go

കാർഡമം റജിസ്‌ട്രേഷൻ: ഫീസ് ഘടന ഉത്തരവിറങ്ങി

Idukki News
SHARE

കട്ടപ്പന ∙ ഏലം കർഷകരുടെ ആശങ്കകൾക്കു വിരാമമിട്ട് സ്ഥിരം കാർഡമം റജിസ്‌ട്രേഷനുള്ള(സിആർ) ഫീസ് ഘടന നിശ്ചയിച്ച് സർക്കാർ ഉത്തരവ് ഇറങ്ങി. ഇതോടെ സിആർ സർട്ടിഫിക്കറ്റിനായി കാത്തിരിക്കുന്ന നൂറുകണക്കിന് കർഷകർക്ക് ആശ്വാസം. കാർഡമം റജിസ്‌ട്രേഷനുള്ള (സിആർ) കാലാവധി ദീർഘിപ്പിച്ച് സർക്കാർ ഉത്തരവ് ഇറങ്ങിയിട്ട് 2 മാസം പിന്നിട്ടിട്ടും ഫീസ് ഘടന നിശ്ചയിച്ച് ഉത്തരവ് ഇറങ്ങാതിരുന്നത് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇതിനിടെയാണ് 21ന് സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. 

ഫീസ്  3 വിഭാഗങ്ങളാക്കി

കൃഷിഭൂമിയുടെ വിസ്തൃതി 2 ഹെക്ടർ വരെയും 2 മുതൽ 5 ഹെക്ടർ വരെയും 5 ഹെക്ടറിനു മുകളിലും എന്നിങ്ങനെ 3 വിഭാഗങ്ങളിലായി തിരിച്ച ശേഷം ഓരോ ഹെക്ടറിനും നിശ്ചിത തുക നിശ്ചയിച്ചാണു ഫീസ് ഈടാക്കുക. 2 ഹെക്ടർ വരെയുള്ള കൃഷിഭൂമിക്ക് ഹെക്ടർ ഒന്നിന് 300 രൂപയാണ് ഫീസ്. 2 മുതൽ 5 വരെ ഹെക്ടർ ഭൂമിക്ക് ഹെക്ടർ ഒന്നിന് 500 രൂപയും 5 ഹെക്ടറിനു മുകളിലുള്ള ഭൂമിക്ക് ഹെക്ടർ ഒന്നിന് 1000 രൂപയുമാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ മുൻ അവകാശിയുടെ റജിസ്ട്രേഷൻ റദ്ദു ചെയ്യാൻ 50 രൂപയും ഫീസ് അടയ്ക്കണം.

ഫീസ് രേഖപ്പെടുത്തിയില്ല

1986ലെ സ്‌പൈസസ് ബോർഡ് ആക്ട് പ്രകാരം കാർഡമം റജിസ്‌ട്രേഷനുള്ള കാലാവധി 2017 ഏപ്രിൽ 1 മുതൽ 2020 മാർച്ച് 31 വരെ ദീർഘിപ്പിച്ചുകൊണ്ട് ജൂൺ 15നാണ് സർക്കാർ ഉത്തരവ് ഇറക്കിയത്. എന്നാൽ അപേക്ഷ സ്വീകരിക്കാൻ ആവശ്യമായ ഫീസ് എത്രയാണെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നില്ല. ഇതിനാൽ അപേക്ഷ സ്വീകരിക്കാൻ കഴിയാത്ത സാഹചര്യമായതോടെ ഇക്കാര്യം വീണ്ടും സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുകയും പിന്നീട് മന്ത്രിസഭാ യോഗത്തിൽ ഫീസ് ഘടന നിശ്ചയിച്ച് ഉത്തരവ് ഇറക്കുകയുമായിരുന്നു.

സ്‌പൈസസ് ബോർഡിൽ നിന്നും വിവിധ സർക്കാർ വകുപ്പുകളിൽ നിന്നും കൃഷിക്ക് ആനുകൂല്യങ്ങൾ ലഭിക്കാനും ഏലക്കായ നിയമപരമായി വിൽക്കാനും സിആർ റജിസ്‌ട്രേഷൻ നിർബന്ധമാണ്.  സ്ഥിരമായ സിആർ സർട്ടിഫിക്കറ്റ് അനുവദിക്കാൻ നടപടി വേണമെന്ന കർഷകരുടെ ആവശ്യം സാങ്കേതിക കാരണങ്ങൾ നിരത്തിയാണ് ഇതുവരെ ഉദ്യോഗസ്ഥർ തള്ളിയിരുന്നത്. 

സിആർ ലഭിച്ച ഒരു കർഷകൻ ഭൂമി കൈമാറ്റം ചെയ്യാത്തിടത്തോളം കാലം അതിന്റെ കാലാവധി ലഭ്യമാക്കണം എന്നായിരുന്നു കർഷകരുടെ ആവശ്യം. ഇതിനായി കാർഡമം ഗ്രോവേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ കാലങ്ങളായി ശ്രമം നടത്തി വരികയായിരുന്നു. എന്നാൽ ഇടയ്ക്കിടെ ഇറങ്ങുന്ന ഉത്തരവുകൾ അനുസരിച്ച് നിശ്ചിത കാലത്തേക്കു മാത്രമായാണ് സിആർ അനുവദിച്ചിരുന്നത്. ഉദ്യോഗസ്ഥർക്കു കൈമടക്ക് വാങ്ങാനാണ് ഈ രീതി പിന്തുടരുന്നതെന്ന ആക്ഷേപവും ഉയർന്നിരുന്നു.

പ്രതിഷേധം ശക്തമായതും അസോസിയേഷന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ആന്റണി മാത്യുവും സെക്രട്ടറി ഷൈൻ വർഗീസ് അടക്കമുള്ളവരുടെ ശ്രമവും പുതിയ ഉത്തരവ് ഇറങ്ങാൻ ഇടയാക്കി. കൂടാതെ മന്ത്രി എം.എം.മണി, ഇ.എസ്.ബിജിമോൾ എംഎൽഎ തുടങ്ങിയവരുടെ ഇടപെടലും നിർണായകമായി.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama