go

ചാഞ്ചാടി വില; ആശങ്കയിൽ കർഷകർ

idukki-elakka
ഏലയ്ക്ക.
SHARE

കട്ടപ്പന ∙ ഏലക്കായയുടെ വിളവെടുപ്പ് ആരംഭിച്ചപ്പോൾ വിലയിൽ ഉണ്ടാകുന്ന ചാഞ്ചാട്ടം കർഷകരെ ആശങ്കയിൽ ആഴ്ത്തുന്നു. ഓഗസ്റ്റ് ആദ്യവാരത്തെ റെക്കോർഡ് ഉയർച്ചയ്ക്കുശേഷം ഏലക്കായ വില ഈ ആഴ്ച മുതലാണ് ഇടിഞ്ഞു തുടങ്ങിയത്. 3 ദിവസത്തെ ഇടിവിനുശേഷം നേരിയ ഉണർവ് രേഖപ്പെടുത്തിയ വില വെള്ളിയാഴ്ച വീണ്ടും ഇടിഞ്ഞു. ഓഗസ്റ്റ് 3ന് നെടുങ്കണ്ടം ഹെഡർ സിസ്റ്റംസിന്റെ ലേലത്തിലെ ഉയർന്ന വില 7000 രൂപയും അതേദിവസത്തെ വണ്ടൻമേട് മാസ് എന്റർപ്രൈസസിന്റെ ലേലത്തിലെ ശരാശരി വില 4733.19 രൂപയുമാണ് ഇതുവരെയുള്ള റെക്കോർഡ്.

ചൊവ്വാഴ്ചത്തെ നെടുങ്കണ്ടം ഹെഡർ സിസ്റ്റംസിന്റെ ലേലത്തിൽ ഉയർന്ന വില 3092 രൂപയായും ശരാശരി വില 2318 രൂപയായും കൂപ്പുകുത്തുകയായിരുന്നു. അതിനുശേഷമാണ് ബുധനാഴ്ചത്തെ ലേലത്തിൽ നേരിയ ഉണർവ് പ്രകടമായത്. വ്യാഴാഴ്ച വില അൽപം കൂടി ഉയർന്നെങ്കിലും വെള്ളിയാഴ്ച വീണ്ടും ഇടിഞ്ഞു. വെള്ളിയാഴ്ച രാവിലെ നടന്ന സുഗന്ധഗിരി സ്‌പൈസസ് പ്രൊമോട്ടേഴ്‌സ് ആൻഡ് ട്രേഡേഴ്‌സിന്റെ ലേലത്തിൽ ശരാശരി വില 2659.59 ആയി കുറഞ്ഞു. വ്യാഴാഴ്ച 3059 രൂപ വരെ ഉയർന്ന വിലയാണ് വീണ്ടും താഴ്ന്നത്. 3863 രൂപ വരെ എത്തിയ ഉയർന്ന വില 3519 രൂപയായും ഇടിഞ്ഞു.

തുടർച്ചയായി മഴ ലഭിച്ചത് ഏലം കൃഷിക്ക് അനുകൂലമാകും എന്നതിനാൽ ഉൽപാദനം വർധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് വില ഇടിയുന്നതെന്നാണ് വിലയിരുത്തൽ. ഏതാനും ആഴ്ചകളായി 30,000 കിലോഗ്രാമിൽ താഴെ ഏലക്കായയാണ് ലേലത്തിന് എത്തിയിരുന്നത്. ചൊവ്വാഴ്ച നടന്ന ലേലത്തിൽ അത് 47,431 ആയി ഉയർന്നിരുന്നു. ഇത് ഉൽപാദനം കൂടിയതിന്റെ ലക്ഷണമായി വിലയിരുത്തപ്പെട്ടെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ കാര്യമായ തോതിൽ ഉൽപന്നം എത്തിയില്ല.

മാത്രമല്ല തിങ്കളാഴ്ച നടന്ന ലേലത്തിൽ 11565 കിലോഗ്രാം കായ പതിഞ്ഞപ്പോഴാണ് വില ഇടിഞ്ഞ് ശരാശരി വില 3000 രൂപയ്ക്കു താഴെയായത് എന്നതും ശ്രദ്ധേയമാണ്. തുടർച്ചയായ 2 വർഷങ്ങളിലെ പ്രളയവും ഇടയ്ക്ക് ഉണ്ടായ വേനലും വൻതോതിൽ കൃഷി നശിപ്പിച്ചിട്ടും വില ഇടിയുന്ന സാഹചര്യം പ്രകടമാകുന്നത് കർഷകരെ ആശങ്കപ്പെടുത്തുന്നു. മറ്റ് വിളകൾക്ക് എല്ലാം വിലയിടിവ് നേരിടുന്നതിനാൽ അവശേഷിക്കുന്ന ഏലം കൃഷിയിൽ നിന്ന് താൽക്കാലിക നിലനിൽപിനുള്ള വരുമാനമെങ്കിലും നേടാൻ സാധിക്കുമെന്ന പ്രതീക്ഷയ്ക്കാണ് മങ്ങൽ ഏൽക്കുന്നത്.

ഇ-ലേലത്തിലെ വില ഇടിയാൻ തുടങ്ങിയതോടെ പൊതുവിപണിയിലെ വിലയിലും കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. നിലവിൽ 2000 മുതൽ 2500 രൂപയ്ക്കു വരെയാണ് ചെറികിട കർഷകരിൽ നിന്ന് വ്യാപാരികൾ ഏലക്കായ വാങ്ങുന്നത്. കർഷകരിൽ നിന്ന് 4500 രൂപയ്ക്കു മുകളിൽ വില കൊടുത്തു വാങ്ങിയ ഏലക്കായ നഷ്ടം സഹിച്ച് വിൽക്കേണ്ട സാഹചര്യം ഉടലെടുത്തത് വ്യാപാരികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama