go

തിരുവോണം തിരുമുറ്റത്ത്

Idukki News
SHARE

തൊടുപുഴ ∙ തിരുവോണം തിരുമുറ്റത്ത് എത്താറായി. ഓണവിഭവങ്ങൾ തേടിയുള്ള തിരക്കാണെങ്ങും. വിപണിയുടെ തിരക്കു പൂർണതയിൽ എത്തുന്ന ഉത്രാടപ്പാച്ചിൽ നാളെ ആഘോഷ തിമർപ്പിൽ എല്ലാം മറന്നുള്ള തിരുവോണം 11 നും. ഓണം കെങ്കേമമാക്കാൻ കൂടുതൽപേർ വിപണികളിലേക്ക് എത്തിയതോടെ 2 ദിവസമായി നഗരം തിരക്കിൽ വീർപ്പുമുട്ടുകയാണ്. 

വിപണിയിൽ കളറോണം

‍ഇന്നലെ ​‍ഞായറാഴ്ച കുടുംബസമേതം ഒട്ടേറെ ആളുകളാണ് പ്രധാന ടൗണുകളിലെ വ്യാപാര സ്ഥാപനങ്ങളിലേക്കു ഒഴുകിയെത്തിയത്. ഓണക്കച്ചവടം പ്രതീക്ഷിച്ചു മിക്ക കടകളും ഇന്നലെ തുറന്നു പ്രവർത്തിച്ചു. വർണാഭമായ ആഘോഷപ്പൊലിമയാണ് എങ്ങും. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ ആവേശം വിതറി ആഘോഷം പൊടിപാറുന്നു. പൂക്കളമൊരുക്കിയും ഓണപ്പാട്ടുകൾ പാടിയും മാവേലി മന്നനെ വരവേൽക്കാൻ ഇടുക്കി തയാറെടുത്തു കഴിഞ്ഞു. ഓണം മേളകളുടെ പൂരമാണ് ജില്ലയിൽ. ഒട്ടേറെ ഓഫറുകളും സമ്മാനങ്ങളുമൊക്കെ ഒരുക്കിയാണ് വിവിധ വ്യാപാര സ്ഥാപനങ്ങൾ ഓണ വിപണി സജീവമാക്കുന്നത്. ഗൃഹോപകരണ കമ്പനികളും സ്മാർട്ട് ഫോൺ കമ്പനികളും വസ്ത്രവ്യാപാര ശാലകളും ജ്വല്ലറികളുമെല്ലാം ഓണവിപണി പൊടിപൊടിക്കാൻ നേരത്തെ തന്നെ ഒരുങ്ങിയിരുന്നു. ഓണക്കച്ചവടം ലക്ഷ്യമിട്ട് പല കടകളും കൂടുതൽ സമയം തുറന്നു പ്രവർത്തിക്കുന്നുണ്ട്. മഴ കുറഞ്ഞതു ആഘോഷങ്ങൾക്കു മാറ്റു കൂട്ടുന്നു. ചെറുതും വലുതുമായ വസ്ത്രവിൽപനശാലകളിലെല്ലാം ഓണക്കോടി വാങ്ങാനെത്തുന്നവരുടെ തിരക്കാണ്. ഗൃഹോപകരണ വിപണിയിലും ഓണപ്രദർശന വിപണന മേളകളിലും സർക്കാർ സ്റ്റാളുകളിലുമെല്ലാം തിരക്കുതന്നെ. 

ഓണച്ചന്ത നല്ലോണം

കൃഷിവകുപ്പിന്റെ നേതൃത്വത്തിലുള്ള ഓണച്ചന്തകൾ, സപ്ലൈകോ, കൺസ്യൂമർ ഫെഡ് ഓണം മേളകൾ, ഓണം ഖാദി മേള എന്നിവയെല്ലാം സജീവമാണ്. വഴിയോരക്കച്ചവടവും പൊടിപൊടിക്കുകയാണ്. പച്ചക്കറി–പലചരക്ക് കടകളിലും തിരക്ക് വർധിച്ചു. പൂ വിപണിയും ഉഷാർ. 

വിഭവസമൃദ്ധമായ ഓണസദ്യയും പായസവുമൊക്കെ ഒരുക്കി ഹോട്ടലുകളും കേറ്ററിങ് സർവീസുകളും ഓണാഘോഷങ്ങൾക്കു രുചിപകരാൻ രംഗത്തുണ്ട്. ഓണസദ്യയുടെയും പായസത്തിന്റെയും ബുക്കിങ് തകൃതിയാണ്.  വിവിധയിടങ്ങളിൽ വഴിയോരങ്ങൾ കേന്ദ്രീകരിച്ചു പായസമേളകളും ഒരുക്കിയിട്ടുണ്ട്. ഓണസദ്യയുടെ മേമ്പൊടി വിഭവങ്ങളായ ഉപ്പേരി, ശർക്കരവരട്ടി, വിവിധതരം അച്ചാറുകൾ എന്നിവയ്‌ക്കെല്ലാം ഇപ്പോൾ ആവശ്യക്കാരേറെയാണ്. 

ആഘോഷം പൊളിയോണം

സാംസ്‌കാരിക സംഘടനകളും ക്ലബ്ബുകളും വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളും ഓണാഘോഷത്തിന്റെ ഭാഗമായി കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി നിർധനർക്കു ഓണക്കിറ്റുകളും സമ്മാനിക്കുന്നുണ്ട്. ഓണക്കോടിയെടുക്കാനും ഓണസദ്യവട്ടങ്ങൾക്കുള്ള വിഭവങ്ങൾ വാങ്ങാനും കൂടുതൽപേർ ഇന്ന് വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തും. തിരുവോണത്തെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളുടെ തിരക്കിലാവും ഇന്നും നാളെയും നാടും നഗരവുമെല്ലാം. ഓണ വിപണി സജീവമായതോടെ തൊടുപുഴ ഉൾപ്പെടെ പല പ്രധാന ടൗണുകളും ഗതാഗതക്കുരുക്കിൽ വീർമുട്ടുന്ന അവസ്ഥയായി.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama