go

കൊട്ടാക്കമ്പൂരിൽ ജോയ്സിന്റെയും കുടുംബത്തിന്റെയും പട്ടയം റദ്ദാക്കി

Idukki News
SHARE

തൊടുപുഴ ∙ മുൻ എംപി ജോയ്സ് ജോർജിന്റെയും  കുടുംബത്തിന്റെയും കൊട്ടാക്കമ്പൂരിലെ  ഭൂമിയുടെ ഉടമസ്ഥാവകാശവും പട്ടയവും ദേവികുളം സബ് കലക്ടർ ഡോ. രേണു രാജ് റദ്ദാക്കി.    ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാനുള്ള രേഖകൾ ജോയ്സ് ജോർജിനു ഹാജരാക്കാൻ കഴിയാത്തതിനാലാണു നടപടി. ഇടുക്കി ദേവികുളം താലൂക്കിലെ വട്ടവട പഞ്ചായത്തിൽ ഉൾപ്പെട്ട കൊട്ടാക്കമ്പൂർ വില്ലേജിൽ ബ്ലോക് നമ്പർ 58ൽ 32 ഏക്കർ സ്ഥലമാണു ജോയ്സ് ജോർജിനും കുടുംബാംഗങ്ങൾക്കുമുള്ളത്. ഇതിൽ 28 ഏക്കറിന്റെ പട്ടയമാണു റദ്ദാക്കിയത്.  ഉത്തരവ് ശനിയാഴ്ച പുറത്തിറങ്ങി. ജോയ്സ് ജോർജ്, ഭാര്യ അനൂപ, ജോയ്സിന്റെ സഹോദരങ്ങളായ ജോർജി ജോർജ്, രാജീവ് ജ്യോതിഷ്, സഹോദരീ ഭർത്താവ് ഡേവിഡ് ജോബ്, മറ്റൊരു സഹോദരൻ ജസ്റ്റിന്റെ ഭാര്യ ജിസ്, ജോയ്സിന്റെ മാതാവ് മേരി ജോർജ് എന്നിവരുടെ ഉടമസ്ഥതയിലായിരുന്നു ഭൂമി. 

ജോയ്സിനും ഭാര്യയ്ക്കും മാത്രമായി ഇതിൽ 8 ഏക്കറാണുള്ളത്.  ബ്ലോക്ക് നമ്പർ 58 ലെ 5 തണ്ടപ്പേരുകളാണു റദ്ദാക്കിയത്. വസ്തു കൈമാറ്റം,  പോക്കുവരവ്,  കരം അടയ്ക്കൽ എന്നിവയ്ക്ക് ഇനി കഴിയില്ല. ബ്ലോക് നമ്പർ 58 ലെ 120ാം നമ്പർ തണ്ടപ്പേരും  റദ്ദാക്കി.  ഇൗ ഭൂമി സർക്കാർ ഏറ്റെടുത്ത്, രേഖകളിൽ ഭേദഗതി വരുത്തി റിപ്പോർട്ടു ചെയ്യുന്നതിനു ദേവികുളം തഹസിൽദാറെ ചുമതലപ്പെടുത്തി.  ജോയ്സിനും കുടുംബത്തിനും പുറമേ 33 പേർക്കു കൊട്ടാക്കമ്പൂരിൽ ഭൂമിയുണ്ട്. ഇൗ ഭൂമിയുടെ പട്ടയവും ഉടമസ്ഥാവകാശവും ഉടൻ റദ്ദാക്കുമെന്നാണു സൂചന. 

ജോയ്സ് ജോർജിന്റെ പട്ടയം റദ്ദാക്കുന്നത് രണ്ടാം തവണ

തൊടുപുഴ ∙ ജോയ്സ് ജോർജിന്റെയും കുടുംബാംഗങ്ങളുടെയും കൊട്ടാക്കമ്പൂരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കുന്നതു രണ്ടാം തവണ.   2017 നവംബറിൽ ദേവികുളം സബ് കലക്ടർ വി.ആർ. പ്രേംകുമാറിന്റെ റിപ്പോർട്ടിനെത്തുടർന്ന് ജോയ്സിന്റെയും കുടുംബത്തിന്റെയും 28 ഏക്കർ ഭൂമിയുടെ പട്ടയം സർക്കാർ റദ്ദാക്കിയിരുന്നു.  രേഖകൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് 3 തവണ ജോയ്സിനു നോട്ടിസ് അയച്ചെങ്കിലും ഹാജരായില്ല. തുടർന്നാണു പട്ടയം റദ്ദാക്കിയത്. ഇതിനെതിരെ  കലക്ടർക്ക് ജോയ്സ് അപ്പീൽ നൽകി. വാദങ്ങൾ നേരിട്ടുകേട്ട ശേഷം തീരുമാനമെടുക്കാൻ കലക്ടർ,  ദേവികുളം സബ് കലക്ടറെ തന്നെ ചുമതലപ്പെടുത്തി.     ഹിയറിങിനായി സബ് കലക്ടർ നോട്ടിസ് നൽകിയതോടെ ഇതിനെതിരെ ഹൈക്കോടതിയെ ജോയ്സ് സമീപിച്ചു.   ലാൻഡ് റവന്യു കമ്മിഷണർക്കു പരാതി നൽകിയെന്നും ആ പരാതി തീർപ്പാക്കുന്നതു വരെ  സബ്കലക്ടറുടെ നടപടി റദ്ദാക്കണമെന്നും ജോയ്സ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. 

ഇതേത്തുടർന്ന്  സബ് കലക്ടറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ജോയ്സിന്റെ അപ്പീൽ പരിഗണിച്ച ലാൻഡ് റവന്യു കമ്മിഷണർ,  അന്തിമ തീരുമാനമെടുക്കാൻ ദേവികുളം സബ്കലക്ടറെ തന്നെ ചുമതലപ്പെടുത്തി. ഡോ. രേണു രാജ് സബ് കലക്ടറായി ചുമതലയേറ്റപ്പോൾ, ഹിയറിങിനായി നേരിട്ടു ഹാജരാകണമെന്നു ജോയ്സിനോട് ആവശ്യപ്പെട്ടു.  ഇതിനെതിരെ  ഹൈക്കോടതിയെ സമീപിച്ചപ്പോൾ, അഭിഭാഷകൻ ഹാജരായാൽ മതിയെന്നായിരുന്നു കോടതി ഉത്തരവ്. ജോയ്സിന്റെ ഭൂമിയുടെ പട്ടയം റദ്ദാക്കാൻ മുൻ ദേവികുളം സബ് കലക്ടർ വി.ആർ. പ്രേംകുമാർ കണ്ടെത്തിയ അതേ കാരണങ്ങൾ തന്നെയാണ്  ഇപ്പോഴത്തെ സബ് കലക്ടർ ഡോ. രേണു രാജിന്റെ ഉത്തരവിലുമുള്ളത്.  ഭൂ പതിവു കമ്മിറ്റി ചേരാതെയാണു ജോയ്സിനു കുടുംബത്തിനും പട്ടയം അനുവദിച്ചത്.

സർക്കാർ തരിശു ഭൂമിയാണു കൊട്ടാക്കമ്പൂരിലേതെന്നും  വ്യാജരേഖ ചമച്ചാണു പട്ടയം തരപ്പെടുത്തിയതെന്നും ഡോ. രേണുരാജിന്റെ റിപ്പോർട്ടിലുണ്ട്. കൊട്ടാക്കമ്പൂരിൽ താമസിക്കുന്ന തമിഴ് വംശജരും പട്ടിക ജാതി വിഭാഗത്തിൽപ്പെടുന്നവരുമായ മുരുകൻ, ഗണേശൻ, വീരമ്മാൾ, പൂങ്കൊടി, ലക്ഷ്മി, ബാലൻ, മാരിയമ്മാൾ, കുമാരക്കൾ എന്നിവരിൽ നിന്നു 2001 ൽ ജോയ്സിന്റെ പിതാവ് പാലിയത്ത് ജോർജ് 32 ഏക്കർ ഭൂമി പവർ ഓഫ് അറ്റോർണിയിലൂടെ കൈവശപ്പെടുത്തിയെന്ന് ആരോപിച്ച് 2014 ലാണു കലക്ടർക്ക് ആദ്യം പരാതി ലഭിച്ചത്.  വ്യാജരേഖ ഉപയോഗിച്ച്  ഉടമകളുടെ പേരിൽ പട്ടയം തരപ്പെടുത്തിയെന്നും പിന്നീട് വസ്തു സ്വന്തമാക്കിയെന്നുമാണ് ആരോപണം.  ഭൂമി തട്ടിയെന്ന ആരോപണത്തിൽ 8 കേസുകളാണു ജോയ്സിനും കുടുംബാംഗങ്ങൾക്കുമെതിരെ റജിസ്റ്റർ ചെയ്തത്.  

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama