go

വിണ്ടുകീറി ഭൂമി: ഉരുൾ പൊട്ടലിനെക്കാൾ വെല്ലുവിളിയായ സോയിൽ പൈപ്പിങ്

idukki-munnar-mattupetty-road
മൂന്നാർ – മാട്ടുപ്പെട്ടി റോഡിൽ ഗ്രഹാംസ് ലാൻഡ് ഭാഗത്ത് റോഡിൽ രൂപപ്പെട്ട വൻ ഗർത്തം.
SHARE

തൊടുപുഴ ∙ ഇടുക്കി വെള്ളത്തൂവൽ മാങ്കടവിൽ കയ്യാലയ്ക്കു മുകളിൽ നിന്ന തെങ്ങുകൾ അതേപടി അടുത്ത പറമ്പിലേക്കു നിരങ്ങി നീങ്ങി നിൽക്കുന്ന കാഴ്ചയുണ്ട്. തെങ്ങുകളുടെ വേരുകൾ ആഴ്ന്നിറങ്ങിയിരുന്നത്രയും സ്ഥലത്തെ ഭൂമി അപ്പാടെ നിരങ്ങിനീങ്ങി. ഈ മാറ്റം അറിഞ്ഞിട്ടേയില്ലെന്ന മട്ടിലാണു രണ്ടു തെങ്ങുകളുടെ നിൽപ്. ഒരു ഓല പോലും താഴെ വീണിട്ടില്ല. ഒരു മച്ചിങ്ങ പോലും കൊഴിഞ്ഞുവീണിട്ടുമില്ല.  കഴിഞ്ഞ പ്രളയ കാലത്താണ് ഇത്തരം പ്രതിഭാസം ശ്രദ്ധയിൽപെട്ടുതുടങ്ങിയത്.

‘സോയിൽ പൈപ്പിങ്’ എന്ന ഈ പ്രതിഭാസത്തിന്റെ ഭീകരമായ മുഖമാണ് കഴിഞ്ഞ ദിവസം വയനാട് പുത്തുമലയിൽ കണ്ടത്. ‘ഭൂമിയിലെ അർബുദം’ എന്ന് വിളിക്കുന്ന ‘സോയിൽ പൈപ്പിങ്’ ഉരുൾ പൊട്ടലിനെക്കാൾ  വലിയ വെല്ലുവിളിയാണ്.  ഭൂമിയിലെ അർബുദം അഥവാ സോയിൽ പൈപ്പിങ്ങും സ്വാഭാവിക നീരൊഴുക്കുകളെ തടസ്സപ്പെടുത്തുന്ന പ്രവണതയുമാണ് ഇടുക്കി ജില്ലയിൽ പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കുന്നതിനു കാരണമെന്നു ഭൗമശാസ്‌ത്ര പഠന കേന്ദ്രം (സെസ്) മുന്നറിയിപ്പ് നൽകുന്നു.

സോയിൽ പൈപ്പിങ് 

ഭൂഗർഭത്തിലേക്കു മണ്ണ് ഇടിഞ്ഞുതാണ് തുരങ്കം രൂപപ്പെടുന്നതാണു സോയിൽ പൈപ്പിങ്. ഭൂമിക്കടിയിൽ മണ്ണിനു ദൃഢത കുറഞ്ഞ ഭാഗത്തു പശിമയുള്ള കളിമണ്ണു പോലുള്ള വസ്തു ഒഴുകി പുറത്തേക്കു വരുന്നതിനെയാണ് സോയിൽ പൈപ്പിങ് എന്നു വിളിക്കുന്നത്. ഇവ ഭൂമിക്കടിയിൽ തുരങ്കം പോലെ രൂപപ്പെട്ട ഭാഗത്തുകൂടിയാണ് പുറത്തേക്ക് ഒഴുകുന്നത്. അതിവൃഷ്ടിയും ഭൂഗർഭജലത്തിന്റെ ശക്തമായ ഒഴുക്കും മണ്ണിന്റെ ഘടനയുമാണ് സോയിൽ പൈപ്പിങ്ങിന്റെ പ്രധാന കാരണം. തുരങ്കങ്ങൾക്ക്  രണ്ടടിയോളം വ്യാസമുണ്ടാവാം. എന്നാൽ ഭൂമിക്കടിയിൽ ഇതിന്റെ വ്യാപ്തി കണ്ടെത്തണമെങ്കിൽ റെസിസ്റ്റിവിറ്റി ഇമേജിങ് നടത്തണം.

ഭൂമിക്കടിയിൽ സ്‌കാനിങ് പോലെ നടത്തുന്ന പ്രക്രിയയാണ് ഇത്. കേരളത്തിൽ കോഴിക്കോട്, കണ്ണൂർ, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ മുൻപ് ഇത്തരം പ്രതിഭാസം സ്ഥിരീകരിച്ചിട്ടുണ്ട്. ഇടുക്കിയിൽ ഇതു വ്യാപകമാണെന്നും സെസിലെ ശാസ്‌ത്രജ്‌ഞർ പറയുന്നു. ജില്ലയിൽ വെണ്ണിയാനിയിലെ ഉദയഗിരി, തട്ടേക്കണ്ണി, പെരിങ്ങാശേരി പ്രദേശങ്ങളും നേര്യമംഗലം ചെറുതോണി, പെരിങ്ങാശേരി തൊടുപുഴ, പാറമട ഉടുമ്പന്നൂർ റോഡുകളും സോയിൽ പൈപ്പിങ് ഭീഷണിയുള്ള സ്‌ഥലങ്ങളായി ഭൗമശാസ്‌ത്ര പഠന കേന്ദ്രത്തിലെ (സെസ്) വിദഗ്‌ധർ കണ്ടെത്തിയിരുന്നു.

‘സോയിൽ പൈപ്പിങ്’: ഇടിഞ്ഞു താഴ്ന്നത് 2 നില വീട്

idukki-house-1
1. കഴിഞ്ഞ പ്രളയകാലത്ത് നെടുങ്കണ്ടത്ത് മാവടിയിൽ തേനംമാക്കൽ ബിനിഷിന്റെ വീടിന്റെ അടിഭാഗത്തെ മണ്ണ് രണ്ടായി വിണ്ടു കീറി വീട് അപകടാവസ്ഥയിലായ നിലയിൽ(ഫയൽ ചിത്രം). 2. വീടിരുന്ന സ്ഥലം ഇപ്പോൾ.

നെടുങ്കണ്ടം ∙ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ വീട് 48 മണിക്കൂർ കൊണ്ട് മണ്ണെടുക്കുന്നത് നോക്കിനിൽക്കാനെ അവർക്കായുള്ളു. മണലാരണ്യത്തിൽ ഭാര്യയുമൊത്ത് കഷ്ടപ്പെട്ടുണ്ടാക്കിയതും കൃഷി ചെയ്ത് സമ്പാദിച്ചതുമെല്ലാം ആ വീടിനായി മുടക്കി.  വായ്പയുമെടുത്തു.   48 മണിക്കൂറിനുള്ളിൽ സ്വപ്നങ്ങളെല്ലാം മണ്ണടിഞ്ഞു പോയി. മാവടി പള്ളിപ്പടി തേനമാക്കൽ ബീനീഷിന്റെ പുതുപുത്തൻ ഇരുനില വീടാണ് കഴിഞ്ഞ പ്രളയത്തിൽ മണ്ണിനടിയിലേക്ക് താഴ്ന്ന് പോയത്. ‘സോയിൽ പൈപ്പിങ്ങാണ് കാരണമായി ഗവേഷക സംഘം കണ്ടെത്തിയത്.

മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലുമൊന്നും അന്ന് മാവടിയിലുണ്ടായില്ല. മഴ കനത്തതായിരുന്നെങ്കിലും ഇങ്ങനെയൊരു ദുരന്തം അവർ പ്രതീക്ഷിച്ചില്ല. എന്നാൽ പ്രളയം കനത്ത 2018 ഓഗസ്റ്റ് 14-ന് വൈകീട്ട് ബിനീഷിന്റെ വീടിന്റെ ഭിത്തികൾ വിള്ളൽ വീണു. അപകടം മണത്ത ബിനീഷും കുടുംബവും സഹോദരന്റെ വീട്ടിലേക്ക് മാറി താമസിച്ചു. അപ്പോഴേക്കും ചുറ്റുമുള്ള പ്രദേശങ്ങളിലെല്ലാം മണ്ണ് പിളർന്ന് മാറിയിരുന്നു. 2018 ഓഗസ്റ്റ് 16-ന് വീട് പൂർണമായും നിലംപതിച്ചു.

ബിനീഷിന്റെ കൃഷിഭൂമിയിൽ ഉൾപ്പെടെ നാലര കിലോമീറ്ററിൽ അധികം പ്രദേശമാണ് ഭൂമി പിളർന്ന് മാറിയിരുന്നത്. വീട് ഇടിഞ്ഞ് താഴ്ന്നിടത്ത് മറ്റ് നിർമ്മാണങ്ങളൊന്നും നടത്തെരുതെന്ന് റവന്യൂ അധികൃതർ നിർദേശം നൽകിയിരുന്നു. ഇപ്പോൾ നെടുങ്കണ്ടത്തിന് സമീപം താന്നിമൂട്ടിൽ പുതിയ വീട് വാങ്ങിയാണ് ബിനീഷും കുടുംബവും കഴിയുന്നത്. ഭൂമി പിളർന്ന് നിലം പൊത്തിയ വീട് അവിടെ നിന്നും പൂർണമായും പൊളിച്ചു നീക്കി. മഴയിൽ ഇടിഞ്ഞിരുന്ന സമീപത്തെ മൺതിട്ട ഇടിച്ച് നിരത്തി വീടിരുന്നിടത്ത് ഏലം നട്ടു. ഒരു വർഷത്തിനിപ്പുറം ചുറ്റുമതിലിന്റെ ചില അവശേഷിപ്പുകൾ മാത്രമാണ് അവിടെ പഴയ വീടിന്റെ ഭാഗമായി അവശേഷിക്കുന്നത്.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama