go

മൂന്നാർ ഗ്യാപ് റോഡ്; ഒരു വശത്ത് ചെങ്കുത്തായ പാറക്കെട്ട്, മറുവശത്ത് ആഴത്തിലുള്ള കൊക്ക

Idukki News
മൂന്നാർ - ദേവികുളം ഗ്യാപ് റോഡിൽ മണ്ണിടിച്ചിലുണ്ടായ ഭാഗത്തു സ്ഥാപിച്ചിരിക്കുന്ന പാറ പൊട്ടിക്കുന്നതിന്റെ മുന്നറിയിപ്പ് ബോർഡ്. ഇതിനു 10 മീറ്റർ അകലെയാണ് അപകടം ഉണ്ടായത്.
SHARE

മൂന്നാർ ∙ അശാസ്ത്രീയവും ഭൂപ്രകൃതിക്കു ചേരാത്തതുമായ മൂന്നാർ-ദേവികുളം ഗ്യാപ് റോഡ് നിർമാണം മലയിടിച്ചിൽ ഭീഷണി ഉണ്ടാക്കുന്നുവെന്നു ദേവികുളം സബ് കലക്ടർ റിപ്പോർട്ട് നൽകിയിട്ടും അവഗണിച്ചതാണു മലയിടിച്ചിൽ ആവർത്തിക്കുന്നതിനു കാരണം. കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ നവീകരണജോലികളുടെ ഭാഗമായി മൂന്നാർ-ദേവികുളം ഗ്യാപ് റോഡിന്റെ വീതികൂട്ടലാണ് ഇപ്പോൾ നടക്കുന്നത്. ഒറ്റവരിയായിരുന്ന പാത ആറു വരിയായി ഉയർത്താനാണു പദ്ധതി.

Idukki News
മൂന്നാർ - ദേവികുളം ഗ്യാപ് റോഡിൽ മണ്ണിടിച്ചിലുണ്ടായ ഭാഗത്തിന്റെ വിദൂരക്കാഴ്ച.

ദേശീയപാത അതോറിറ്റി കരാർ നൽകിയ സ്വകാര്യ കമ്പനിക്കാണു നിർമാണച്ചുമതല. ഇപ്പോൾ അപകടമുണ്ടായ ഇതേ ഭാഗത്തു കഴിഞ്ഞ ജൂലൈ 28നു പുലർച്ചെ സമാനരീതിയിൽ വലിയ മലയിടിച്ചിൽ ഉണ്ടായിരുന്നു. മണ്ണിനടിയിൽപെട്ടു സമീപത്തു മേഞ്ഞുനടന്ന ഒരു പോത്തിനു പരുക്കേറ്റു.. എന്നാൽ കാലവർഷം കടുക്കുമ്പോൾ ഉണ്ടായേക്കാവുന്ന അപകടസാധ്യത മുന്നിൽ കണ്ട് അന്നത്തെ ദേവികുളം സബ് കലക്ടർ ഡോ.രേണുരാജ് റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കു റോഡ് നിർമാണത്തിനെതിരെ റിപ്പോർട്ട് നൽകിയിരുന്നു.

ഓഗസ്റ്റ് 1നു സമർപ്പിച്ച റിപ്പോർട്ടിൽ പ്രദേശത്തെ റോഡ് നിർമാണം തികച്ചും അശാസ്ത്രീയമാണെന്നും റോഡ് നിർമാണത്തിന്റെ മറവിൽ വൻതോതിൽ പാറ പൊട്ടിക്കൽ നടക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും സംരക്ഷണ ഭിത്തി നിർമിക്കാതെയും നടത്തുന്ന റോഡ് നിർമാണത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഇല്ലെങ്കിൽ പ്രദേശത്തു വീണ്ടും മലയിടിച്ചിൽ ഉണ്ടാകുമെന്നും പറയുന്നുണ്ട്.

അനിയന്ത്രിതമായി പാറ പൊട്ടിച്ചതു മൂലവും വൻതോതിൽ മണ്ണു നീക്കം ചെയ്തതിനാലും റോഡിൽ ഒരുവശത്തു കുത്തനെ തൂക്കായ വലിയ തിട്ടകൾ രൂപപ്പെട്ടിട്ടുണ്ട്. ഇവിടെ അനുവദനീയമായ അളവിലും അധികം പാറ ഖനനം ചെയ്തിട്ടുണ്ട്. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന വിധത്തിൽ ഒരേ സമയം ഒന്നിലധികം സ്ഫോടനങ്ങൾ പ്രദേശത്തു നടത്തി. ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികൾക്കു മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലെന്നും റിപ്പോർട്ടിലുണ്ട്.

ഈ റിപ്പോർട്ട് പരിഗണിക്കാതെ നിർമാണവും പാറ പൊട്ടിക്കലും തുടരുകയാണു നിർമാതാക്കൾ ചെയ്തതെന്നു ദേവികുളം തഹസിൽദാർ ജിജി എം.കുന്നപ്പള്ളി പറഞ്ഞു. എന്നാൽ മഴയും മണ്ണിടിച്ചിൽ സാധ്യതയുമുള്ള സമയങ്ങളിൽ ഇതുവഴി വാഹനങ്ങൾ കടത്തിവിടാറില്ലെന്നും ജോലിക്കാരോടു സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാൻ പറഞ്ഞിട്ടുള്ളതായും ദേശീയപാത അധികൃതർ പറഞ്ഞു. സബ് കലക്ടറുടെ റിപ്പോർട്ട് ചില സ്ഥാപിത താൽപര്യങ്ങൾ വച്ചുള്ളതാണ്. ജനങ്ങളുടെ ആവശ്യപ്രകാരമാണ് റോഡ് തുറന്നുകൊടുത്തതെന്നും ദേശീയപാത അധികൃതർ പറഞ്ഞു. 

പാറക്കെട്ടുകളും കൊക്കകളും

മൂന്നാർ ∙ ഒരു വശത്ത് ചെങ്കുത്തായ പാറക്കെട്ടുകളും മറുവശം ആഴത്തിലുള്ള കൊക്കയും നിറഞ്ഞ ദേവികുളം ഗ്യാപ് ഭാഗത്ത് ആണ് അപകടങ്ങൾ ഏറെയും. ശക്തിയേറിയ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് ഇവിടെ പാറ പൊട്ടിച്ച് നീക്കം ചെയ്യുന്നത്. ഈ പ്രകമ്പനത്തിൽ സമീപ സ്ഥലങ്ങളിൽ പാറക്കെട്ടുകൾക്ക് ഇളക്കം തട്ടാനും ഇടിയാനും കാരണമാകുന്നു. 

മൂന്നാർ ഗ്യാപ് റോഡ്

∙ മൂന്നാർ മുതൽ തമിഴ്നാട് അതിർത്തിയായ ബോഡ്മെട്ട് വരെ മലനിരകൾക്കിടയിലൂടെ ബ്രിട്ടീഷുകാർ പണിതതാണു ഗ്യാപ് റോഡ്. ഒറ്റവരിയായിരുന്ന പാതയിൽ ഗതാഗത തടസ്സം പതിവായതോടെയാണു റോഡിന് ഇരട്ടിയിലധികം വീതിയാക്കുന്ന പണികൾ തുടങ്ങിയത്. വീതി കൂട്ടുന്നതിനായി വശങ്ങളിലുള്ള മലകൾ അരിഞ്ഞുതാഴ്ത്തിയാണു സ്ഥലം കണ്ടെത്തുന്നത്. പാതയുടെ മറുഭാഗം ചെങ്കുത്തായ കൊക്കയും തോട്ടങ്ങളുമാണ്. ചില സ്ഥലങ്ങളിൽ ഇങ്ങനെ പാറ പൊട്ടിച്ചു  മാറ്റുമ്പോൾ വലിയ ഉയരത്തിൽ യാതൊരു താങ്ങും ഇല്ലാതെ ബാക്കി മണ്ണും പാറയും ഉയർന്നുനിൽക്കുകയാണ്. 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama