go

21 വര്‍ഷത്തിനുശേഷം, ഇരുപത്തൊന്നാം നൂറ്റാണ്ടില്‍

alumni-family
ന്യൂമാന്‍ കോളജിലെ 1995-98 കാലഘട്ടത്തിലെ സാമ്പത്തികശാസ്ത്ര ബിരുദവിദ്യാര്‍ഥികളുടെ കുടുംബ സംഗമത്തിന് തൊടുപുഴയില്‍ ഒത്തുചേര്‍ന്നവര്‍. ചിത്രം∙ ജോസ്കുട്ടി പനയ്ക്കല്‍
SHARE

തൊടുപുഴ∙ 21 വര്‍ഷത്തെ നീണ്ട ഇടവേളക്കുശേഷം അവര്‍ ഒത്തുകൂടി; ചിലതെല്ലാം പഠിക്കാനും മറ്റു ചിലതെല്ലാം ഓര്‍ത്തെടുക്കാനും. പഠനകാലത്ത് അടിപൊളിയായി നടന്നവരില്‍ ചിലര്‍ സന്ന്യാസിനിമാരായിക്കൂടി എത്തിയതോടെ അന്നത്തെ പേര് വിളിക്കണോ അതോ പുതിയ പേര് വിളിക്കണമോ എന്ന ശങ്കയുമായി മറ്റുചിലര്‍. കോലുപോലിരുന്നവര്‍ ചീര്‍ത്ത തടിപോലെയായിമാറിയതിന്റെ ശങ്കയുമായി മറ്റുചിലര്‍. തൊടുപുഴ ന്യൂമാന്‍ കോളജില്‍ 1995-98 കാലഘട്ടത്തിലെ  സാമ്പത്തികശാസ്ത്ര ബിരുദവിദ്യാര്‍ഥികളുടെ കുടുംബ സംഗമമായിരുന്നു വേദി.

ഫേസ്ബുക്കില്‍ കണ്ടെത്തിയവരെ കൂട്ടിയിണക്കി മൂന്നുവര്‍ഷം മുന്‍പ് രൂപംകൊണ്ട വാട്സാപ് ഗ്രൂപ്പില്‍ നിന്നാണ് കൂടിച്ചേരലിനു തുടക്കമിട്ടത്. കാനഡയിലും, യുകെയിലും, ദുബായ്‌ലുമൊക്കെയുള്ളവരെ ഒന്നൊന്നായി ഈ ഗ്രൂപ്പിലാക്കി. നാട്ടിലുള്ളവരുടെ നമ്പര്‍ കണ്ടെത്താന്‍ വിവിധ ഗ്രൂപ്പുകളായിത്തന്നെ തിരിഞ്ഞു അന്വേഷണം നടത്തി. 65 പേരോളം ഡിഗ്രി പൂര്‍ത്തീകരിച്ച ഗ്രൂപ്പിലെ 57 പേരെ കണ്ടെത്താനായി. അവരില്‍ പലരും പല രാജ്യത്തും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും കേരളത്തിലെ പല ജില്ലകളിലുമായതോടെയാണ് വീണ്ടുമൊരു കൂടിച്ചേരലിനെക്കുറിച്ച് വിദേശത്തുള്ള ജോസ് പരപ്പനാട്ട് ആഗ്രഹം പ്രകടിപ്പിച്ചത്. അതിനെ ഗ്രൂപ്പിലുള്ളവര്‍ പിന്താങ്ങുകകൂടി ചെയ്തതോടെ അതിനുളള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. 2019 ഓഗസ്റ്റ് മാസത്തിലെ ഏതെങ്കിലും ദിനത്തില്‍ വയ്ക്കാം എന്ന് ഒരു വര്‍ഷം മുന്‍പ് തീരുമാനമെടുത്തതോടെ വിദേശത്തുള്ളവര്‍ ആ സമയത്തേക്ക് വിമാനടിക്കറ്റുകളും ബുക്ക് ചെയ്തു.

കുടുംബ സംഗമത്തില്‍ ആമുഖ സന്ദേശം നല്‍കുന്ന പൂര്‍വ വിദ്യാര്‍ഥി സിസ്റ്റര്‍ ലൂസിയ. ചിത്രം∙ ജോസ്കുട്ടി പനയ്ക്കല്‍

ഓഗസ്റ്റ് 11 എന്ന ദിനം തീരുമാനിക്കപ്പെടുകയും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയും ചെയ്യുന്നതിനിടെയാണ് കനത്ത മഴയും വെള്ളപ്പൊക്കവുമൊക്കെ കേരളത്തില്‍ വീണ്ടും എത്തുന്നത്. ഇതോടെ പരിപാടി നടക്കുമോ എന്ന ശങ്കയായി. എന്നാല്‍ വിദേശത്തുള്ളവരില്‍ പലരും നാട്ടിലെത്തുകയും തൊടുപുഴയ്ക്കും സമീപ പ്രദേശത്തിനും പ്രത്യേക നാശനഷ്ടമൊന്നും വരാത്തതുമായ സാഹചര്യത്തില്‍ ഈ സംഗമത്തിന് നിശ്ചയിച്ച തീയതിതന്നെ മതി എന്ന് തീരുമാനിക്കപ്പെടുകയായിരുന്നു. കോളജിലെ ഒരു അധ്യാപകന്‍
അറിയപ്പെട്ടിരുന്ന ഇരട്ടപ്പേര് യഥാര്‍ഥ പേരെന്ന് ധരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് അദ്ദേഹത്തെ അഭിസംബോധന ചെയ്ത അനുഭവം കൂട്ടത്തിലെ സന്ന്യാസിനിമാരിലൊരാളായ സിസ്റ്റര്‍ ലൂസിയ തന്റെ കോളജ് ഓര്‍മ്മക്ക് തുടക്കമിട്ടത്. തന്റെ ശരിയായ പേര് അതല്ലെന്നും സിസ്റ്ററിന് അബദ്ധം പറ്റിയതാണെന്നും അധ്യാപകന്‍ തിരുത്തിയപ്പോള്‍ ആകെ ചമ്മി കുളമായ അവസ്ഥയായിരുന്നെന്നും വിവരിച്ചപ്പോള്‍ കൂട്ടുകാര്‍ ഒന്നാകെ ചിരിച്ചു.

couple-contest
കുടുംബ സംഗമത്തില്‍ ദമ്പതികള്‍ക്കായി നടത്തിയ മത്സരത്തില്‍ നിന്ന്. ചിത്രം∙ ജോസ്കുട്ടി പനയ്ക്കല്‍

കോളജ് പഠനകാലത്തിനിടെ അവിടെത്തന്നെ താമസിച്ചുള്ള ധ്യാനം നടന്നപ്പോഴത്തെ കഥയാണ് ഇപ്പോള്‍ സ്കൂള്‍ ഹെഡ്മാസ്റ്ററായ സജി മാത്യു പങ്കുവച്ചത്.  പുലര്‍ച്ചെ ടെറസില്‍ കയറി മൂത്രമൊഴിച്ചതും മഴവെള്ളത്തിനൊപ്പം അത് താഴെയെത്തിയപ്പോള്‍ ചിലര്‍ പല്ലുതേയ്ക്കാനുള്ള ബ്രഷ് അതിലേക്ക് നീട്ടിപ്പിടിച്ചതും, അതു കണ്ട് വിലക്കാന്‍ പോലുമാകാതെ നിന്ന അവസ്ഥയും വിവരിച്ചപ്പോള്‍ കുട്ടികളടക്കംപൊട്ടിച്ചിരിച്ചു. കൂടാതെ അന്ന് ധ്യാനത്തില്‍ പങ്കെടുത്തവര്‍ താനും ബ്രഷ് നീട്ടിയിരുന്നോ എന്ന ചിന്തയിലാണ്ടവരും കുറവല്ല. കുടുംബത്തോടെയുള്ള പൂര്‍വ വിദ്യാര്‍ഥി സംഗമം ആയതിനാല്‍ത്തന്നെകുട്ടികളുടെ പാട്ടും കവിതയുമൊക്കെ ചടങ്ങിനെ സജീവമാക്കി.

കോളജ് യൂണിയന്‍ ചെയര്‍മാനായിരുന്ന സജി ജോസഫ്,രാഷ്ട്രീയം വിട്ട് ബിസിനസ് നടത്താനുണ്ടായ അനുഭവവും പങ്കിട്ടു. ജൂനിയറായി പഠിച്ച പെണ്‍കുട്ടിയെ ഭാര്യയാക്കിയ കഥയായിരുന്നു ദുബായിയില്‍ നിന്നും എത്തിയ ജയ്സണ്‍ സൈമണിന് പറയാനുണ്ടായിരുന്നത്. ദമ്പതികള്‍ക്കും, പങ്കാളികളില്ലാതെ എത്തിയവര്‍ക്കുമായി തമാശ മത്സരങ്ങളും പിന്നാലെ ഒരു ഗ്രൂപ്പ് ഫോട്ടോയും സ്നേഹവിരുന്നുമായി മൂന്നുമണിക്കൂര്‍ പങ്കിട്ടശേഷം അവര്‍ പിരിഞ്ഞു. എല്ലാവര്‍ഷവും ഒത്തുചേരുന്നതില്‍ പലരും ആഗ്രഹമറിയിച്ചെങ്കിലും അഞ്ചുവര്‍ഷത്തിലൊന്ന് കൂടുന്നതാണ് വിദേശത്തുള്ളവര്‍ക്ക് പോലും പങ്കെടുക്കാന്‍ ഉത്തമം എന്ന തീരുമാനത്തിലാണ് പിരി‍ഞ്ഞത്. ജിജോ ലൂക്കോസ്, ജെയ്സണ്‍ സൈമണ്‍, റെനില്‍ സി. ഏഴാനിക്കാട്ട്, സോജി അനില്‍, സോബി ജോര്‍ജ്, സജി മ‍ഞ്ഞക്കടമ്പില്‍, ജിയോ കുര്യന്‍ എന്നിവരടങ്ങുന്ന സംഘമാണ് കൂടിച്ചേരലിനുള്ള സംഘാടക സമിതിയായി പ്രവര്‍ത്തിച്ചത്.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama