പാപ്പിനിശ്ശേരി ∙ ദേശീയപാത ബൈപാസിനായി കുടിയൊഴിപ്പിക്കുന്നതിനെതിരെ തുരുത്തി കോളനി സമരസമിതിയുടെ നേതൃത്വത്തിൽ 22നു കലക്ടറേറ്റ് മാർച്ച് നടത്തും. കോൺഗ്രസ് നേതാവ് വി.എം.സുധീരൻ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിവിധ സംഘടനകളുടെ സഹകരണത്തോടെ ജനകീയ പ്രക്ഷോഭം നടത്താനാണ് തീരുമാനം. ദേശീയപാത വികസനത്തിന്റെ പേരിൽ കിടപ്പാടം ഇല്ലാതാക്കുന്നതിനെതിരെ തുരുത്തിയിൽ നടക്കുന്ന കുടിൽകെട്ടി സമരം പതിനഞ്ചാം ദിവസത്തിലേക്കു കടന്നു. കഴിഞ്ഞ ദിവസം ബൈപാസ് സർവേ സംഘത്തെ തടഞ്ഞ സമരനേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു.
സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ പിടികൂടി അന്യായമായി തടങ്കലിൽ വച്ച പൊലീസ് നടപടിയിൽ കലക്ടർ ഇടപെടണമെന്നു സമരസമിതി നേതാക്കൾ ആവശ്യപ്പെട്ടു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ടു പാപ്പിനിശ്ശേരി തുരുത്തി സെറ്റിൽമെന്റ് പട്ടികജാതി കോളനിയിലെ 400 വർഷം പഴക്കമുള്ള പുതിയിൽ ഭഗവതിക്ഷേത്രം ഇല്ലാതാവുമെന്നു സമരസമിതി അറിയിച്ചു. രാഷ്ട്രീയ – വ്യവസായ ലോബിയുടെ ഇടപെടൽ കാരണം തെറ്റായ അലൈൻമെന്റിന്റെ പേരിലാണു സർവേ നടത്തുന്നതെന്ന് ആരോപണം ഉയർന്നു.