go

ചുരുളഴിയാതെ ദുരൂഹതകൾ: 11 കൊലപാതകങ്ങൾ; ഇനിയും തെളിയാതെ 2 ദുരൂഹമരണങ്ങൾ

Idukki News
SHARE

ചില മരണങ്ങൾ, ചില തിരോധാനങ്ങൾ.... കാലം ഇത്ര കഴിഞ്ഞിട്ടും ചുരുളഴിയാതെ കിടക്കുകയാണ് ഇവയ്ക്കു പിന്നിലെ നിഗൂഢതകൾ. സ്വാഭാവിക മരണമായി ‘കുഴിച്ചുമൂടപ്പെട്ട’ പല സംഭവങ്ങളിലും ‘കൂടത്തായി’യിലേതു പോലെ ദുരൂഹതകൾ ഒളിഞ്ഞിരിപ്പുണ്ടാകുമോ?  എന്നെങ്കിലും അവ മറനീക്കി പുറത്തുവരുമോ? 

കാണാമറയത്തുള്ളവർ പ്രിയപ്പെട്ടവരെ തേടി എത്തുമോ? എഴുതിത്തള്ളിയ, അന്വേഷണം തുടരുന്നുവെന്ന് അധികൃതർ അവകാശപ്പെടുന്ന, ഇടുക്കിയിലെ തെളിയിക്കപ്പെടാത്ത കൊലപാതകങ്ങളെക്കുറിച്ചും അസ്വാഭാവിക മരണങ്ങളെക്കുറിച്ചും തിരോധാനങ്ങളെക്കുറിച്ചും അന്വേഷണം...

Idukki News
കൊല്ലപ്പെട്ട ഗീതയും പ്രതി എന്നു സംശയിക്കുന്ന ഭർത്താവ് ജഗന്നാഥനും.

ഇനിയും തെളിയാതെ 2 ദുരൂഹമരണങ്ങൾ

മൂന്നാർ ∙ തോട്ടം മേഖലയിലെ 2 ദുരൂഹ മരണങ്ങൾ പൊലീസിന്റെ കേസ് ഡയറിയിൽ തെളിയാത്ത കൊലപാതകങ്ങളുടെ പട്ടികയിലുണ്ട്. 8 വർഷം മുൻപ് വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കണ്ണൻ ദേവൻ കമ്പനി കല്ലാർ എസ്റ്റേറ്റ് പുതുക്കാട് ഡിവിഷനിൽ ഗീതയുടെ മരണത്തിലും ഗുണ്ടുമല അപ്പർ ഡിവിഷനിൽ പാണ്ടിയമ്മാളിന്റെ എട്ടുവയസ്സുകാരിയായ മകളുടെ മരണത്തിലും പ്രതികൾ നിയമത്തിന്റെ വലയിൽ പെടാതെ വിഹരിക്കുകയാണ്.

2011 മാർച്ച് 19 ന് ആണു കല്ലാർ പുതുക്കാട് ഡിവിഷനിൽ തൊഴിലാളി ആയിരുന്ന ജഗന്നാഥന്റെ ഭാര്യ ഗീത (29) കൊല്ലപ്പെട്ടത്. ടിവി കേബിളിന്റെ ഒരറ്റം കഴുത്തിൽ മുറുക്കി മറ്റേ അറ്റം മുറിയിലെ സീലിങ്ങിൽ കെട്ടിയ നിലയിൽ ആണു ഗീതയുടെ മൃതദേഹം കിടന്നിരുന്നത്. തമിഴ് ആചാരപ്രകാരം മരണാനന്തര കർമങ്ങൾ നടത്തി. ഗീത കൊല്ലപ്പെട്ട ദിവസം തന്നെ ഭർത്താവ് ജഗന്നാഥൻ അപ്രത്യക്ഷനായതിനാൽ ഇയാളെ ചുറ്റിപ്പറ്റി ആയിരുന്നു അന്വേഷണം.

തമിഴ്നാട്ടിൽ ഉൾപ്പെടെ പൊലീസ് അരിച്ചുപെറുക്കി എങ്കിലും ഇയാളെ കണ്ടെത്താനായില്ല. ആദ്യത്തെ 3 വർഷത്തോളം അന്വേഷണം സജീവമായിരുന്നു എങ്കിലും പിന്നീട് നിലച്ചു. കഴി‍ഞ്ഞ മാസം 9 ന് ആണ് ഗുണ്ടുമല അപ്പർ ഡിവിഷനിൽ എട്ടുവയസ്സുകാരിയെ വീടിനുള്ളിൽ കയർ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിൽ കണ്ടത്. കുട്ടി പല തവണ പീഡനത്തിന് ഇരയായതായി പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിരുന്നു. മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

സംഭവ സ്ഥലത്ത് ക്യാംപ് ഓഫിസ് തുറന്ന് 65 പേരെ ചോദ്യം ചെയ്തു. മരണം നടന്ന് ഒരു മാസം പിന്നിടുമ്പോഴും കേസിൽ തുമ്പുണ്ടായിട്ടില്ല. ഈ കേസിൽ കോട്ടയത്തു നിന്നു ഫൊറൻസിക് സംഘവും മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരും ഇന്നു ഗുണ്ടുമലയിൽ എത്തി തെളിവെടുക്കും.

വീട്ടമ്മയുടെ തിരോധാനത്തിന് ഒന്നര വയസ്സ്

ചെറുതോണി ∙ വെൺമണി എട്ടൊന്നിൽ ചാക്കോച്ചന്റെ ഭാര്യ ഏലിയാമ്മ(55)യെ ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ നിന്നു കാണാതായിട്ട് ഇന്നലെ ഒന്നര വർഷം പൂർത്തിയായി. 

കഴിഞ്ഞ വർഷം ഏപ്രിൽ 9നു കാണാതായ ഏലിയാമ്മയ്ക്കു വേണ്ടി ഭർത്താവിന്റെയും മക്കളുടെയും പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസും പിന്നീട് ജില്ലാ ക്രൈം ബ്രാഞ്ചും തിരയാത്ത ഇടമില്ല. എന്നാൽ ഇത്ര നാളും ദുരൂഹതയുടെ മറവിൽ തന്നെയാണ് ഏലിയാമ്മ. കാണാതായിട്ട് ഒന്നര വർഷം പൂർത്തിയായ സാഹചര്യത്തിൽ ഇവർക്കായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കാനുള്ള ഒരുക്കത്തിലാണു ക്രൈംബ്രാഞ്ച്. നാട് കാത്തിരിക്കുന്നു

ശ്രീജിത്തിന്റെ മടങ്ങിവരവിനായി...

അടിമാലി ∙ വെള്ളത്തൂവൽ സ്റ്റേഷൻ പരിധിയിൽ വരുന്ന മുതുവാൻകുടി ചിറയ്ക്കൽ പരേതനായ ശിവന്റെ മകൻ ശ്രീജിത്തിനെ (17) കാണാതായിട്ട് 6 വർഷം. 2013 നവംബർ 12നു രാവിലെ മുതലാണു ശ്രീജിത്തിനെ കാണാതായത്. സുഹൃത്തിനെ കാണാൻ പോകുന്നു എന്ന് അറിയിച്ച ശേഷം ശ്രീജിത്ത് വീടു വിട്ട് ഇറങ്ങുകയായിരുന്നുവെന്ന് ഇതുസംബന്ധിച്ച് അമ്മ സുലോചന പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

തുടർന്നു ശ്രീജിത്തിനെ കണ്ടെത്തുന്നതിനു പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ സുലോചന മറ്റൊരാളുമായി വിവാഹം നടത്തി വീട് വിട്ടിറിങ്ങി. ഇതോടെ കേസ് അന്വേഷണം മന്ദഗതിയിൽ ആയി. ഒരു വർഷം മുൻപ് കേസ് അന്വേഷണം അവസാനിപ്പിച്ചു. എന്നാൽ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് അന്വേഷണസംഘത്തെ അറിയിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. കാണാതായ ശ്രീജിത്തിനെ സംബന്ധിച്ചു വീണ്ടും അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

കാണാതാകുന്നവരിൽ വയോധികരും ഏറെ

∙ ജില്ലയിൽ നിന്നു കാണാതാകുന്നവരിൽ പ്രായമായവരും കൂടുതലാണ്. രോഗങ്ങൾ പിടിപെടുന്നതും കുടുംബാന്തരീക്ഷത്തിലുണ്ടാകുന്ന തകരാറുകളുമാണു പ്രധാന പ്രശ്നം.

50 വയസ്സിനു മുകളിലുള്ളവരാണു കാണാതായവരിലേറെയും. ഇത്തരം കേസുകളിൽ പകുതിയോളം പേരെ മാത്രമാണു പൊലീസ് അന്വേഷണത്തിൽ കണ്ടെത്താൻ കഴിയുന്നത്.

Idukki News

300 അസ്വാഭാവിക മരണങ്ങൾ; 11 കൊലപാതകങ്ങൾ

നെടുങ്കണ്ടം ∙ ജില്ലയിൽ 9 മാസത്തിനിടെ നടന്നത് 300 അസ്വാഭാവിക മരണങ്ങൾ. 279 ആത്മഹത്യകൾ. വെള്ളത്തിൽ വീണുള്ള മരണം, മരത്തിൽ നിന്നു വീണുള്ള മരണം, ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപു സംഭവിച്ച മരണം എന്നിവയാണ് അസ്വാഭാവിക മരണങ്ങളുടെ പട്ടികയിൽ വരുന്നത്. ജില്ലയിൽ ഈ വർഷം ഇതുവരെ അരങ്ങേറിയതു 11 കൊലപാതകങ്ങളാണ്.  സമീപകാലത്തു മൂന്നാർ ഗുണ്ടുമലയിൽ നടന്ന എട്ടുവയസ്സുകാരിയുടെ  ദുരൂഹമരണം കൊലപാതകം ആണോയെന്നു പൊലീസ് പരിശോധിച്ചുവരികയാണ്. ദുർമന്ത്രവാദവുമായി ബന്ധപ്പെട്ട്  2018ൽ 5 കൊലപാതകങ്ങൾ ജില്ലയിൽ നടന്നു. 

ഈ വർഷം കാണാതായത് 387പേരെ

ജില്ലയിൽ കഴിഞ്ഞ  9 മാസത്തിനിടെ കാണാതായത് 387 പേർ. 2017-18 വർഷം 18 വയസ്സിൽ താഴെയുള്ള 56 പെൺകുട്ടികളെ കാണാതായി. ഇതിൽ 6 പെൺകുട്ടികൾ എവിടെയെന്നു വിവരമില്ല.  2017-18  വർഷം ഇടുക്കിയിൽ നിന്ന് ആകെ 430 പേരെ കാണാതായിട്ടുണ്ടെന്നാണു ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക്. ഇതിൽ 390 പേരെ ജില്ലാ പൊലീസിന്റെ സ്പെഷൽ സ്ക്വാഡ് കണ്ടെത്തി. 6 പെൺകുട്ടികളടക്കം 40 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതിൽ പ്രായപൂർത്തിയാകാത്ത 4 ആൺകുട്ടികളും ഉൾപ്പെടുന്നു.

ജില്ലയിൽ നിന്നു കാണാതായ, 18 വയസ്സിൽ താഴെയുള്ള 28 ആൺകുട്ടികളിൽ 24 പേരെയും കണ്ടെത്തിയെങ്കിലും മറ്റുള്ളവരെക്കുറിച്ചു വിവരമൊന്നുമില്ല. ഇടുക്കിയിൽ നിന്നു കഴിഞ്ഞ വർഷം  18 വയസ്സിനു മുകളിലുള്ള 245 സ്ത്രീകളെ കാണാതായിരുന്നു. ഇവരിൽ 233 പേരെയും കണ്ടെത്തി. 12 പേരെക്കുറിച്ചു വിവരമൊന്നുമില്ല.

18 വയസ്സിനു മുകളിലുള്ള 101 പുരുഷൻമാരെ കാണാതായതിൽ 83 പേരെ പൊലീസ് കണ്ടെത്തി. വിദ്യാർഥികൾ, വയോധികർ, സ്ത്രീകൾ എന്നിവർ അടക്കമുള്ളവരെയാണു ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ നിന്നു കാണാതായിരിക്കുന്നത്. സ്കൂൾ വിദ്യാർഥികളെ കാണാതായ വിവിധ പരാതികളിൽ 74 പേരെ പൊലീസ് കണ്ടെത്തി. കാണാതായവരിൽ, 20 വയസ്സിനു മുകളിലുള്ളവരെക്കുറിച്ചാണു പൊലീസിനു കാര്യമായ വിവരങ്ങൾ ലഭിക്കാത്തത്. അന്വേഷണം നടത്തിയിട്ടും ഒരു തുമ്പും പൊലീസിനു ലഭിച്ചിട്ടില്ല.

Idukki News
ദിവ്യ മോഹൻ

മകൾക്കു വേണ്ടി അമ്മയുടെ കാത്തിരിപ്പ്, 13 വർഷമായി...

തൊടുപുഴ ∙ ബെംഗളൂരുവിൽ നഴ്സിങ് പഠനത്തിനിടെ ദുരൂഹസാഹചര്യത്തിൽ കാണാതായ പന്നൂർ സ്വദേശി ദിവ്യ മോഹന്റെ (21) തിരോധാനത്തിന്റെ ചുരുളുകൾ വർഷങ്ങൾ കഴിഞ്ഞിട്ടും അഴിയുന്നില്ല. ദുരൂഹമായ പല കേസുകളും വെളിച്ചത്തു വരുമ്പോൾ തന്റെ മകൾ മാത്രം എവിടെയാണെന്ന് അറിയാൻ സാധിക്കാതെ അമ്മ ഇന്ദിര പതിമൂന്നര വർഷമായി കഴിയുകയാണ്, എന്നെങ്കിലും തന്റെ മകളെ കണ്ടെത്താൻ ആകും എന്ന പ്രതീക്ഷയോടെ.

2006 ഫെബ്രുവരി 21നു വൈകിട്ടാണു കരിമണ്ണൂർ പന്നൂർ കരിമ്പനച്ചാലിൽ മോഹൻ – ഇന്ദിര ദമ്പതികളുടെ മൂന്നാമത്തെ മകൾ ദിവ്യ മോഹനെ ബെംഗളൂരുവിലെ നഴ്സിങ് ഹോസ്റ്റലിൽ നിന്നു കാണാതായത്. ബെംഗളൂരു ശ്രീനഗർ നഴ്സിങ് കോളജിൽ മൂന്നാം വർഷ നഴ്സിങ് വിദ്യാർഥിയായിരുന്ന ദിവ്യ ഫോൺ ചെയ്തിട്ടു വരാം എന്നു പറഞ്ഞ് ഹോസ്റ്റലിൽ നിന്നു പുറത്തു പോയതാണ്. പിന്നെ ഹോസ്റ്റലിലേക്കു തിരികെ വന്നില്ല. വർഷങ്ങൾ പലതു കഴിഞ്ഞു എങ്കിലും ഇതേവരെ വീട്ടിലേക്കോ സുഹൃത്തുക്കളെയോ വിളിച്ചിട്ടില്ല.

ദിവ്യയെ കാണാനില്ലെന്ന വിവരം അറിഞ്ഞ് ബെംഗളൂരുവിൽ അമ്മ ഇന്ദിരയും ബന്ധുക്കളും എത്തി അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. സംഭവ ദിവസം ഫോൺ ചെയ്യാൻ കൊണ്ടുപോയ ചില്ലറ നോട്ടുകൾ അല്ലാതെ ദിവ്യ ഒന്നും കൊണ്ടുപോയില്ലെന്നു സഹപാഠികൾ പറഞ്ഞതായി ഇന്ദിര പറയുന്നു. ദിവ്യയുടെ തിരോധാനത്തിൽ ദുരൂഹത ഏറെയാണ്.

Idukki News
പൗലോസ്

എഎസ്ഐയുടെ തിരോധാനം: ദുരൂഹത മാറ്റാനാകാതെ പൊലീസ്

എട്ടു വർഷം കഴിഞ്ഞിട്ടും എഎസ്ഐ പൗലോസിന്റെ തിരോധാനത്തിന് ഉത്തരമില്ല. തങ്കമണി ഔട്ട് പോസ്റ്റിലെ എഎസ്ഐ ആയിരുന്ന കൊടുവേലി പരീക്കൽ പൗലോസിന്റെ തിരോധാനമാണ് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നത്. 2011 ജനുവരി 1 നു വൈകിട്ട് വീട്ടിൽ നിന്നു പുറത്തു പോയതായിരുന്നു പൗലോസ്. പിന്നെ ഇതുവരെ തിരിച്ചു വന്നിട്ടില്ല. അന്നു വൈകിട്ട് അഞ്ചരയോടെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പൗലോസ്, പതിവില്ലാതെ അസ്വസ്ഥനും ക്ഷീണിതനുമായിരുന്നു.

വളരെ നിർബന്ധിച്ചപ്പോൾ മാത്രമാണ് അന്ന് അദ്ദേഹം ഭക്ഷണം കഴിച്ചതെന്നു ഭാര്യ എൽസി ഓർക്കുന്നു. തൊമ്മൻകുത്തിലെ തറവാട്ടിലേക്ക് പോകുകയാണെന്നു പറഞ്ഞാണു കൊടുവേലിയിലുള്ള വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ തറവാട്ടിൽ എത്താത്തതു സംശയത്തിന് ഇട നൽകുന്നതായി ഭാര്യ എൽസി ചൂണ്ടിക്കാണിക്കുന്നു.

ഹെഡ് കോൺസ്റ്റബിൾ ആയിരുന്ന പൗലോസ് എഎസ്ഐയായി സ്ഥാനക്കയറ്റം ലഭിക്കുന്ന ദിവസം തന്നെയാണു കാണാതായത്. കരിമണ്ണൂർ പൊലീസും പിന്നീട് ക്രൈം ഡിറ്റാച്ച്മെന്റും അന്വേഷിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.  ക്രൈംബ്രാഞ്ച് ആണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama