go

പണം നൽകിയിട്ടും വഴിയിൽ ഇറക്കിവിട്ടു; ഓട്ടോഡ്രൈവറെ നിയമത്തിനു മുന്നിലെത്തിച്ച് 70 കാരൻ

idk-auto-rto
ബാലകൃഷ്ണനും ഭാര്യ സരസ്വതിയും
SHARE

ഓട്ടം വിളിച്ച് പണം മുൻകൂർ നൽകിയിട്ടും വഴിയിലിറക്കിവിട്ട ഓട്ടോഡ്രൈവറെ നിയമത്തിനു മുന്നിലെത്തിച്ച് 70 കാരന്റെ നിശ്ചയദാർഢ്യം. ഇനി ആർക്കും ഇതുപോലെ സംഭവിക്കരുതെന്ന് കരുതി നടത്തിയ പോരാട്ടത്തിന് കയ്യടി. ആശുപത്രിയിലേക്കു പോകും വഴി പാതിവഴിയിൽ ഇറക്കിവിട്ട ഓട്ടോഡ്രൈവർക്കെതിരെ ആർടിഒയ്ക്ക് പരാതി നൽകി പിഴ അടപ്പിച്ച മൂലമറ്റം സ്വദേശി ബാലകൃഷ്ണൻ സംഭവത്തെക്കുറിച്ചു പറയുന്നു.

മൂലമറ്റം ∙ ‘ എനിക്ക് 70 വയസ്സായി. എന്നിട്ടും ഞാൻ ആർടിഒ ഓഫിസിലെത്തി പരാതി നൽകിയത് ഇനി വേറെ ആർക്കും ഇങ്ങനെ സംഭവിക്കാതിരിക്കാനാണ്. എല്ലാവർക്കും ഒരു  പാഠമാവണം ഇത്.’ ആശുപത്രിയിലേക്കു പോകും വഴി പാതിവഴിയിൽ ഇറക്കിവിട്ട ഓട്ടോഡ്രൈവർ ആശ്രമം സ്വദേശി പുഷ്പരാജനെതിരെ ആർടിഒയ്ക്ക് പരാതി നൽകി പിഴ അടപ്പിച്ച മൂലമറ്റം സ്വദേശി ബാലകൃഷ്ണൻ പറയുന്നു. ആ സംഭവത്തെ പറ്റി ബാലകൃഷ്ണൻ ചേട്ടൻ തന്നെ പറയട്ടെ, മൂലമറ്റം ടൗണിൽ ലോട്ടറി കച്ചവടം ആണ് എനിക്ക്.

ഭാര്യയ്ക്ക് 65 വയസ്സായി. രണ്ടു മക്കളുണ്ടെങ്കിലും അവരൊക്കെ മാറി ആണ് താമസിക്കുന്നത്. അന്ന് പനി ബാധിച്ച് ന്യുമോണിയ ആയപ്പോൾ ഭാര്യയാണ് പറഞ്ഞത് തൊടുപുഴ ആൽ അസർ ആശുപത്രിയിലേക്ക് പോകാം എന്ന്. ഒരു സുഹൃത്താണ് ഓട്ടോറിക്ഷ വിളിച്ച് വീട്ടിൽ വന്നത്. ആ വണ്ടിയിൽ തൊടുപുഴയ്ക്ക് ഞാനു ഭാര്യയും പോയി. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കുടയത്തൂരിൽ ഇറങ്ങി എന്നിട്ട് ഓട്ടോറിക്ഷയുടെ വാടക 600 രൂപ താൻ കൊടുത്തിട്ടുണ്ടെന്നും ഓട്ടോകൂലി കൊടുക്കേണ്ട എന്നും പറഞ്ഞു.

പെരുമ്പള്ളിച്ചിറയിലുള്ള അൽഅസറിന്റെ ദന്താശുപത്രിയുടെ മുന്നിൽ ഓട്ടോറിക്ഷ നിർത്തി ആശുപത്രി എത്തി എന്ന് ഡ്രൈവർ പറഞ്ഞു. ഞങ്ങൾ ഇറങ്ങിയപാടെ ഡ്രൈവർ ഓട്ടോറിക്ഷ മുന്നോട്ട് എടുത്തു. അപ്പോഴാണ് ഞാൻ ബോർഡ് കണ്ടത്. ദന്താശുപത്രിയാണെന്ന് കണ്ടപ്പോ 10 മീറ്റർ മാത്രം മുന്നോട്ടുപോയ ഓട്ടോറിക്ഷ കൈകാട്ടി നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അയാൾ നിർത്താതെ പോയി. പിന്നീട് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരാണ് മറ്റൊരു ഓട്ടോറിക്ഷ വിളിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വിട്ടത്.

ഒരാഴ്ച ആശുപത്രിയിൽ കഴിഞ്ഞു. ’ ആശുപത്രിയിൽ നിന്ന് ഇറങ്ങിയ ബാലകൃഷ്ണൻ ഓട്ടോഡ്രൈവർക്കെതിരെ തൊടുപുഴ ജോയിന്റ് ആർടിഒയ്ക്ക് പരാതി നൽകി. ജോയിന്റ് ആർടിഒ ഓട്ടോക്കാരനെ വിളിച്ചു വരുത്തി താക്കീത് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു. പിന്നീട് ഓട്ടോഡ്രൈവർ ബാലകൃഷ്ണനെ വീട്ടിലെത്തി നേരിൽക്കണ്ട് ക്ഷമ പറഞ്ഞു.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama