ഗൂഗിളില്‍ പരതിയെടുത്ത വിജയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ടി.എൻ. മുഹമ്മദ് ജവാദ് ടി.എൻ. മുഹമ്മദ് ജവാദ്

പത്തൊൻപതാം വയസ്സിൽ സ്വന്തം ആശയം കൊണ്ടു കോടീശ്വരനായി മാറിയ കണ്ണൂർ സ്വദേശിയുടെ കഥ

കണ്ണൂർ∙ ടിഎൻഎം ജവാദിനു പ്രായം 21. സ്വന്തമായുള്ളതു രണ്ടു കോടി രൂപ വാർഷിക വരുമാനമുള്ള കമ്പനി, വീട്, ബിഎംഡബ്ല്യു കാർ. ഇതൊന്നും കുടുംബവഴിയായി കിട്ടിയതല്ല. ഗൂഗിൾ വഴി നേടിയതാണ്. 

‘പേരിട്ടത്’ ഗൂഗിൾ, ഗുരുവും ഗൂഗിൾ

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മകനു കംപ്യൂട്ടറും ഇന്റർനെറ്റ് കണക്‌ഷനും നൽകിയത് ഉപ്പ ടി.എൻ.എ.ഖാദർ. ടി.എൻ.മുഹമ്മദ് ജവാദിനു ടിഎൻഎംജവാദ്96@ജിമെയിൽ എന്ന ഐഡി ലഭിക്കുന്നേടത്താണു ഗൂഗിൾ വഴി തുടങ്ങുന്നത്. 96 ഒഴിവാക്കി, ഈ പേരു തന്നെ ജവാദും സ്വീകരിച്ചു. സൗജന്യ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചു ബ്ലോഗ്, വെബ് ഡിസൈനിങ്ങിന്റെ ആദ്യപാഠങ്ങൾ. പത്താം ക്ലാസിൽ, സഹപാഠിയായ ശ്രീരാഗുമായി ചേർന്ന് jasri.tk എന്ന സൈറ്റുണ്ടാക്കി.

ജവാദ് തന്റെ ടിഎൻഎം ഓൺലൈൻ സൊലൂഷൻസിലെ ജീവനക്കാരോടൊപ്പം. ജവാദ് തന്റെ ടിഎൻഎം ഓൺലൈൻ സൊലൂഷൻസിലെ ജീവനക്കാരോടൊപ്പം.

ഹയർസെക്കൻഡറി ആദ്യ വർഷ വിദ്യാർഥിയായിരിക്കെ ടിഎൻഎം ഓൺലൈൻ സൊലൂഷൻസ് എന്ന കമ്പനി തുടങ്ങി. സ്കൂൾ പഠനത്തിനു പുറമെ, വെബ് ഡിസൈനിങ് പഠിച്ചു. ഇതിനിടെ, കമ്പനിയുടെ ഓഫിസ് തുറന്നു. ഡിസൈനിങ്ങിനും ഡവലപ്മെന്റിനുമായി രണ്ടു പേരെ നിയമിച്ചു.

2500 രൂപയ്ക്ക് വെബ്സൈറ്റ് ഡിസൈൻ ചെയ്തു നൽകാമെന്നു ഫെയ്സ്ബുക്കിലൂടെ വാഗ്ദാനം നൽകി. കെട്ടിട വാടക, ശമ്പളം തുടങ്ങി ചെലവുകൾ വേറെ. പരസ്യത്തിനു ചെലവാക്കാൻ പണമില്ല. ശമ്പളം മുടങ്ങുമെന്ന അവസ്ഥ വന്നു. സ്റ്റാഫിനു ശമ്പളം വൈകരുതെന്ന് ഉമ്മ ഫരീദയ്ക്കായിരുന്നു നിർബന്ധം. അതിനു വേണ്ടി, തന്റെ ആഭരണങ്ങൾ ഊരിക്കൊടുത്തു ഫരീദ.  

സമയംനോക്കാതെ ജോലി

‘സ്കൂൾ വിട്ടു നേരെ ഓഫിസിലേക്ക്. രാത്രി ഒൻപതു വരെ അവിടെ. പിറ്റേന്നു പുലർച്ചെ രണ്ടു മണി വരെ വീട്ടിലിരുന്ന് ഇടപാടുകാരുമായി ഫോണിലും മറ്റും ചർച്ച. ഞാനുറങ്ങും വരെ ഉമ്മ ഉറങ്ങാതിരിക്കും. ആദ്യവർഷം വിദേശത്തു നിന്നടക്കം നൂറോളം ഓർഡറുകൾ. സ്കൂളിൽ ഹാജർ കുറവായിരുന്നുവെങ്കിലും ഹയർസെക്കൻഡറിക്ക് 85% മാർക്ക് നേടി. മാനേജ്മെന്റ് സീറ്റിൽ ബിബിഎക്കു ചേരാൻ ശ്രമിച്ചു.

പക്ഷേ, കോളജ് അധികൃതർ ചോദിച്ചതു വലിയ തുകയായിരുന്നു. അതു നൽകാൻ സാധിച്ചില്ല. ഇപ്പോൾ വിദൂരവിദ്യാഭ്യാസം വഴി ബിബിഎ ചെയ്യുന്നു. ഇതിനിടെ, ഓൺലൈൻ കൺസൽറ്റൻസിയും കമ്പനികളെയും വ്യക്തികളെയും സർച് എൻജിനിൽ മുന്നിലെത്തിക്കുന്നതിനുള്ള ഗൂഗിൾ എസ്ഇഒയും തുടങ്ങിയതോടെ കമ്പനി പച്ചപിടിച്ചു. സമയം നോക്കാതെ ജോലി ചെയ്യുന്ന ടീമാണ് എന്റെ കരുത്ത്.’ ഗൂഗിളാണു തന്റെ അധ്യാപകനെന്നും ജവാദ്.

മീശമുളയ്ക്കും മുമ്പേ മുതലാളി

ജവാദ് മാനേജിങ് ഡയറക്ടറായ ടിഎൻഎം ഓൺലൈൻ സൊലൂഷൻസിനു കണ്ണൂരിലും ദുബായിലും ഓഫിസുകൾ. ബെംഗളൂരുവിൽ റിയൽ എസ്റ്റേറ്റ് സ്ഥാപനം. ഇവിടങ്ങളിൽ ജോലി ചെയ്യുന്നതു നൂറോളം പേർ. കണ്ണൂർ നഗരത്തോടു ചേർന്നുള്ള വാരത്തു സ്വന്തമായി വീടുണ്ടാക്കിയതു പത്തൊൻപതാം വയസ്സിൽ. സഹോദരി ഫാത്തിമ ഫിദ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ജേതാവാണ്. മീശമുളയ്ക്കും മുൻപേ യാഥാർഥ്യമായവയാണു ജവാദിന്റെ സ്വപ്നങ്ങൾ.

സ്വപ്നം കാണുന്നോ ജവാദിനൊപ്പം? 

വെബ് ഡിസൈനിങ്, വെബ് ഡവലപ്മെന്റ്, ഡിജിറ്റൽ മാർക്കറ്റിങ് തുടങ്ങിയവയിൽ പ്രഫഷനൽ പരിശീലനം നൽകുന്ന അക്കാദമിയാണു ജവാദിന്റെ അടുത്ത സ്വപ്നം. ഇതും വൈകില്ല. കണ്ണൂർ നഗരത്തിൽ അടുത്തു തന്നെ പ്രവർത്തനം തുടങ്ങുന്ന അക്കാദമിയിൽ ഏതു പ്രായത്തിലുള്ളവർക്കും പ്രവേശനം നൽകുമെന്നു ജവാദ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.