗണിച്ചാണ് പാറേൽ പെറ്റി സെമിനാരിയിൽ ചേർന്നത്.

‘അന്നേ ഞാൻ ടൈപ്പിങ് പഠിച്ചതാണ്’

ചങ്ങനാശേരി എസ്ബി കോളജിൽ അധ്യാപകനായിരിക്കെ 1969ൽ ഓക്സ്ഫഡിൽ ഉന്നതപഠനത്തിന് അവസരം കിട്ടി. ലണ്ടനിൽ ചെന്നപ്പോൾ പഠനക്കുറിപ്പുകൾ തയാറാക്കാൻ ടൈപ്പ് റൈറ്റർ വാങ്ങേണ്ടി വന്നു. തിരിച്ചു ബോംബെയിലെത്തിയപ്പോൾ 600 രൂപ നികുതിയടച്ചാണ് ടൈപ്പ് റൈറ്റർ ചങ്ങനാശേരിയിലേക്കു കൊണ്ടുവന്നത്. ഈ പ്രായത്തിലും 2 ഫോണുകൾ ഉപയോഗിക്കുന്നു. ഒരു ടച്ച് ഫോണും ഒരു സാധാരണ ഫോണും. ഫോണിൽ വിളിക്കുന്നവർക്കെല്ലാം നേരിട്ടു മറുപടി കൊടുക്കും. കത്തെഴുതിയാലോ? സ്വന്തം കൈപ്പടയിൽ മറുപടി അയയ്ക്കും.

‘3.30 മുതൽ 9.30 വരെ – ചിട്ടയിൽ മാറ്റമില്ല’

പൗവത്തിൽ പിതാവിന്റെ ദിനചര്യകൾക്ക് 90ലും മാറ്റമില്ല. ദിവസവും പുലർച്ചെ 3.30ന് ഉണരും (ഒന്നര മാസം മുൻപു വീണു പരുക്കേറ്റതിനാൽ ഇപ്പോൾ എഴുന്നേൽപ് 4.45ന്). പിന്നീട്, എഴുത്തും വായനയും. 5.30നു ചാപ്പലിൽ കുർബാന. 6.15 മുതൽ പത്രവായന. ദിവസവും 7 മലയാളം പത്രങ്ങളും 3 ഇംഗ്ലിഷ് പത്രങ്ങളും വായിക്കും. 8നു പ്രഭാത ഭക്ഷണം. പിന്നീട് ഓഫിസ് മുറിയിൽ സന്ദർശകരെ കാണും. പിന്നീട് വായനയും എഴുത്തും. ഭക്ഷണം സമയത്തു കഴിക്കും. ഇറച്ചി കഴിക്കാറില്ല. ഇടയ്ക്കു ടിവിയിൽ വാർത്താ ചാനലുകളും കാണും. രാത്രി 9.30ന് ഉറക്കം.’

‘ആരോടും ശത്രുതയില്ല’

കമ്യൂണിസ്റ്റ് തത്വശാസ്ത്രത്തോടുള്ള എതിർപ്പ് നിർഭയം പരസ്യമാക്കിയിട്ടുണ്ട് മാർ പൗവത്തിൽ. നേതാക്കളുമായി അടുപ്പമുണ്ടോ? ‘ആരോടും ശത്രുതയില്ല. പിണറായി വിജയനും എം.എ.ബേബിയുമൊക്കെ ഇവിടെ വന്നിട്ടുണ്ട്.’ ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥനോടൊപ്പമാണ് ഒരിക്കൽ പിണറായി പൗവത്തിലിനെ കാണാനെത്തിയത്. കൂടിക്കാഴ്ചയ്ക്കുശേഷം മടങ്ങവേ പിണറായി ആ ഉദ്യോഗസ്ഥനോടു പൗവത്തിലിനെപ്പറ്റി പറഞ്ഞതിങ്ങനെ: ‘ഇദ്ദേഹം നമ്മുടെ വലയി‍ൽ വീഴുന്ന ആളല്ല.’

‘ആദ്യം കുറിപ്പ്, പിന്നെ ഒറ്റയെഴുത്ത്’

കുറിപ്പുകൾ എഴുതാനുള്ള മഞ്ഞക്കടലാസ് നിറയെ ഉണ്ട് പൗവത്തിലിന്റെ മേശപ്പുറത്ത്. ഇടയ്ക്കിടെ നോട്ടുകൾ കുറിക്കും. പിന്നെ, അതെല്ലാം ചേർത്തുവച്ച് ഒരൊറ്റയെഴുത്താണ്. ലേഖനങ്ങളും പുസ്തകങ്ങളും പിറക്കാൻ നിമിഷങ്ങൾ മതി. 19–ാമത്തെ പുസ്തകം ജൂണിലാണ് പുറത്തിറങ്ങിയത്: നാളേക്കുവേണ്ടി – മതം, രാഷ്ട്രം, രാഷ്ട്രീയം.

‘പിറന്നാൾ ആഘോഷമില്ല’

ശിഷ്യനായ ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സാംസ്കാരിക നേതാക്കൾ എന്നിവരെയെല്ലാം പങ്കെടുപ്പിച്ച് വിപുലമായ നവതി ആഘോഷത്തിനാണ് ചങ്ങനാശേരി അതിരൂപത പദ്ധതിയിട്ടിരുന്നത്. എന്നാൽ, മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ എല്ലാം വേണ്ടെന്നുവച്ചു. ലളിതമായ ചടങ്ങുകൾ മാത്രമേ ഇന്ന് അതിരൂപതാ കേന്ദ്രത്തിൽ നടത്തൂ. നവതി സ്മാരകമായി അതിരൂപതയിലെ നിർധനരായ 90 കുടുംബങ്ങൾക്കു ഭവനം നിർമിച്ചു നൽകുന്ന ഭവനനിർമാണ പദ്ധതി ചങ്ങനാശേരി അതിരൂപത ആവിഷ്‌കരിച്ചിട്ടുണ്ട്.

ഡോക്ടറേറ്റ് നൽകും

കോട്ടയം∙ സഭാ വിജ്ഞാനീയം, സഭൈക്യം, ആരാധനാ ക്രമം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ മാർ ജോസഫ് പൗവത്തിൽ നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് റോമിലെ കോൺഗ്രിഗേഷൻ ഫോർ കാത്തലിക് എജ്യുക്കേഷന്റെ അംഗീകാരത്തോടെ വടവാതൂർ പൗരസ്ത്യവിദ്യാപീഠം  ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കും. നാളെ  ഉച്ചകഴിഞ്ഞ് 2.30 ന് വടവാതൂർ സെമിനാരിയിൽ നടക്കുന്ന സമ്മേളനത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ‍‍‍ഡോക്ടറേറ്റ് പ്രഖ്യാപനം നടത്തും. സിബിസിഐ അധ്യക്ഷൻ കർദിനാൾ ഓസ്‌വാൾഡ് ഗ്രേഷ്യസാണ്  സമ്മാനിക്കുക

എറണാകുളത്ത് പുതിയ രൂപത വരണം: മാർ പൗവത്തിൽ

ചങ്ങനാശേരി ∙ മേജർ ആർച്ച് ബിഷപ്പിനായി പ്രത്യേക രൂപത രൂപീകരിച്ചാൽ മാത്രമേ എറണാകുളം – അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾ അവസാനിക്കുകയുള്ളൂവെന്ന് ആർച്ച് ബിഷപ് മാർ ജോസഫ് പൗവത്തിൽ. റോമിൽനിന്നെത്തിയ വൈറ്റ് കമ്മിഷനോടു താൻ ഇക്കാര്യം നിർദേശിച്ചിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. നവതിയിലേക്കു കടക്കുന്ന അദ്ദേഹം ‘മനോരമ’യോടു സംസാരിക്കുകയായിരുന്നു. അ‍ഞ്ചോ ആറോ ഇടവകകൾ മാത്രമുള്ള ഒരു രൂപത മതി മേജർ ആർച്ച് ബിഷപ്പിന്.

കേരളത്തിലെ ചില സഭകളിൽ അത്തരം സഭാതലവൻമാരുണ്ട്. ഇപ്പോഴത്തെ നിലയ്ക്കാണു കാര്യങ്ങൾ പോകുന്നതെങ്കിൽ ഭാവിയിൽ മലയാളിയല്ലാത്ത ഒരാൾപോലും സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് സ്ഥാനത്തേക്ക് എത്താമെന്നും അതിനെ തദ്ദേശീയർ എതിർക്കാനുള്ള സാധ്യതയുണ്ടെന്നും പൗവത്തിൽ പറഞ്ഞു. എന്നാൽ, അഡ്മിനിസ്ട്രേറ്റീവ് ബിഷപ് എന്ന നിർദേശം അംഗീകരിക്കാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. മേജർ ആർച്ച് ബിഷപ്പിനായി പുതിയ രൂപത വന്നിരുന്നുവെങ്കിൽ സിറോ മലബാർ സഭയിൽ ഇപ്പോഴുണ്ടായതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മാർ പൗവത്തിൽ

1930 ഓഗസ്റ്റ് 14 –കുറുമ്പനാടം പൗവത്തിൽ കുടുംബത്തിൽ ജനനം
1962 – ഒക്ടോബർ 3– പൗരോഹിത്യ സ്വീകരണം
1964 – എസ്ബി കോളജ് അധ്യാപകൻ
1972 – ഫെബ്രുവരി 13– ചങ്ങനാശേരി സഹായ മെത്രാൻ
1977 – കാഞ്ഞിരപ്പള്ളി മെത്രാൻ
1985 – ചങ്ങനാശേരി ആർച്ച് ബിഷപ്
2007 – വിരമിക്കൽ
ഇന്റർ ചർച്ച് കൗൺസിൽ ഫോർ എജ്യുക്കേഷൻ ചെയർമാൻ, സിബിസിഐ , കെസിബിസി അധ്യക്ഷൻ തുടങ്ങിയ നിലകളിലും സേവനം ചെയ്തിട്ടുണ്ട്.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama