go

സിപിഎം– സിപിഐ ബന്ധത്തിൽ വിള്ളൽ

cpm-cpi-flag
SHARE

രാജകുമാരി ∙ ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി സിപിഎം– സിപിഐ ബന്ധത്തിൽ വിള്ളൽ.  പഞ്ചായത്ത് രൂപീകരണം മുതൽ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളാണ് ഇവ.  എൽഡിഎഫ് ധാരണ പാലിക്കാൻ ഇരു പാർട്ടികളും തയാറാകാതെ വന്നതോടെ പ്രാദേശിക തലത്തിൽ മുന്നണി ബന്ധം തകർന്നു.

സമീപ പഞ്ചായത്തായ സേനാപതിയിൽ യുഡിഎഫ് ഭരിക്കുന്ന സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്താതെ സിപിഐ വിട്ടു നിൽക്കുന്നതും മുന്നണിക്ക് തലവേദനയാകുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കുമ്പോൾ ഇരു പാർട്ടികളിലെയും പ്രാദേശിക നേതൃത്വങ്ങൾ തമ്മിൽ ഉള്ള തർക്കങ്ങൾ മുന്നണി നേതൃത്വത്തെ വെട്ടിലാക്കുന്നു.

ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള തീവ്ര ശ്രമത്തിൽ ആണ് എൽഡിഎഫ് ജില്ലാ നേതൃത്വം. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ശാന്തൻപാറ, ചിന്നക്കനാൽ, സേനാപതി പഞ്ചായത്തുകളിൽ യുഡിഎഫ് സ്ഥാനാർഥിക്ക് ലീഡ് ലഭിച്ചത് മുന്നണിക്ക് കനത്ത പ്രഹരമായി. പരമ്പരാഗത ഇടത് പഞ്ചായത്തുകളിൽ ആദ്യമായി ആണ് യുഡിഎഫിന് മേൽക്കൈ ലഭിക്കുന്നത്.

ചിന്നക്കനാലിൽ പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കും: സിപിഐ

എൽഡിഎഫ് ഭരിക്കുന്ന ചിന്നക്കനാൽ പഞ്ചായത്തിൽ സിപിഐ പ്രതിനിധി ശ്രീദേവി അൻപുരാജ് ആണ് പ്രസിഡന്റ്. സിപിഐ 5, സിപിഎം 4, കോൺഗ്രസ് 5, ഒരു സ്വതന്ത്രൻ എന്നിങ്ങനെയാണ് കക്ഷി നില. സിപിഎം സ്ഥാനാർഥിയെ പരാജയപ്പെടുത്തിയ സ്വതന്ത്ര അംഗം പിന്നീട് സിപിഐയിൽ ചേർന്നിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ സിപിഐ പ്രാദേശിക നേതൃത്വം ഇൗ സ്വതന്ത്ര സ്ഥാനാർഥിക്ക് പിന്തുണ നൽകിയെന്ന് ആരോപിച്ച് സിപിഎം നേതൃത്വം ദീർഘ കാലം സിപിഐയുമായി ഇടഞ്ഞു നിന്നിരുന്നു.

മുന്നണി ധാരണ അനുസരിച്ച് കഴിഞ്ഞ മാസം വരെയായിരുന്നു സിപിഐക്ക് പ്രസിഡന്റ് സ്ഥാനം. അടുത്ത 16 മാസം സിപിഎമ്മിനാണ് പ്രസിഡന്റ് സ്ഥാനം. എന്നാൽ മാസങ്ങളായി നിലനിൽക്കുന്ന തർക്കങ്ങൾ മൂലം സിപിഐ പ്രസിഡന്റ് സ്ഥാനം വിട്ടു നൽകാൻ തയാറായില്ല. പ്രശ്നങ്ങൾ പരിഹരിച്ചു വെന്നും 2 ദിവസത്തിന് ഉള്ളിൽ സിപിഐ പ്രതിനിധി പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുമെന്നും സിപിഐ ജില്ലാ ജോയിന്റ് സെക്രട്ടറി സി.യു. ജോയി പറഞ്ഞു.

കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് പിന്തുണയോടെ സിപിഐ ചിന്നക്കനാലിൽ ഭൂസമരം നടത്തിയത് ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ സിപിഐ, യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് മറിച്ചു എന്ന് സിപിഎം ആരോപണം ഉന്നയിച്ചിരുന്നു. ഇരു പാർട്ടികളിലെയും പ്രാദേശിക നേതാക്കൾ തമ്മിലുള്ള സംഘർഷങ്ങളും മുന്നണിയെ ബാധിച്ചു.

ശാന്തൻപാറയിൽ മുന്നണി ധാരണ ലംഘിച്ച് സിപിഎം 

പഞ്ചായത്ത് രൂപീകരിച്ചത് മുതൽ എൽഡിഎഫ് ഭരിക്കുന്ന ശാന്തൻപാറ പഞ്ചായത്തിൽ സിപിഎം 6, സിപിഐ 2, കോൺഗ്രസ് 5 എന്നിങ്ങനെ ആണ് ഇപ്പോഴത്തെ കക്ഷി നില. സിപിഎമ്മിലെ ജിഷ ദിലീപ് ആണ് പ്രസിഡന്റ്. മുന്നണി ധാരണ അനുസരിച്ച് കഴിഞ്ഞ 30 ന് സിപിഎം പ്രതിനിധി രാജി വയ്ക്കേണ്ടതായിരുന്നു. അടുത്ത 15 മാസം സിപിഐക്ക് ആണ് പ്രസിഡന്റ് സ്ഥാനം.

എന്നാൽ സിപിഎം ശാന്തൻപാറ ഏരിയ കമ്മിറ്റിക്കു കീഴിൽ ഉള്ള ചിന്നക്കനാൽ പഞ്ചായത്തിൽ സിപിഐ പ്രസിഡന്റ് സ്ഥാനം കൈമാറാത്തതു കൊണ്ട് ശാന്തൻപാറ പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനവും സിപിഎം വിട്ടു നൽകിയില്ല. സിപിഐ പ്രതിനിധി വൈസ് പ്രസിഡന്റ് സ്ഥാനത്തും തുടരുകയാണ്. ചിന്നക്കനാലിൽ മുന്നണി ധാരണ പാലിച്ചാൽ ശാന്തൻപാറയിലും പ്രസിഡന്റ് സ്ഥാനം സിപിഐക്ക് ലഭിക്കും എന്നാണ് സൂചന. 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama