go

മുല്ലപ്പെരിയാർ കനാലിൽ തമിഴ്നാട് ശുചീകരണം തുടങ്ങി

idukki news
മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്ന കനാലിൽ ശുചീകരണ ജോലികൾ നടക്കുന്നു.
SHARE

കുമളി ∙ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിൽ ശുചീകരണ ജോലികൾ തമിഴ്നാട് ആരംഭിച്ചു.  തേക്കടി ചെക്ക് പോസ്റ്റിനു സമീപമുള്ള ഷട്ടറിൽ നിന്ന് തുറന്നു വിടുന്ന അളവിൽ വെള്ളം അപ്പർ ക്യാംപിലെ ഡാമിലേക്കു എത്തുന്നില്ല. ഷട്ടറിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളാണ് ഇതിന് കാരണം എന്ന കണ്ടെത്തലാണ് കനാൽ ശുചീകരണ ജോലികൾക്ക് തമിഴ്നാടിനെ പ്രേരിപ്പിച്ചത്. ഷട്ടറിനു മുന്നിലാണ് ശുചീകരണ ജോലികൾ നടക്കുന്നത്. 

സെക്കൻഡിൽ 1700 ഘനയടി വെള്ളം കനാലിൽ നിന്ന് ഷട്ടർ വഴി തുറന്നു വിട്ടെങ്കിലും അപ്പർ ക്യാംപിൽ 1300 ഘനയടി വെള്ളം മാത്രമാണ് ഒഴുകിയെത്തുന്നത്. കനാലിൽ വലിയ തോതിൽ മാലിന്യങ്ങൾ അടിഞ്ഞതാണ് ഇതിന് കാരണം. ഇത് ലോവർ  ക്യാംപ് പവർ ഹൗസിലെ വൈദ്യുതി ഉൽപാദനത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സാധ്യമായതിലും 30 മെഗാവാട്ട് വൈദ്യുതി കുറച്ചാണ് ഇപ്പോൾ ഉൽപാദനം നടക്കുന്നത്.

തേക്കടി ബോട്ട് ലാന്റിങിൽ നിന്ന് ആരംഭിച്ച് ചെക്ക് പോസ്റ്റ് വരെ നീളുന്ന കനാലിൽ കുമളി ടൗണിൽ നിന്നുള്ള മാലിന്യങ്ങളും ആനവച്ചാലിലെ ചതുപ്പിൽ നിന്ന് പോളയും വലിയ തോതിൽ കനാലിലേക്ക് എത്താറുണ്ട്.  ഇത് തടയുന്നതിനായി തമിഴ്നാട് കനാലിനു സമീപം ഇരുമ്പ് വേലി സ്ഥാപിച്ചിട്ടുണ്ട്. എങ്കിലും ശക്തമായ മഴ പെയ്യുമ്പോൾ മാലിന്യങ്ങൾ കനാലിലേക്ക് എത്തും.ഷട്ടറിന്റെ അടിഭാഗത്ത് അടിഞ്ഞിട്ടുള്ള തടസ്സങ്ങൾ നീക്കം ചെയ്യുന്നത് ശ്രമകരമായ ജോലിയാണ്. അതിനാൽ ഇത് പൂർണമായും നീക്കം ചെയ്യാൻ കൂടുതൽ ദിവസങ്ങൾ വേണ്ടിവരും.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama