go

മോഷ്ടാക്കൾ ആരാധനാലയങ്ങൾ ലക്ഷ്യമിടുന്നതിനു പിന്നിൽ.....

SHARE

കണ്ണൂർ, കാസർകോട് ജില്ലകളിൽ ആരാധനാലയങ്ങളിൽ മോഷണം പെരുകുന്നു. ഈ വർഷം ഇതുവരെ കണ്ണൂരിൽ മാത്രം ഇരു‌പതിലേറെ കേസുകൾ. അധികവും ക്ഷേത്രങ്ങളിൽ. പ്രത്യക്ഷത്തിൽ ചെറിയ മോഷണമെങ്കിലും വിശ്വാസികൾക്കു നഷ്ടപ്പെട്ടത് അമൂല്യവസ്തുക്കൾ. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണങ്ങൾ പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കണമെന്നാവശ്യം...

പൊലീസിന്റെ കണക്കു പ്രകാരം ഈ വർഷം ഓഗസ്റ്റ് വരെയുള്ള എട്ടു മാസത്തിനിടെ കണ്ണൂർ ജില്ലയിൽ ആരാധനാലയങ്ങളിൽ നടന്നത് 13 കവർച്ചകൾ, ഒരു കവർച്ചാശ്രമം. ഇതിൽ ഏഴു കേസുകളിൽ മാത്രമാണു പ്രതികൾ അറസ്റ്റിലായിട്ടുള്ളത്. അഞ്ചു കേസുകളിൽ പ്രതികളാരെന്ന് പൊലീസ് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ശേഷിക്കുന്ന രണ്ടു കേസുകളിൽ പ്രതികളാരെന്ന് അറിയാമെങ്കിലും അറസ്റ്റിലായിട്ടില്ല. 13 സംഭവങ്ങളിലായി കവർന്നതു പണമായും പണ്ടമായും 2,49,500 രൂപ. അറസ്റ്റിലായവരിൽനിന്ന് ഇതുവരെ കണ്ടെടുത്തത് 59,973.50 രൂപ. 

കണ്ണൂരിൽ സ്റ്റേഷൻ തിരിച്ചുള്ള ക്ഷേത്രമോഷണ കവർച്ചാക്കണക്ക് ഇങ്ങനെ:

മാലൂർ- 1, മട്ടന്നൂർ- 2, മയ്യിൽ- 4, പയ്യന്നൂർ-3, വളപട്ടണം- 1, പഴയങ്ങാടി-1, പെരിങ്ങോം-1, കൊളവല്ലൂർ-1

പൊലീസിന്റെ കൈവശം ഓഗസ്റ്റ് വരെയുള്ള കവർച്ചാക്കണക്കേയുള്ളൂവെങ്കിലും സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ മാത്രം ആറു കവർച്ചകളുണ്ടായി. 

മയ്യിലിൽ  കവർച്ചാ പരമ്പര

അഞ്ച് മാസത്തിനിടെ മയ്യിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്നത് ആറു ക്ഷേത്ര കവർച്ചകൾ. ഒരു കേസിൽ പോലും പ്രതി പിടിയിലായില്ല.  ജൂലൈയിൽ ചേലേരി ഈശാനമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ മൂന്നു ഭണ്ഡാരങ്ങൾ തകർത്ത് അയ്യായിരത്തോളം രൂപ കവർന്നു. നാറാത്ത് വിശ്വകർമ ഊർപ്പഴശി ക്ഷേത്രത്തിൽനിന്നു മോഷ്ടിച്ചതു വിഗ്രഹത്തിൽ ചാർത്തുന്ന ഏഴു പവൻ തൂക്കംവരുന്ന ആടയാഭരണങ്ങളാണ്. ഭണ്ഡാരങ്ങൾ തകർത്തു പണവും മോഷ്ടിച്ചു. നാറാത്ത് പുതിയ ഭഗവതി ക്ഷേത്രത്തിന്റെ ചുറ്റുമതിലിൽ സ്ഥാപിച്ചിരുന്ന ഭണ്ഡാരമാണു കൊള്ളയടിച്ചത്.

ഇവിടെയും വിശ്വകർമ ഊർപ്പഴശി ക്ഷേത്രത്തിലും മോഷണം നടന്നത് ഒറ്റ ദിവസം.കണ്ണാടിപ്പറമ്പ് പാളത്ത് കഴകപ്പുരയിൽ വിഗ്രഹത്തിൽ ചാർത്തിയ നാലു സ്വർണമാലകൾ കവർന്നതു സെപ്റ്റംബറിൽ. ശ്രീകോവിലിനു മുൻപിലെ മൂലഭണ്ഡാരം തന്നെ കവർന്നു. കൊളച്ചേരി ഉഴലൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ കവർച്ച കഴിഞ്ഞ ദിവസമാണ്. ഒന്നരപ്പവന്റെ മാല, 75 ഗ്രാം തൂക്കം വരുന്ന മൂന്നു വെള്ളി ലോക്കറ്റുകൾ, ഭണ്ഡാരം തകർത്ത് അയ്യായിരത്തോളം രൂപ, ഓഫിസിനുള്ളിൽ സൂക്ഷിച്ചിരുന്ന പണം എന്നിവ കവർന്നു. 

മട്ടന്നൂരിൽ  അഞ്ചിടത്ത്

മട്ടന്നൂർ മേഖലയിൽ ആറു മാസത്തിനിടയിൽ അഞ്ചു ക്ഷേത്രങ്ങളിൽ ഭണ്ഡാരം പൊളിച്ചു കവർച്ച നടന്നു. ജൂലൈയിൽ പെരിഞ്ചേരി വിഷ്ണു ക്ഷേത്രത്തിലും ഓഗസ്റ്റിൽ കീഴല്ലൂർ കോളിപ്പാലം മുത്തപ്പൻ ക്ഷേത്രം, വളയാൽ കടാങ്കോട് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും ഭണ്ഡാരം തകർത്തു പണം കവർന്നു. കാര പേരാവൂർ കൂത്താമ്പേത്ത് ഭഗവതി ക്ഷേത്രത്തിലും എടയന്നൂർ ആനിയത്ത് എളമ്പിലാൻ ഭഗവതി ക്ഷേത്രത്തിലും സമാന രീതിയിൽ കവർച്ച നടന്നു. കവർച്ചയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തതല്ലാതെ പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. 

മലയോരത്ത് നേർച്ചപ്പെട്ടി മോഷണം

മലയോരത്ത് നേർച്ചപ്പെട്ടി മോഷണം വ്യാപകമാണ്. പ്രത്യേകിച്ച് കേളകം പൊലീസ് സ്റ്റേഷൻ പരിധിയിൽ. അടക്കാത്തോട്, ചെട്ടിയാംപറമ്പ്, കേളകം, വെങ്ങലോടി, പാൽച്ചുരം, ഏലപ്പീടിക എന്നിവിടങ്ങളിലെ വിവിധ കുരിശുപള്ളികൾ, ഗ്രോട്ടോകൾ,  ചെറിയ ക്ഷേത്രങ്ങൾ, ജുമാ മസ്ജിദ് എന്നിവിടങ്ങളിലെ  നേർച്ചപ്പെട്ടികളാണ് മോഷ്ടിക്കപ്പെട്ടത്. അവസാനമായി മോഷണം നടന്നത് മണത്തണക്കടുത്ത് ചാണപ്പാറ ദേവി ക്ഷേത്രത്തിലാണ്. കഴിഞ്ഞ മാസം 26ന് പുലർച്ചെയാണ് ഇവിടെ മോഷണമുണ്ടായത്. മലയോര ഹൈവേയോട് ചേർന്നുള്ളതാണ് ഈ ക്ഷേത്രം.

നേർച്ചപ്പെട്ടിക്ക് പുറമെ ശ്രീകോവിലും കുത്തിത്തുറന്നു മോഷണം നടത്തി. വിഗ്രഹത്തിൽ ചാർത്തിയിരുന്ന പഞ്ചലോഹ മുഖപ്പറ്റും മോഷ്ടിച്ചു. വെങ്ങലോടിയിലെ കുരിശുപള്ളിയിലെ നേർച്ചപ്പെട്ടി മോഷ്ടിച്ച കേസിലെ പ്രതിയെ പൊലീസ് രണ്ട് ദിവസത്തിനകം പിടികൂടിയിരുന്നു. മറ്റ് കേസുകളിലെ പ്രതിയെ കണ്ടെത്തിയിട്ടില്ല.   പെരിങ്ങോത്ത് കുറ്റൂർ വെള്ളരിയാനം ദേവാലയത്തിൽ ഭണ്ഡാരം കുത്തിത്തുറന്നുള്ള മോഷണത്തിൽ പ്രതികൾ പിടിയിലായതു നിരീക്ഷണ ക്യാമറ മൂലം. ശ്രീകണ്ഠപുരം സ്വദേശികളാണ് അറസ്റ്റിലായത്.

ഉളിക്കലിൽ രണ്ട് മാസം മുൻപ് മുണ്ടാന്നൂർ അയ്യപ്പ ക്ഷേത്രത്തിന്റ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണത്തിന് ശ്രമം നടന്നിരുന്നു. ഇയാൾ പിന്നീട് അറസ്റ്റിലായെങ്കിലും അതു ക്ഷേത്രമോഷണക്കേസിലെ അന്വേഷണത്തിലായിരുന്നില്ല.  ഉളിക്കലിൽ എടിഎം തകർത്തെന്ന പരാതിയിൽ അറസ്റ്റിലായ പ്രതി ഈ കുറ്റവും സമ്മതിക്കുകയായിരുന്നു. കാഞ്ഞങ്ങാട് നിത്യാനന്ദ ആശ്രമക്ഷേത്രത്തിലെ നിത്യാനന്ദ സ്വാമിയുടെ പഞ്ചലോഹ വിഗ്രഹത്തിൽ ചാർത്തിയ സ്വർണമാലയും പ്രദർശന ഹാളിൽ വച്ച ദത്താത്രേയ പ്രതിമയും ദിവസങ്ങളുടെ വ്യത്യാസത്തിലാണു മോഷണം പോയത്. ഈ കേസിൽ ഇതുവരെ തുമ്പില്ല. 

രീതികൾ സമാനം

കവർച്ചകൾ എല്ലാം സമാന രീതിയിൽ ഉള്ളവയാണ്. പൂട്ട് തകർക്കൽ തന്നെയാണു സ്വീകരിച്ചിരിക്കുന്ന ഏക തന്ത്രം.  വാതിലിന്റെ പൂട്ടുതകർത്ത് അകത്ത് കടക്കുകയും ശ്രീകോവിലിന്റെ പൂട്ട് തകർത്ത് വിഗ്രഹത്തിൽ ചാർത്തിയ ആഭരണം കവരുകയും ഭണ്ഡാരത്തിന്റെ പൂട്ടു തകർത്ത് പണം കവരുകയാണ് മോഷണരീതി. ആധുനിക വൈദഗ്ധ്യങ്ങളൊന്നുമില്ലാത്ത, പരമ്പരാഗത മോഷ്ടാക്കളുടെ രീതിയാണിത്. ഒരേ സംഘം തന്നെയാണ് ഈ മോഷണങ്ങൾക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്. മയ്യിലിൽ കവർച്ച നടന്ന ക്ഷേത്രങ്ങളെല്ലാം അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഉള്ളവയാണ്. നാറാത്ത് രണ്ട് ക്ഷേത്രങ്ങളിലും കവർച്ച നടന്നത് ഒരേ ദിവസമാണ്.

ഒരു ലക്ഷം കടന്നാൽ സ്ക്വാഡ് വരും

ക്ഷേത്രമോഷണങ്ങൾ സംസ്ഥാനത്തു വ്യാപകമായ സാഹചര്യത്തിലാണു 2010ൽ സ്പെഷൽ ടെംപിൾ ആന്റി തെഫ്റ്റ് സ്ക്വാഡ് രൂപീകരിച്ചത്. സംസ്ഥാനമൊട്ടാകെയുള്ള ക്ഷേത്രമോഷണങ്ങൾ അന്വേഷിക്കുകയായിരുന്നു ഉദ്ദേശ്യം. 2013 വരെ സംസ്ഥാനതലത്തിൽ എല്ലാ ജില്ലകളിലെയും എസ്പിമാരുമായി ബന്ധപ്പെട്ടു സ്ക്വാഡ് പ്രവർത്തിച്ചിരുന്നു. ഇപ്പോൾ പൊലീസ് ആസ്ഥാനത്തുനിന്നു കൈമാറുന്ന കേസുകൾ മാത്രമാണ് അന്വേഷിക്കുന്നത്.

ഒരു ലക്ഷം രൂപയിൽ കൂടുതലോ, ഒരു ലക്ഷം രൂപയിൽ കൂടുതൽ മൂല്യമുള്ള മുതലോ മോഷ്ടിക്കപ്പെട്ടാൽ മാത്രമേ സ്ക്വാഡ് അന്വേഷിക്കുകയുള്ളൂ. ക്രൈംബ്രാഞ്ച് എസ്പി കെ.വി.സന്തോഷിന്റെ നേതൃത്വത്തിലാണു സ്ക്വാഡ് പ്രവർത്തനം. തെക്കൻ ജില്ലകളിലെ രണ്ടു കേസുകൾ മാത്രമാണ് ഇപ്പോൾ അന്വേഷണ പരിധിയിൽ.

കേസുകൾ ഒരുമിച്ചന്വേഷിക്കണം

സമാനമായ രീതിയിൽ, കണ്ണൂർ, കാസർകോട് ജില്ലകളിലെ ക്ഷേത്രങ്ങൾ തിരഞ്ഞുപിടിച്ചു കവർച്ച നടക്കുന്നു. നഷ്ടപ്പെടുന്നതു വിശ്വാസികൾ അമൂല്യമായി കരുതുന്ന വിഗ്രഹങ്ങളും ആഭരണങ്ങളുമാണ്. പണത്തിന്റെ മൂല്യം വച്ച് വിലയിരുത്താനാകില്ല. ഈ മോഷണങ്ങളെല്ലാം പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ് ആവശ്യം.

ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചു മോഷണം നടത്തുന്നവരുടെ വിശദാംശങ്ങൾ ശേഖരിക്കലും, ആവശ്യമെങ്കിൽ ജില്ലയ്ക്കോ, സംസ്ഥാനത്തിനോ പുറത്തുപോയുള്ള അന്വേഷണവുമെല്ലാം പ്രത്യേക സംഘത്തിന് എളുപ്പമാണ്. കണ്ണൂർ റേഞ്ചിലെ ജില്ലകളായതിനാൽ ഐജിക്കു കീഴിൽ പ്രത്യേക സംഘം രൂപീകരിക്കാൻ തടസ്സമില്ല. 

വേണം നിരീക്ഷണം

കണ്ണൂ‍ർ, കാസർകോട് ജില്ലകളിലെ ബഹുഭൂരിപക്ഷം ക്ഷേത്രങ്ങളിലും നിരീക്ഷണ ക്യാമറകളില്ല. സാമ്പത്തികമായി മുൻപന്തിയിൽ നി‍ൽക്കുന്ന ചില ക്ഷേത്രങ്ങൾ സ്വന്തം നിലയ്ക്കു ക്യാമറ വച്ചിട്ടുണ്ട്. ക്ഷേത്രങ്ങളിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കാൻ മലബാർ ദേവസ്വം ബോർഡിനു നിലവിൽ പദ്ധതികൾ ഇല്ലെന്നും ക്ഷേത്രത്തിനു സ്വന്തം നിലയ്ക്കു ചെയ്യാമെന്നും പ്രസിഡന്റ് ഒ.കെ.വാസു പറഞ്ഞു. ക്യാമറ വച്ചാ‍ൽ ഒരു പരിധിവരെ മോഷണം തടയാൻ കഴിയുമെന്നു പൊലീസ് പറയുന്നു.  എന്നാൽ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ക്ഷേത്രങ്ങൾക്ക് ഇതിനു കഴിയുന്നില്ല.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama