go

ഓട്ടോ സ്റ്റാൻഡുകൾ നിയമ വിധേയമാക്കണം

idukki news
SHARE

തൊടുപുഴ ∙ നഗരത്തിലെ ഗതാഗത കുരുക്കും അപകടങ്ങളും കുറയ്ക്കുന്നതിന് ലക്ഷ്യമിട്ട് വഴിക്കണ്ണ് പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ മാസം 17ന് മർച്ചന്റ്സ് ട്രസ്റ്റ് ഹാളിൽ നടത്തിയ ട്രാഫിക് മാസ് ലോക് അദാലത്ത് ജനപ്രതിനിധികളുടെയും, പൊതു പ്രവർത്തകരുടെയും, സംഘടന പ്രതിനിധികളുടെയും പൊതുജനങ്ങളുടെയും അഭിപ്രായ പ്രകാരം തയാറാക്കിയ നിർദേശങ്ങൾ ട്രാഫിക് അഡ്വൈസറി കമ്മിറ്റിക്ക് സമർപ്പിച്ചു. ഇനി ഇക്കാര്യത്തിൽ ട്രാഫിക് അഡ്വൈസറി കമ്മിറ്റി ആണ് അന്തിമ തീരുമാനം എടുക്കേണ്ടത്.

കഴിഞ്ഞ മാർച്ച് 20 നു ചേർന്ന നഗരസഭ കൗൺസിൽ തീരുമാന പ്രകാരമാണ് മെഗാ അദാലത്ത് വിളിച്ചു ചേർത്തത് എന്ന് നിർദേശത്തിൽ പറയുന്നു. റിട്ട. ജില്ല ജഡ്ജി സി.വി.ഫ്രാൻസിസ്, സി.കെ.വിദ്യാസാഗർ, റിട്ട. പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനീയർ അശോക് എന്നിവർ ഉൾപ്പെട്ട ജഡ്ജിങ് കമ്മിറ്റിയാണ് നിർദേശങ്ങൾ മുന്നോട്ട് വച്ചിരിക്കുന്നത്. ട്രാഫിക് അഡ്വൈസറി കമ്മിറ്റിക്ക് തീരുമാനം എടുക്കാൻ സാധിക്കാതെ വരുന്ന വിഷയം ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് നൽകി തീരുമാനം എടുക്കാമെന്നും അദാലത്ത് നിർദേശിച്ചു.

ട്രാഫിക് മാസ് ലോക് അദാലത്ത് പ്രധാന നിർദേശങ്ങൾ

∙ നഗരത്തിലെ ഓട്ടോ സ്റ്റാൻഡുകൾ ഹൈക്കോടതി നിർദേശ പ്രകാരം നിയമ വിധേയമായി പ്രവർത്തിക്കുവാൻ വേണ്ട നടപടികൾ സ്വീകരിച്ച് 1 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം എന്ന് നഗരസഭയോട് നിർദേശിച്ചു. ടാർ റോഡിൽ നിന്ന് ഒന്നര മീറ്റർ മാറ്റി മാത്രമേ ഓട്ടോറിക്ഷ സ്റ്റാൻഡുകൾ പ്രവർത്തിക്കാവു എന്നാണ് നിയമം. ഇത് പ്രകാരം 2 സ്റ്റാൻഡുകൾ മാത്രമാണ് നിയമ പ്രകാരം പ്രവർത്തിക്കുന്നുള്ളു. നഗരത്തിനുള്ളിൽ 26 സ്റ്റാൻഡുകൾ പരിശോധിച്ചതിൽ 24 എണ്ണവും നിയമ പ്രകാരമല്ല പ്രവർത്തിക്കുന്നത്. 2000 ഓട്ടോകൾ ഉള്ള നഗരത്തിൽ ഇവർക്ക് നിയമ പ്രകാരം പാർക്ക് ചെയ്യുന്നതിന് ആവശ്യമായ താവളം ഒരുക്കേണ്ടത് നഗരസഭയാണ് എന്ന് നിർദേശത്തിൽ ഓർമിപ്പിക്കുന്നുണ്ട്.

∙ പ്രധാന ജംക്‌ഷനുകളിൽ ഭൗതിക സാഹചര്യം വർധിപ്പിക്കണം. ഇതിനായി ബസ് സ്റ്റോപ്പുകൾ പുനർ നിർണയിക്കുക, പുതിയ ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ നിർമിക്കുക, ആവശ്യമുള്ള സ്ഥലങ്ങളിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുക എന്നിവയാണ് നിർദേശങ്ങൾ. കോലാനി, വെങ്ങല്ലൂർ, മങ്ങാട്ടുകവല, കെഎസ്ആർടിസി, കാഞ്ഞിരമറ്റം, ഷാപ്പുംപടി, ന്യൂമാൻ കോളജ് എന്നീ ജംക്‌ഷനുകളാണ് പ്രധാനമായും വികസിപ്പിക്കേണ്ടത്. കെഎസ്ആർടിസി, വെങ്ങല്ലൂർ എന്നിവിടങ്ങളിൽ വെയ്റ്റിങ് ഷെഡ് നിർമിക്കാനും നിർദേശിച്ചു.

∙ റോഡ് അരികിൽ സൂക്ഷിച്ചിട്ടുള്ള കെഎസ്ഇബി, ബിഎസ്എൻഎൽ, വാട്ടർ അതോറിറ്റി , സ്വകാര്യ വ്യക്തികൾ എന്നിവരുടെ വസ്തുക്കൾ അവിടെ നിന്നു നീക്കം ചെയ്യണം. ഓടകൾക്കു മുകളിൽ സ്ഥാപിച്ചിരിക്കുന്ന സ്ലാബുകൾ ഉറപ്പിക്കണം. സീബ്ര ലൈനുകൾ ആവശ്യമുള്ള ഭാഗങ്ങളിൽ വരയ്ക്കണം. റോഡിലും നടപ്പാതകളിലും ഉള്ള കയ്യേറ്റങ്ങൾ ഒഴിപ്പിക്കണം. ആവശ്യമെങ്കിൽ കയ്യേറ്റക്കാർക്കെതിരെ നഗരസഭ പൊലീസ് സഹായത്തോടെ കേസ് എടുക്കണം.

∙ ദൂരക്കാഴ്ച മറയ്ക്കുന്ന പരസ്യ ബോർഡുകൾ നീക്കം ചെയ്യണം.. പ്രധാന റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം, പ്രധാന ജംക്‌ഷനുകളിൽ സ്പീഡ് കുറയ്ക്കുന്നതിനു മുൻകരുതൽ സ്വീകരിക്കുക തുടങ്ങിയ നിർദേശങ്ങളും വച്ചിട്ടുണ്ട്. കെഎസ്ആർടിസി ജംക്‌ഷനിലെ ദൂരക്കാഴ്ച മറക്കുന്ന ബോർഡ് നീക്കുന്നതിന് പൊലീസ്, വാഹന വകുപ്പ് അധികൃതർ നടപടി സ്വീകരിക്കണം.

∙ പ്രധാന ബസ് റൂട്ടുകൾ സംബന്ധിച്ച് നിലവിലുള്ള സംവിധാനം തുടരണം. എന്നാൽ മൂവാറ്റുപുഴ റൂട്ടിലൂടെ പോകുന്ന ദീർഘദൂര ബസുകൾ പ്രൈവറ്റ് സ്റ്റാൻഡിൽ നിന്ന് തെനംകുന്ന് ബൈപാസിലൂടെ കോലാനി ബൈപാസിൽ പ്രവേശിച്ച് പോകണം എന്ന നിർദേശം സംബന്ധിച്ച് ട്രാഫിക് അഡ്വൈസറി കമ്മിറ്റി തീരുമാനം എടുക്കണം.

∙ മത്സ്യ മാർക്കറ്റ് റോഡിലൂടെ വൈക്കം, മണക്കാട് ബസുകളും മൂലമറ്റം റൂട്ടിൽ നിന്നു നഗരത്തിലേക്കു വരുന്ന ബസുകളും കയറ്റി വിടണം എന്ന നിർദേശം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതിന് ട്രാഫിക് കമ്മിറ്റിയോട് നിർദേശിച്ചു. ഐഎംഎ റോഡിന്റെ അറ്റകുറ്റ പണികൾ തീർക്കുന്നതിനും ഇത് വൺവേ ആക്കണമോ എന്നത് സംബന്ധിച്ചും തീരുമാനം ട്രാഫിക് അഡ്വൈസറി കമ്മിറ്റി എടുക്കണം.

∙ നിയമ വിരുദ്ധമായ നഗരത്തിലെ പാർക്കിങ് തടയുന്നതിന് ട്രാഫിക് അഡ്വൈസറി കമ്മിറ്റി തീരുമാനം എടുക്കണം. ഈ റിപ്പോർട്ടിന്റെ കോപ്പി ലഭിച്ച ഒരു മാസം കഴിയുന്നതിനു മുൻപ് ട്രാഫിക് അഡ്വൈസറി കമ്മിറ്റി വിളിച്ചു ചേർക്കാൻ കൺവീനറായ ജോ. ആർടിഒ നടപടി സ്വീകരിക്കണം.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama