go

ഉത്രാടം ഉച്ചതിരിഞ്ഞാൽ പാച്ചിൽ

idukki news
തൊടുപുഴ നഗരത്തിൽ വിൽപനയ്ക്കായി എത്തിച്ച ഓണത്തപ്പന്റെ രൂപങ്ങൾ
SHARE

തൊടുപുഴ  ∙ ഇന്ന് ഉത്രാടം. തിരുവോണത്തെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണു നാടും നഗരവും. സദ്യവട്ടത്തിന് എല്ലാ തയാറെടുപ്പും നടത്തി മലയാളക്കര ഉറങ്ങി ഉണരുമ്പോൾ തിരുവോണപ്പുലരിയായി. എന്തൊക്കെ കരുതിയാലും ഉത്രാടച്ചന്തയിൽ  കയറിയിറങ്ങാതെ മലയാളിക്ക് തിരുവോണത്തിനുള്ള തയാറെടുപ്പ് പൂർത്തിയാകില്ല. വിട്ടുപോയ  സാധനങ്ങൾ വാങ്ങാനുള്ള ഓട്ടം കൂടിയാണു ഉത്രാട ദിനം... തിരക്ക് ഉച്ചസ്ഥായിലെത്തുന്ന ഉത്രാടപ്പാച്ചിൽ!. 

എങ്ങും തിരക്ക്  

നാടും നഗരവും ദിവസങ്ങളായി ഓണത്തിരക്കിലാണ്. ഓണാഘോഷങ്ങളുടെ വർണക്കാഴ്ചകളാണ് എങ്ങും നിറഞ്ഞു നിൽക്കുന്നത്. ശമ്പളവും ബോണസുമൊക്കെ വാങ്ങി ഓണം പൊടിപൊടിക്കാൻ എത്തുന്നവരാണ് ഓണവിപണിക്ക് ഉണർവേകുന്നത്. മഴ കുറഞ്ഞതും വിപണിയെ ഉഷാറാക്കുന്നു. ഒട്ടേറെ ഓഫറുകളും സമ്മാനങ്ങളുമൊക്കെ ഒരുക്കിയാണ് വിവിധ വ്യാപാര സ്ഥാപനങ്ങളും  ഗൃഹോപകരണ കമ്പനികളും സ്മാർട്ട് ഫോൺ കമ്പനികളുമൊക്കെ ഓണവിപണി പൊടിപൊടിക്കാൻ ഒരുങ്ങിയത്.

മുൻദിവസങ്ങളിലേതു പോലെ വസ്ത്രവ്യാപാര ശാലകളിൽ മത്സരക്കച്ചവടമായിരുന്നു  ഇന്നലെയും. ഓണക്കോടി വാങ്ങാനെത്തുന്നവരുടെ തിരക്ക് രാത്രി വരെ തുടർന്നു. ഓണക്കച്ചവടം പ്രതീക്ഷിച്ചു പല വ്യാപാര സ്ഥാപനങ്ങളും കൂടുതൽ സമയം തുറന്നു പ്രവർത്തിച്ചു. ഗൃഹോപകരണ വിപണിയിലും ഓണപ്രദർശന വിപണന മേളകളിലുമെല്ലാം ഇന്നലെയും തിരക്കായിരുന്നു.

കൃഷിവകുപ്പിന്റെ നേതൃത്വത്തിലുള്ള ഓണച്ചന്തകൾ, സപ്ലൈകോ, കൺസ്യൂമർ ഫെഡ് ഓണം മേളകൾ, ഓണം ഖാദി മേള എന്നിവിടങ്ങളിലെല്ലാം തിരക്കു തന്നെ. പൂക്കടകളിലും പച്ചക്കറി–പലചരക്ക് കടകളിലും കച്ചവടം ഉഷാറായിരുന്നു. ഓണ വിപണി സജീവമായതോടെ തൊടുപുഴ ഉൾപ്പെടെ  പ്രധാന ടൗണുകൾ പല സമയവും ഗതാഗതക്കുരുക്കിന്റെ പിടിയിലായി.

പച്ചക്കറികൾ പലതിനും വിലകൂടി 

ഓണം പടിവാതിൽക്കൽ എത്തിയതോടെ പച്ചക്കറി വിപണിയിൽ പല ഇനങ്ങളുടെയും വില കൂടിയിട്ടുണ്ട്. എങ്കിലും തൂശനിലയിൽ വിഭവങ്ങളൊരുക്കാൻ പച്ചമുളകിൽ തുടങ്ങി കറിവേപ്പില വരെ വേണം. വാങ്ങാതിരിക്കാനാവില്ലല്ലോ ?!. വള്ളിപ്പയർ, ബീൻസ് എന്നിവയുടെ വില കുതിച്ചുയർന്നു. വെള്ളരിക്ക, പടവലം, വഴുതനങ്ങ തുടങ്ങി മറ്റു ചില ഇനങ്ങളുടെ വിലയിലും വർധനയുണ്ട്.

ഒരാഴ്ച മുൻപു കിലോയ്ക്ക് 50–60 രൂപയുണ്ടായിരുന്ന ബീൻസിന് ഇപ്പോൾ 90 രൂപയാണ് ചില്ലറ വില. വള്ളിപ്പയർ വില ഉയർന്നു 100 ൽ എത്തി. മുൻപ് കിലോയ്ക്ക് 60 രൂപയായിരുന്നു വള്ളിപ്പയറിനു വില. വെള്ളരിക്ക കിലോയ്ക്ക് 50 രൂപ വരെ പല കടകളിലും ഈടാക്കുന്നുണ്ട്. പടവലം കിലോയ്ക്ക് 56 രൂപ, വഴുതനങ്ങ–48 എന്നിങ്ങനെയായിരുന്നു ഇന്നലെ ചില്ലറ വിൽപന. മറ്റിനങ്ങളുടെ വില കാര്യമായ മാറ്റമില്ലാതെ തുടരുകയാണെന്നു വിൽപനക്കാർ പറയുന്നു.

തക്കാളി കിലോയ്ക്ക്–20–30, കാരറ്റ്–40–48, വെണ്ടയ്ക്ക–60, സവാള–40, ചുവന്നുള്ളി–60, വെളുത്തുള്ളി–160, ഇഞ്ചി–100–140, മുരിങ്ങക്കായ –40–60, കാബേജ്–40, കോവയ്ക്ക–40–50, പാവയ്ക്ക–56, ബീറ്റ്റൂട്ട്–40, മത്തങ്ങ–30, ചേന–40, പച്ചമുളക്–50 എന്നിങ്ങനെ നിരക്കുകളിലായിരുന്നു ഇന്നലെ തൊടുപുഴ മേഖലയിൽ ചില്ലറ വിൽപന. പലയിടങ്ങളിലും  വ്യത്യസ്ത നിരക്കുകളാണ് പച്ചക്കറിക്ക് ഈടാക്കുന്നത്. 

ഓണത്തിന് പച്ചക്കറി വില നിയന്ത്രിക്കാനും കർഷകർക്ക് ന്യായമായ വില ഉറപ്പാക്കാനും ലക്ഷ്യമിട്ട് കൃഷിവകുപ്പിന്റെ 96 ചന്തകളും ഹോർട്ടികോർപ്പിന്റെ   7 ചന്തകളും വിഎഫ്പിസികെയുടെ 8 ചന്തകളും ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. കർഷകരിൽ നിന്നു സംഭരിച്ച പച്ചക്കറികൾ പൊതുവിപണി വിൽപന വിലയിൽ നിന്നു 30 ശതമാനം കുറച്ചാണ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്. ഇതു സാധാരണക്കാർക്കു ആശ്വാസമേകുന്നു. 

ഓണസദ്യ റെഡി, പായസവും

ഓണസദ്യ വീട്ടിലൊരുക്കാൻ സമയമില്ലാത്തവർക്ക് ഇത്തവണയും പല ഹോട്ടലുകളിലും കേറ്ററിങ് സർവീസുകളിലും റെഡിമെയ്ഡ് സദ്യ തയാറാക്കി നൽകുന്നുണ്ട്. നഗരപ്രദേശങ്ങളിൽ  പാഴ്സൽ ഓണസദ്യയ്ക്കു ആവശ്യക്കാരേറെയാണ്. ഇലയും പേപ്പർ ഗ്ലാസും ഉപ്പും മുതൽ 2 കൂട്ടം പായസവും ചേർത്തുള്ള ഓണസദ്യയാണ് മിക്ക ഹോട്ടലുകളിലും ഒരുക്കിയിരിക്കുന്നത്. ഓണസദ്യയുടെയും പായസത്തിന്റെയും ബുക്കിങ് ഇന്നലെയും തകൃതിയായി നടന്നു.

ഓണസദ്യയുടെ മേമ്പൊടി വിഭവങ്ങളായ ഉപ്പേരി, ശർക്കര വരട്ടി, വിവിധതരം അച്ചാറുകൾ എന്നിവയ്ക്കും ഇന്നലെ ആവശ്യക്കാർ ഏറെയുണ്ടായിരുന്നു. പായസമേളകളാണ് ഓണ വിപണിയിലെ മറ്റൊരു ആകർഷണം. തൊടുപുഴ നഗരത്തിൽ പലയിടത്തായി പായസമേളകൾ ഒരുക്കിയിട്ടുണ്ട്. അടപ്രഥമൻ, പാലട, ഗോതമ്പ്, ചെറുപയർ, അരി പായസം എന്നിങ്ങനെ വ്യത്യസ്ത തരം പായസങ്ങൾ ലഭ്യമാണ്.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama