go

മഴ ശക്തം, ഗതാഗതക്കുരുക്കും

idukki news
തൊടുപുഴ കെഎസ്ആർടിസി ജംക്‌ഷനിലെ ഗതാഗത കുരുക്കിൽപെട്ട് ഒളമറ്റം വരെ 3 കിലോമീറ്ററോളം ദൂരം വാഹനങ്ങളുടെ നിര നീണ്ടപ്പോൾ.
SHARE

തൊടുപുഴ ∙ മഴ ശക്തമായതോടെ നഗരത്തിൽ ഗതാഗത കുരുക്കും വർധിച്ചത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. തകർന്നു കിടക്കുന്ന റോഡുകളിലെ കുഴികളിലൂടെ വാഹനങ്ങൾ നിരങ്ങി നീങ്ങുന്നതോടെ ഗതാഗത കുരുക്കും അപകടങ്ങളും വർധിച്ചത് നഗര ജീവിതം ദുരിത പൂർണമാകുന്നു. നഗരത്തിൽ പ്രധാന കവലകളിൽ പകൽ മിക്ക സമയത്തും ഗതാഗത കുരുക്ക് രൂക്ഷമാണ്.

കുരുക്കി  കെഎസ്ആർടിസി  ജംക്‌ഷൻ 

നഗരത്തിൽ ഗതാഗത കുരുക്ക് ഏറ്റവും രൂക്ഷം ആകുന്നത് കെഎസ്ആർടിസി ജംക്‌ഷനിലാണ്. ഇവിടെ പകൽ സമയത്ത് മിക്കപ്പോഴും ഗതാഗതം താറുമാറാണ്. ട്രാഫിക് പൊലീസ് ഉണ്ടെങ്കിലും ഗതാഗതം താറുമാറാകുകയാണ്. ഇന്നലെ ഉച്ച കഴിഞ്ഞപ്പോൾ വാഹനങ്ങൾ കിലോമീറ്ററുകളോളം കുരുക്കിലായി. മൂലമറ്റം റോഡിൽ നിന്നു വന്ന വാഹനങ്ങൾ ഒളമറ്റം വരെ 3 കിലോ മീറ്ററോളം കുരുക്കിൽപെട്ട് കിടക്കുകയായിരുന്നു.

മണിക്കൂറുകളോളം വാഹനങ്ങൾ കുരുക്കിൽപെട്ടതോടെ യാത്രക്കാർ ശരിക്കും വലഞ്ഞു. അത്യാവശ്യ യാത്രയ്ക്ക് ഇറങ്ങിയ പലരും പെരുവഴിയിലായി. ചില സമയങ്ങളിൽ കുരുക്കിൽപെട്ട വാഹനങ്ങളുടെ നിര ടൗൺഹാൾ സ്റ്റോപ്പിനു സമീപം വരെ എത്തിയിരുന്നു. മൂപ്പിൽക്കടവ് പാലം വരെയും കോതായിക്കുന്ന് ബൈപാസിലും നീണ്ട നിരയായി വാഹനങ്ങൾ ഏറെ നേരം കിടക്കേണ്ടി വന്നു. മൂലമറ്റം റോഡും, കോതായിക്കുന്ന് ബൈപാസും, മൂപ്പിൽക്കടവ് റോഡും സന്ധിക്കുന്ന നാൽകവലയായ ഇവിടെയാണ് ഏറ്റവും കൂടുതൽ വാഹനങ്ങൾ എത്തുന്നത്.

അതിനാൽ തന്നെ പകൽ സമയത്ത് ഇവിടെ ഗതാഗത കുരുക്കു രൂക്ഷമാണ്. നഗരത്തിൽ എത്തുന്ന എല്ലാ ബസുകളും കടന്നു പോകുന്നത് ഇതുവഴിയാണ്. ഇവിടെ ഗതാഗത കുരുക്ക് ഇപ്പോൾ കൂടുതൽ രൂക്ഷമാകാൻ കാരണം റോഡുകളുടെ ശോചനീയ അവസ്ഥയാണ്. പൈപ്പ് സ്ഥാപിക്കാൻ കഴിഞ്ഞ വർഷം കുഴിച്ച കുഴികൾ വലിയ കിടങ്ങുകളായി മാറിയിരിക്കുകയാണ്. മൂപ്പിൽക്കടവ്– കാഞ്ഞിരമറ്റം ബൈപാസിലൂടെ വാഹന ഗതാഗതം വലിയ ബുദ്ധിമുട്ട് ആയിട്ടുണ്ട്.

ഇതുവഴി പോകുന്ന വാഹനങ്ങൾ കിടങ്ങായി കിടക്കുന്ന റോഡിലൂടെ നിരങ്ങി ഓടുന്നത് ഗതാഗത കുരുക്ക് രൂക്ഷമാകാൻ കാരണമായിരിക്കുകയാണ്. കിഴക്കൻ റൂട്ടുകളിലേക്കും, കെഎസ്ആർടിസി സ്റ്റാൻഡിലേക്കും പോകുന്ന വാഹനങ്ങൾ കുഴികളിലൂടെ നിരങ്ങി ഓടുന്നതാണ് കുരുക്കിന് മറ്റൊരു കാരണം. കാഞ്ഞിരമറ്റം ബൈപാസിൽ കവലയിൽ വാഹനങ്ങൾ വട്ടം തിരിക്കുന്നതും ഗതാഗത പ്രശ്നം രൂക്ഷമാകുന്നതിന് കാരണമാണ്. ഈ ഭാഗങ്ങളിലെ കുഴികൾ വലിയ കിടങ്ങുകളായി മാറിയതോടെ ചെറു വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവായി. 

ഫ്ലൈ ഓവർ സ്ഥാപിക്കണം

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കെഎസ്ആർടിസി ജംക്‌ഷനിൽ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനായി ഫ്ലൈഓവർ സ്ഥാപിക്കാൻ 10 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും പിന്നീട് നടപടികളൊന്നും ഉണ്ടായില്ല. പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കൂടി ഇവിടെ വരുന്നതോടെ ഇനിയും കൂടുതൽ തിരക്കിന്റെ പിടിയിലാകും. ഇവിടെ ഫ്ലൈ ഓവർ സ്ഥാപിച്ച് ഗതാഗത കുരുക്കിന് പരിഹാരം ഉണ്ടാക്കണമെന്നു ആണ് അഭ്യർഥന. ഇവിടെ ട്രാഫിക് സിഗ്നൽ ലൈറ്റ് നേരത്തെ സ്ഥാപിച്ചിരുന്നതാണെങ്കിലും ഇത് നോക്കുകുത്തിയായി മാറിയത് ഗതാഗത കുരുക്ക് വർധിക്കുകയും അപകടങ്ങൾക്ക് ഇടയാക്കുകയും ചെയ്യുന്നു.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama