go

2 മരം വീണതേയുള്ളൂ, കെഎസ്ഇബിക്ക് പോയത് ഒരു കോടി

കുമളി - മൂന്നാർ സംസ്ഥാന പാതയിൽ ഉടുമ്പൻചോലയിൽ വൻ മരം വീണു തകർന്ന വൈദ്യുത പോസ്റ്റ്.
കുമളി - മൂന്നാർ സംസ്ഥാന പാതയിൽ ഉടുമ്പൻചോലയിൽ വൻ മരം വീണു തകർന്ന വൈദ്യുത പോസ്റ്റ്.
SHARE

നെടുങ്കണ്ടം ∙  മഴക്കെടുതിയിൽ 2 മരങ്ങൾ കാരണം കെഎസ്ഇബിക്കു നഷ്ടം 1 കോടി രൂപ.   മരം വീണതു കാരണം മാറ്റി വച്ച വണ്ടൻമേട് 33 കെ.വി. സബ് സ്റ്റേഷൻ കമ്മിഷനിങ്  സെപ്റ്റംബർ 16 നു നടക്കും. കഴിഞ്ഞ മാസം പദ്ധതി കമ്മിഷൻ ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതിനിടെ വൻ മരം കടപുഴകി വീണു. 4 ഇരുമ്പ് കേഡർ പോസ്റ്റുകൾ വളഞ്ഞു പോയി. ഇതു നന്നാക്കിയതിനു പിന്നാലെ അടുത്ത ദിവസം വീണ്ടും മരം കടപുഴകി വീണ് 2 കേഡർ പോസ്റ്റുകൾ തകർന്നു. ഇതോടെ വീണ്ടും കമ്മിഷനിങ് അനിശ്ചിതാവസ്ഥയിലായി. 

പുതിയതായി കമ്മിഷൻ ചെയ്യാനിരുന്ന വണ്ടൻമേട് 33 കെ.വി. സബ് സ്റ്റേഷനിലേക്കു വലിച്ചിരുന്ന ലൈനിലേക്കാണ് മരം പതിച്ചത്. വൈദ്യുത ലൈൻ കടന്നു പോകുന്ന കൂറ്റൻ പോസ്റ്റുകൾ വളഞ്ഞു പോയി. എന്നാൽ ലൈനുകൾ പൊട്ടി വീണില്ല.  വൻ മരത്തിന്റെ ഭാരം കാരണമാണ് ഇത്രയും പോസ്റ്റുകൾ ഒരുമിച്ചു വളഞ്ഞത്. തകരാർ പറ്റിയ പോസ്റ്റുകൾ  ദിവസങ്ങൾക്കുള്ളിൽ മാറ്റി. ശക്തമായ കാറ്റിൽ സംസ്ഥാന പാതയുടെ സമീപത്തു നിന്നിരുന്ന കൂറ്റൻ മരം വൈദ്യുത ലൈനിലേക്ക് പതിക്കുകയായിരുന്നു. മരം കട പുഴകിയതിനു പിന്നാലെ വൈദ്യുത ലൈനും, പോസ്റ്റുകളും റോഡിലേക്കു വീണു. ഇതോടെ 2 മണിക്കൂർ ഗതാഗതം സ്തംഭിച്ചിരുന്നു. പുതിയ കേഡർ പോസ്റ്റുകൾ എത്തിച്ച് കോൺക്രീറ്റ് ചെയ്തു ഉറപ്പിച്ചാണ് വീണ്ടും വൈദ്യുത ലൈൻ വലിച്ചത്. 

ഇതിനു പിന്നാലെ വീണ്ടും മരം കടപുഴകി ലൈനിലേക്കു പതിച്ചു. മരത്തിന്റെ ഭാരം കാരണം പോസ്റ്റുകൾ വളഞ്ഞു നിലത്തു മുട്ടി. ഇതോടെ കമ്മിഷനിങ് വീണ്ടും മാറ്റി. വളഞ്ഞ പോസ്റ്റുകൾക്കു പകരം പുതിയ പോസ്റ്റുകൾ സ്ഥാപിച്ചു.പുതിയ 33 കെവി വൈദ്യുത ലൈനിലൂടെ വൈദ്യുതി ടെസ്റ്റ് റൺ നടത്തുമെന്ന് കെഎസ്ഇബി കഴിഞ്ഞ മാസം മുന്നറിയിപ്പ് നൽകിയിരുന്നു.

 മരം വീണതോടെ ടെസ്റ്റ് റൺ നിർത്തി. പുതിയതായി വലിച്ച ലൈനും, പോസ്റ്റും തകർന്നതോടെയാണ് ട്രയൽ റൺ മാറ്റിയത്. കുമളി - മൂന്നാർ സംസ്ഥാന പാതയിൽ പാമ്പാടുംപാറക്കും പുളിയൻമലയ്ക്കും ഇടയിൽ കാഞ്ഞിരത്തുംമൂട്ടിലാണു വൻ മരം കടപുഴകിയത്. നെടുങ്കണ്ടം കല്ലാർ സബ് സ്‌റ്റേഷനിൽ നിന്നും പുതുതായി ആരംഭിച്ച വണ്ടൻമേട് സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന 33 കെ.വി ലൈനിലേക്കാണു മരങ്ങൾ പതിച്ചത്. 

വണ്ടൻമേട് സബ് സ്റ്റേഷനിലേക്കു 20 കിലോമീറ്റർ ദൂരത്തിലാണ് വൈദ്യുത ലൈൻ വലിച്ചിരിക്കുന്നത്. 10 കോടി രൂപ മുതൽ മുടക്കിലാണു പുതിയ 33 കെ.വി. സബ് സ്റ്റേഷന്റെ നിർമാണം. കെഎസ്ഇബിക്കു അപകട ഭീഷണി ഉയർത്തി നിരവധി കൂറ്റൻ മരങ്ങളാണ് സംസ്ഥാന പാതയോരത്തുള്ളത്. ഒരു കമ്പ് ഒടിഞ്ഞു വീണാലും, മരം വീണാലും ലക്ഷ കണക്കിനു രൂപയാണ് ബോർഡിനു നഷ്ടം.

തോട്ടം മേഖലയിലൂടെ കടന്നു പോകുന്ന വൈദ്യുത ലൈനുകളിലേക്ക് പതിക്കാൻ സാധ്യതയുള്ള മരക്കമ്പുകൾ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായി. മരങ്ങളുടെ അവകാശം വനം വകുപ്പിനു ആയതിനാൽ ബോർഡിനു മരക്കമ്പ് വെട്ടാനും കഴിയില്ല. ആയിര കണക്കിനു വിനോദ സഞ്ചാരികളാണ് സംസ്ഥാന പാതയിലൂടെ കടന്നു പോകുന്നത്.

മരം, വീണാലും, മരക്കമ്പുകൾ ഒടിഞ്ഞാലും വൻ അപകട സാധ്യത നിലവിലുണ്ട്. ഈ സാഹചര്യത്തിൽ അപകട ഭീഷണി ഉയർത്തുന്ന വൻ മരങ്ങൾ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായി. സംസ്ഥാന പാതയിലേക്കു കടപുഴകി വീഴുന്ന വൻ മരങ്ങൾക്കൊപ്പം ഇടിഞ്ഞു വീഴുന്ന   മണ്ണും, കല്ലും നിരവധി തവണയാണ് മഴക്കാലത്തു ഗതാഗത തടസ്സം ഉണ്ടാക്കുന്നത്.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama