go

‘ഹൈ’റേഞ്ചിൽ പുകയുന്നത് ലഹരി; വലയിലായി ലഹരി വണ്ടികൾ

Ganja
SHARE

തൊടുപുഴ ∙ കഞ്ചാവ്, മദ്യം തുടങ്ങിയ ലഹരികളുടെ കേന്ദ്രമായി മാറുകയാണ് ജില്ല. ദിവസവും എക്സൈസിന്റെ നേതൃത്വത്തിൽ കഞ്ചാവും മദ്യവും പിടികൂടുന്നുണ്ട്. പിടിച്ചെടുക്കുന്ന ഇത്തരം ലഹരി വസ്തുക്കൾ എന്താണ് ചെയ്യുന്നത്...? ഇവ സൂക്ഷിക്കാൻ സ്ഥലമുണ്ടോ...?പിടികൂടുന്ന ലഹരി വസ്തുക്കളെല്ലാം കത്തിച്ചുകളയുകയാണ് എക്സൈസ് ചെയ്യുന്നത്. എന്നാൽ, വെറുതേ അങ്ങനെ കത്തിക്കാനും പറ്റില്ല. അതിനു ചില നടപടിക്രമങ്ങളുണ്ട്.

കഞ്ചാവ്

ഒരു കിലോയിൽ താഴെയുള്ള കഞ്ചാവ് പ്രതിക്കൊപ്പം ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് എക്സൈസ് സംഘം ഹാജരാക്കുന്നത്. ഒരു കിലോയ്ക്ക് മുകളിലാണെങ്കിൽ ജില്ലാ കോടതിയിൽ ഹാജരാക്കണം. കോടതിയുടെ നിർദേശപ്രകാരം കഞ്ചാവ് ‘ഇൻവെന്ററി’ തെളിവാക്കി മാറ്റുന്നു. അതായത്, മജിസ്ട്രേട്ട് കണ്ടു ബോധ്യപ്പെട്ട ലഹരി വസ്തുവിന്റെ ഫോട്ടോയും വിഡിയോയും എടുത്തു രേഖയായി സൂക്ഷിക്കുന്നു. പിന്നീട് കോടതിയിൽ ലഹരി ഹാജരാക്കേണ്ടതില്ല. പകരം ‘ഇൻവെന്ററി’ ഹാജരാക്കിയാൽ മതി.ഇടുക്കി എആർ ക്യാംപിലേക്കാണു കഞ്ചാവു കൊണ്ടുപോകുന്നത്. പിന്നീട് എക്സൈസിന്റെ ഡിസ്പോസൽ കമ്മിറ്റി ഇതു നശിപ്പിക്കുന്നു. 

എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ, അസിസ്റ്റന്റ് കമ്മിഷണർ, സ്ക്വാഡ് സിഐ എന്നിവരടങ്ങുന്നതാണു കമ്മിറ്റി. ഇവർ വനംവകുപ്പിന്റെ അനുമതിയോടെ കാടിനുള്ളിൽ കുഴിയെടുത്ത് മണ്ണെണ്ണയോ പെട്രോളോ ഉപയോഗിച്ച് കത്തിച്ചു ‌കളയും. ചില കേസുകളിൽ കേസിന്റെ വിധി വരെ കഞ്ചാവ് ക്യാംപിൽ സൂക്ഷിക്കും. അതിനു ശേഷമാണു കത്തിക്കുക. അപൂർവം കേസുകളിൽ മാത്രമാണ് ഇതു ചെയ്യുന്നത്. ഭൂരിഭാഗം കേസിലും ‘ഇൻവെന്ററി’ ആക്കിയ ഉടൻ നശിപ്പിക്കുന്നു. പിടികൂടുന്ന ഹഷിഷ് ഓയിലും ഇതേ രീതിയിലാണു നശിപ്പിക്കുന്നത്.

മദ്യം

പിടികൂടുന്ന മദ്യം കോടതിയിൽ ഹാജരാക്കേണ്ടതില്ല. പകരം, എക്സൈസ് ഡപ്യൂട്ടി കമ്മിഷണറുടെ മുന്നിലാണു ഹാജരാക്കേണ്ടത്. കമ്മിഷണർ കണ്ടു ബോധ്യപ്പെട്ടാൽ അത് ‘ഇൻവെന്ററി’ തെളിവാക്കുന്നു. കോടതിയിൽ ഇതാണു ഹാജരാക്കുന്നത്. പിന്നീട് ആളൊഴിഞ്ഞ പ്രദേശത്ത് ഇവ ഒഴിച്ചുകളയും. കൂടുതൽ കാലം     ഓഫിസുകളിൽ    പോലും സൂക്ഷിക്കാൻ പാടില്ല എന്നർഥം.

ലഹരി ഗുളിക

കോടതിയിൽ ഹാജരാക്കുന്ന ഗുളികകൾ ‘ഇൻവെന്ററി’ തെളിവാക്കുന്നു. പിന്നീട് എക്സൈസിന്റെ ഡിസ്പോസൽ കമ്മിറ്റി കുഴിച്ചിടും. വനത്തിനുള്ളിൽ കുഴിയെടുത്തു ഗുളികകൾ പൊടിച്ചിടുന്നു. അതിൽ വെള്ളവും ഒഴിച്ചാണു മൂടുന്നത്.

വലയിലായി ലഹരി വണ്ടികൾ 

ലഹരി വസ്തുക്കൾ കടത്തുന്നതിനിടെ ഏറ്റവും അധികം വാഹനങ്ങൾ പിടിച്ചെടുത്തതിന്റെ റെക്കോർഡ് ഇടുക്കി എക്സൈസിന് സ്വന്തം. കഴിഞ്ഞ വർഷത്തെ ഓണം ഡ്രഗ് ഡ്രൈവിൽ 24 വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഇത്തവണ ജൂലൈ മാസത്തിൽ 15ഉം ജൂണിൽ 20ഉം വണ്ടികൾ പിടിച്ചെടുത്തിട്ടുണ്ട്. മറ്റ് ജില്ലകളെ അപേക്ഷിച്ച്  ഏറ്റവും അധികം വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുന്നത് ഇടുക്കി ജില്ലയിലാണ്.

ഇത്തരത്തിൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം ലേലം ചെയ്യുകയാണ് പതിവ്. ഉടമകൾക്ക് വാഹനത്തിന്റെ വില ഇടിച്ച് താൽക്കാലികമായി വിട്ടുകൊടുക്കാറുമുണ്ട്. എല്ലാ മാസവും എക്സൈസ് ഓഫിസിൽ ലേലം നടക്കും. ഓൺലൈനായും വാഹനങ്ങൾ ലേലത്തിൽ വയ്ക്കും.  ലഹരിയുമായി വണ്ടിയിൽ പോകും മുൻപ് ഓർക്കുക, വണ്ടി പിന്നെ കണികാണാൻ കിട്ടില്ല!!

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama