go

ഫാം ഹൗസ് ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി; കൊലക്കുറ്റമേറ്റ് മാനേജരുടെ സന്ദേശം

Idukki News
1.റിജോഷ് 2.കാണാതായ വസീം 3.കാണാതായ ലിജി
SHARE

രാജകുമാരി∙ ഒരാഴ്ച മുൻപ് കാണാതായ യുവാവിന്റെ മൃതദേഹം സ്വകാര്യ ഫാം ഹൗസിനു സമീപം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. മൃതദേഹം ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലാണ്. ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയതാണെന്നു സൂചനയുണ്ട്. യുവാവിനെ കൊന്നു കുഴിച്ചുമൂടിയത് താനാണെന്ന് ഏറ്റുപറയുന്ന ഫാം ഹൗസ് മാനേജരുടെ വിഡിയോ സന്ദേശം പൊലീസിനു ലഭിച്ചു.ശാന്തൻപാറ പുത്തടി മൂല്ലൂർ വീട്ടിൽ റിജോഷിന്റെ (31) മൃതദേഹമാണ് പുത്തടിക്കു സമീപം മഷ്റൂം ഹട്ട് ഫാം ഹൗസിന്റെ കൃഷിയിടത്തിൽ നിന്നു കണ്ടെത്തിയത്. 

ഫാം ഹൗസിലെ ജീവനക്കാരനായ റിജോഷിനെ ഒക്ടോബർ 31 മുതലും ഭാര്യ ലിജി(29), ഇളയ മകൾ ജൊവാന(2), ഫാം ഹൗസ് മാനേജർ തൃശൂർ ഇരിങ്ങാലക്കുട കോണത്തുകുന്ന് കുഴിക്കണ്ടത്തിൽ വസീം (32) എന്നിവരെ  ഈ മാസം 4 മുതലും കാണാനില്ലെന്ന് ബന്ധുക്കൾ ശാന്തൻപാറ പൊലീസിൽ പരാതി നൽകിയിരുന്നു.റിജോഷിനെ റിസോർട്ടിന്റെ ഭൂമിയിൽ കൊന്നു കുഴിച്ചുമൂടിയത് താൻ മാത്രമാണെന്ന് ഏറ്റു പറഞ്ഞാണ് വസീമിന്റെ വിഡിയോ സന്ദേശം. കൃത്യം ചെയ്തത് താൻ ഒറ്റയ്ക്കാണെന്നും സഹോദരനെയും സുഹൃത്തുക്കളെയും വെറുതേ വിടണമെന്നും പൊലീസിനോട് വിഡിയോയിൽ അപേക്ഷിക്കുന്നു. മൂന്നാർ പൊലീസിനാണ് സന്ദേശം അയച്ചിരിക്കുന്നത്. 

റിജോഷിനെ കാണാതായതിനു ശേഷം അന്വേഷണ ഉദ്യോഗസ്ഥർക്ക് റിജോഷിന്റെ ഭാര്യ ലിജി മൊഴി നൽകിയിരുന്നു.ഏതാനും ദിവസം മുൻപ് കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ നിന്ന് റിജോഷ് തന്റെ ഫോണിലേക്കു വിളിച്ചിരുന്നു എന്ന ലിജിയുടെ മൊഴിയിൽ സംശയം തോന്നിയ പൊലീസ് ഇൗ ഫോൺ നമ്പറുകളുടെ ഉടമകളെ കണ്ടെത്തിയത് നിർണായകമായി. കേസ് വഴിതിരിച്ചു വിടാൻ വസീമിന്റെ സഹോദരൻ ഏർപ്പെടുത്തിയവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കാണാതായതിനു ശേഷം വസീം നെടുങ്കണ്ടത്തുള്ള എടിഎമ്മിൽ നിന്നു പണം പിൻവലിച്ചിട്ടുണ്ട്. 

റിജോഷിനെ മദ്യത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയെന്ന് സംശയം

രാജകുമാരി (ഇടുക്കി)∙ ഫാം ഹൗസ് ജീവനക്കാരൻ റിജോഷിനെ മദ്യത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയതാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 31 ന് വൈകിട്ട് ഫാം ഹൗസിനു സമീപം റിജോഷ് മദ്യപിച്ചിരുന്നു. ഫാം ഹൗസിനു 100 മീറ്റർ അകലെ ജലസംഭരണിയുടെ സമീപത്ത് 6 അടി താഴ്ചയുള്ള കുഴിയിലാണ്  മൃതദേഹം കണ്ടെത്തിയത്.ഫാമിലെ ഒരു പശുക്കുട്ടി ചത്തു എന്നും അതിനെ കുഴിച്ചിട്ട ഭാഗത്ത് കുറച്ച് മണ്ണു കൂടി ഇടണമെന്നും സമീപവാസിയായ, മണ്ണുമാന്തിയന്ത്രത്തിന്റെ ഓപ്പറേറ്ററോട് വസീം പറഞ്ഞിരുന്നു. ഈ മാസം 2 ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴി കൂടുതൽ മണ്ണിട്ടു നികത്തുകയും ചെയ്തു.

മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററുടെ മൊഴി അനുസരിച്ചാണ് പൊലീസ് ഉടുമ്പൻചോല തഹസിൽദാർ നിജു കുര്യന്റെ സാന്നിധ്യത്തിൽ ഇന്നലെ മണ്ണു മാറ്റി പരിശോധന നടത്തിയത്. ഇൻ‌ക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.  ജോയൽ, ജോഫിറ്റ എന്നിവരാണ് റിജോഷ്–ലിജി ദമ്പതികളുടെ മറ്റു മക്കൾ. മൂന്നാർ ഡിവൈഎസ്പി എം. രമേഷ്കുമാർ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി: പയസ് ജോർജ്, ശാന്തൻപാറ സിഐ ടി.ആർ.പ്രദീപ്കുമാർ, രാജാക്കാട് സിഐ എച്ച്.എൽ.ഹണി, എസ്ഐമാരായ പി.ഡി.അനൂപ്മോൻ, വി.വിനോദ്കുമാർ, ജോബി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama