go

നാടും നഗരവും അമ്പാടിയായി

idukki-sreekrishna-thodupuzha
തൊടുപുഴയിൽ നടന്ന മഹാശോഭായാത്ര
SHARE

തൊടുപുഴ ∙ മഞ്ഞപ്പട്ടുടുത്ത് പീലിത്തിരുമുടി ചൂടി ഓടക്കുഴലുമേന്തി ഉണ്ണിക്കണ്ണന്മാർ വീഥികളിൽ നിറഞ്ഞാടി. ഒപ്പം ഗോപികമാർ പുഞ്ചിരിയോടെ ചുവടുവച്ചു. സൗന്ദര്യം ചാലിട്ടൊഴുകിയെത്തിയ ശോഭായാത്രകൾ സംഗമിച്ച് നഗരം കൃഷ്ണസാഗരമായി. സ്നേഹവും വാത്സല്യവും ഭക്‌തിയും നിറച്ച മയിൽപ്പീലി വർണങ്ങളിലൂടെ ജന്മാഷ്ടമിക്കു നാട് സാക്ഷ്യം വഹിച്ചു. ബാലഗോകുലത്തിന്റെയും വിവിധ ക്ഷേത്ര ദേവസ്വങ്ങളുടെയും ആഭിമുഖ്യത്തിലായിരുന്നു ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ.

idukki-sreekrishna-thodupuzha-
മുട്ടത്തു നടന്ന ശോഭായാത്ര

തൊടുപുഴയിൽ 35 ൽ അധികം സ്ഥലങ്ങളിൽ ഉറിയടിയും ശോഭായാത്രയും നടന്നു. ആയിരക്കണക്കിനു കുട്ടികളാണു ശ്രീകൃഷ്ണ–രാധാ വേഷധാരികളായി മഹാശോഭായാത്രയിൽ അണിനിരന്നത്. തൊടുപുഴ–കാരിക്കോട് ദേവീക്ഷേത്രം, കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രം, മുതലിയാർമഠം മഹാദേവ ക്ഷേത്രം, മുതലക്കോടം മഹാദേവ ക്ഷേത്രം, ആരവല്ലിക്കാവ് ഭഗവതി ക്ഷേത്രം, നെല്ലിക്കാവ് ഭഗവതി ക്ഷേത്രം, മണക്കാട് നരസിംഹസ്വാമി ക്ഷേത്രം, കാഞ്ഞിരംപാറ, ഒളമറ്റം, മലങ്കര കാട്ടോലി, തെക്കുംഭാഗം ധർമശാസ്താ ക്ഷേത്രം, കാപ്പിത്തോട്ടം, പുതുപ്പരിയാരം എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ നഗരത്തിൽ സംഗമിച്ച് മഹാശോഭായാത്രയായി  തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു.

ഉണ്ണിക്കന്മാമാരുടെ പട്ടു പീതാംബരവും കിളിക്കൊഞ്ചലുകളും വീഥികളിലെല്ലാം കൃഷ്ണ സ്മരണകൾ പടർത്തി. ശ്രീകൃഷ്ണ ചൈതന്യ കഥകളുടെ ദൃശ്യാവിഷ്കാരത്തോടെ വർണശബളമായ നിശ്ചല ദൃശ്യങ്ങളും വാദ്യമേളങ്ങളും ശോഭായാത്രയ്‌ക്കു കൂടുതൽ മിഴിവേകി. ശോഭായാത്ര കാണാൻ സ്‌ത്രീകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിനാളുകൾ റോഡിനിരുവശവും നേരത്തെതന്നെ സ്‌ഥാനം പിടിച്ചിരുന്നു. വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ഉറിയടി കാഴ്ചക്കാരിൽ ആവേശം വിതറി. തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വൈകിട്ടു ദീപാരാധനയും രാത്രി 12.05 നു അവതാര പൂജയും നടന്നു.

മുട്ടം തയ്യക്കാവ് ദേവീക്ഷേത്രം, ശങ്കരപ്പിള്ളി അന്നപൂർണേശ്വരി ക്ഷേത്രം, പെരുമറ്റം ധർമശാസ്താ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ കോടതി ജംക്‌ഷനിൽ സംഗമിച്ച് മഹാ ശോഭായാത്രയായി ടൗൺ ചുറ്റി മുട്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു. കുടയത്തൂർ ശരംകുത്തി ധർമശാസ്താ ദേവീ ക്ഷേത്രത്തിൽ നിന്നു ഉറിയടിയോടെ ആരംഭിച്ച ശോഭായാത്ര കാഞ്ഞാർ ടൗൺ ചുറ്റി മങ്കൊമ്പുകാവ് ദേവീക്ഷേത്രത്തിൽ സമാപിച്ചു.

മൂലമറ്റം, കാപ്പ്, വഴിത്തല, പടി.കോടിക്കുളം, വണ്ണപ്പുറം, പുറപ്പുഴ, അരിക്കുഴ, ഉടുമ്പന്നൂർ, കലൂർ, കുമാരമംഗലം, കോലാനി തുടങ്ങി വിവിധ സ്ഥലങ്ങളിൽ ഇന്നലെ ശോഭായാത്ര നടന്നു. വിവിധ കേന്ദ്രങ്ങളിൽ ഉറിയടിയും സംഘടിപ്പിച്ചിരുന്നു. ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും ജന്മാഷ്ടമിയോടനുബന്ധിച്ചു നടന്നു.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama