go

ഫയലുകളുടെ ‘നീന്തലിനൊപ്പം’ ഉദ്യോഗസ്ഥരുടെ ‘മുങ്ങാം കുഴിയും’

idukki-government-staff-skech
SHARE

തൊടുപുഴ ∙ നഗരത്തിലെ സർക്കാർ ഓഫിസുകളിൽ ഫയലുകളുടെ ‘നീന്തലിനൊപ്പം’ ഉദ്യോഗസ്ഥരുടെ ‘മുങ്ങാം കുഴിയിടൽ’ പരിശീലനവും’. ഒപ്പിട്ടു മുങ്ങലും ഒപ്പിടാതെ മുങ്ങലും അടക്കം പല രീതിയിലുള്ള മുങ്ങൽ ഇനങ്ങളാണ് സർക്കാർ ഓഫിസുകളിൽ യൂണിയൻ നേതാക്കൾ പയറ്റുന്നത്.

സർക്കാർ ഓഫിസ് എന്ന ‘മുങ്ങൽ’ കുളം

ജില്ലയിൽ ഭരണപക്ഷത്തെ ഒരു സംഘടനയുടെ വനിത ഉൾപ്പെടെയുള്ള  ഏതാനും നേതാക്കളാണ് സർക്കാർ ഭരണ ചക്രം തിരിക്കുന്നതെന്നാണ് ജീവനക്കാർ പറയുന്നത്. ഇവർ ജോലി ചെയ്യുന്ന ഓഫിസുകളിൽ മാത്രമല്ല മറ്റ് ഓഫിസുകളിലും ഇവരാണ് നിയന്ത്രണം. ഒരു മന്ത്രിയുടെ പഴ്സനൽ സ്റ്റാഫിലെ അംഗത്തിന്റെ അടുത്ത ബന്ധുവായ വനിത നേതാവ് ഇതിന്റെയെല്ലാം പേരിലാണ് ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത്.

3 ദിവസം മാത്രമാണ് ഇവർ ഓഫിസിലെത്തുന്നത്. ബാക്കിയുള്ള 3 ദിവസം സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ ഊരു ചുറ്റും. തിരികെ ഓഫിസിലെത്തുമ്പോൾ, ഹാജർ കോളങ്ങളിൽ മുഴുവൻ ഒപ്പിടും. ചോദ്യം ചെയ്താൽ സ്ഥലം മാറ്റുമെന്ന ഭീഷണിയും മുഴക്കും.  സ്ഥലം മാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉണ്ടാകുമെന്ന് ഭയന്ന് ജീവനക്കാർ ഭയത്തോടെയാണ് ഇവരെ കാണുന്നത്.

വനിതാ നേതാവിന്റെ അസഭ്യ വർഷത്തിൽ മനസ്സു മടുത്ത ജീവനക്കാർ ഇവർക്കെതിരെ സംഘടനാ നേതാക്കൾക്കു പരാതി നൽകിയിട്ടുണ്ട്.  യൂണിയൻകാരുടെ സമരവും പ്രകടനവും സമ്മേളനവും നടക്കുമ്പോൾ പല ഓഫിസുകളിലും ജീവനക്കാർ ഇല്ലാത്ത സ്ഥിതിയാണ്. വിദ്യാഭ്യാസ വകുപ്പിലെ ഒരു ഭരണപക്ഷ സംഘടന നേതാവ് ഓഫിസിൽ കയറാറെയില്ല. അതേസമയം, എല്ലാ ദിവസവും ഇയാൾ സമരമുഖത്ത് സജീവമാണ്. 

‘മുങ്ങൽ’ കോച്ച് അഥവാ തൊഴിലാളി യൂണിയൻ 

വിവിധ സർക്കാർ ഓഫിസുകളിൽ ജോലി ചെയ്യുന്ന യൂണിയൻ നേതാക്കൾ രാവിലെ ഒപ്പിട്ട ശേഷവും ഒപ്പിടാതെയും മറ്റ് ഓഫിസുകളിൽ എത്തി യൂണിയൻ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കും.ഇത്തരം ആളുകളാണ് പാലത്തിലും മറ്റും അനധികൃതമായി വച്ചിരുന്ന യൂണിയന്റെ ഫ്ലെക്സ് എടുത്തു മാറ്റിയതിന്റെ പേരിൽ കഴിഞ്ഞ വർഷം തൊടുപുഴ നഗരസഭ ഓഫിസിൽ എത്തി ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ നേതൃത്വം നൽകിയത്. ഓഫിസിൽ നാശം വരുത്തിയതിനും, ജീവനക്കാരനെ കയ്യേറ്റം ചെയ്തതിനും ജാമ്യമില്ലാ വകുപ്പിൽ പൊലീസ് കേസ് എടുത്തെങ്കിലും പിന്നീട് ഇതെ കുറിച്ച് ഒരു നടപടിയും ഉണ്ടായില്ല.

മുങ്ങൽ ഫണ്ട് പിരിക്കാൻ ‘വെള്ളത്തിലാശാന്മാർ’

യൂണിയൻ ഫണ്ടിന്റെ പേരിൽ നിർബന്ധിത പിരിവ് നടത്തുന്നതായും പരാതിയുണ്ട്. പിരിവ് നൽകാൻ വിസമ്മതിക്കുന്നവരോട് സ്ഥലം മാറ്റം  ഭീഷണി മുഴക്കിയാണ് നിർബന്ധ പിരിവ് നടത്തുന്നത്. പിരിവിന്റെ കാര്യത്തിൽ അറ്റൻഡർ മുതൽ ഓഫിസ് മേധാവി വരെയുള്ളവർക്ക് ടാർജറ്റ് ഇട്ടാണ് പിരിവ്.

ഒപ്പിട്ട് മുങ്ങൽ

യോഗ്യത – ഏതെങ്കിലും യൂണിയനിൽ അംഗത്വം (ഭരണ പ്രതിപക്ഷ വ്യത്യാസം ഇല്ല) രാവിലെ കൃത്യസമയത്ത് നന്നായി ഒരുങ്ങി ഓഫിസിലെത്തുക. റജിസ്റ്ററിൽ സ്വന്തം ഒപ്പ് വൃത്തിയായി ഇടുക. സഹപ്രവർത്തകരെ ചിരിച്ചു കാണിച്ച ശേഷം ഓഫിസിൽനിന്ന് ഇറങ്ങുക. സ്വന്തം കാര്യം നോക്കുക.

ഒപ്പിടാതെ മുങ്ങൽ

യോഗ്യത – ഏതെങ്കിലും യൂണിയനിൽ നേതാവായിരിക്കുക (ഭരണ പ്രതിപക്ഷ വ്യത്യാസം ഇല്ല) യൂണിയൻ നേതാക്കൾക്ക് മാത്രം മത്സരിക്കാനാവുന്ന ഇനമാണ് ഇത്. പകുതി ദിവസം പോലും ഓഫിസിൽ എത്തരുത്. ചോദ്യം ചെയ്യുന്ന മേലുദ്യോഗസ്ഥരെ കാസർഗോഡിന് സ്ഥലം മാറ്റുമെന്ന ഭീഷണി ദിവസം 2 നേരം പ്രാക്ടീസ് ചെയ്യണം.

ഒപ്പിടൽ ‘മാരത്തൺ’

യോഗ്യത – യൂണിയൻ നേതാക്കളുമായി അടുത്ത ബന്ധം/ കയ്യാൾ ആഴ്ചയിലൊരിക്കലോ രണ്ടാഴ്ച കൂടുമ്പോഴോ വന്ന് ഒരുമിച്ച് ഒപ്പിട്ടു മടങ്ങുന്ന പ്രത്യേക ഇനം മത്സരം. ഒപ്പിടാനെത്തുന്ന ദിവസം ജോലി ചെയ്യുമെന്നുള്ളതാണ് മറ്റ് ഇനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ചോദ്യം ചെയ്താൽ ഒരു വിളിപ്പുറത്ത് യൂണിയൻ നേതാക്കൾ ഉണ്ടായിരിക്കണം. പിന്നീട് പതിവ് ഭീഷണി.

‘സ്റ്റാൻഡ് ബൈ’ ടീം

യോഗ്യത – ഭരണകർത്താക്കളുടെ പിന്തുണ, ബന്ധുക്കൾ തലസ്ഥാനത്ത് മന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽ ഒപ്പ് ഇടുക എന്നൊരു പരിപാടി ഈ ഇനത്തിൽ ഇല്ല. ഹാജരൊക്കെ തന്നെ വന്നുകൊള്ളും. ഏറ്റവും നീണ്ടനേരത്തെ മുങ്ങലും ഇതുതന്നെ. ഭംഗിയായി മുങ്ങുന്നവർക്ക് മറ്റ് മുങ്ങലുകാരെ സംരക്ഷിക്കലും ഉപദേശം നൽകലും അടക്കം മറ്റ് പണികളും ഉണ്ട്. 

മുങ്ങുന്നവരെ പൊക്കാൻ സ്പെഷൽ ബ്രാഞ്ച്

നഗരസഭ ഓഫിസിൽ നിന്നും മറ്റ് സർക്കാർ ഓഫിസുകളിൽ നിന്നും വിവിധ കാരണങ്ങൾ പറഞ്ഞ് ഒപ്പിട്ട ശേഷം മുങ്ങുന്നവരെ കുറിച്ച് സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. സർക്കാർ ഓഫിസിൽ എത്തി ഒപ്പിട്ട ശേഷം കച്ചവടത്തിനും, മറ്റ് സ്വകാര്യ ആവശ്യങ്ങൾക്കുമായി പോകുന്ന ജീവനക്കാരെ കുറിച്ച് മനോരമ റിപ്പോർട്ട്. ഇതെ തുടർന്നാണ് സ്പെഷൽ ബ്രാഞ്ച് പൊലീസ് റിപ്പോർട്ട് തേടിയിരിക്കുന്നത്.  നഗരസഭയിൽ ജീവനക്കാർ ഒപ്പിട്ട ശേഷം മുങ്ങുന്നാതായ  മനോരമ വാർത്ത നഗരസഭ കൗൺസിൽ യോഗത്തിലും ചർച്ചയായി. 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama