go

അപകടത്തിലേക്ക് ഒരു ഫ്രീ ലിഫ്റ്റ്

KannurNews
SHARE


കണ്ണൂർ∙ ബൈക്കിൽ ലിഫ്റ്റ് ചോദിച്ച സ്കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി പ്രക‌ൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയയാളെ മലപ്പുറത്ത് പൊലീസ് പിടിച്ചതു കഴിഞ്ഞദിവസമാണ്. വിദ്യാർഥിയുടെ ഫോൺ നമ്പർ കൈക്കലാക്കിയശേഷം വീണ്ടും വരണമെന്നു യുവാവ് ഭീഷണി തുടങ്ങിയതോടെ പരിഭ്രാന്തനായ പന്ത്രണ്ടുകാരൻ ചൈൽഡ് ലൈൻ പ്രവർത്തകരോടാണു പീഡനവിവരം വെളിപ്പെടുത്തിയത്. സ്കൂൾ വിട്ടു വീട്ടിലേക്കു ബസിൽ പോകേണ്ട വിദ്യാർഥി ബൈക്ക് കൈ കാണിച്ചുനിർത്തിയാണു കയറിയത്.

ഇതു മലപ്പുറത്തെ ഒറ്റപ്പെട്ട സംഭവമല്ല. അപരിചിതരായ ബൈക്ക് യാത്രികർക്കു നേരെ ഇത്തരം അപകട സാധ്യതയ്ക്കു കൂടിയാണു വിദ്യാർഥികൾ കൈ നീട്ടുന്നത്. കണ്ണൂർ ജില്ലയിലെ പല ഭാഗങ്ങളിലും കാണാം ഇങ്ങനെ ലിഫ്റ്റ് ചോദിച്ചു കയറിപ്പറ്റുന്ന വിദ്യാർഥികളെ. ഏറ്റവുമധികം അപരിചിതർ കടന്നുപോകുന്ന ദേശീയ പാതയിലാണ് ഈ ലിഫ്റ്റ് ചോദിക്കൽ കൂടുതൽ.

ആരെന്നും എന്തെന്നും ആർക്കറിയാം

ഹെൽമറ്റ് ധരിച്ചു ബൈക്കിൽ പാഞ്ഞെത്തുന്നവരിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരുണ്ടാകാം. മദ്യപിച്ചോ, ലഹരിമരുന്നുപയോഗിച്ചോ ബോധം നശിച്ചു ബൈക്കോടിച്ചു വരുന്നവരുണ്ടാകാം. അവ‌രുടെ ബൈക്കിനു കൈ നീട്ടുമ്പോൾ നിർത്തിയെന്നും വരാം. പക്ഷേ, ലഹരി തലയ്ക്കു പിടിച്ചയാൾ ഓടിക്കുന്ന ആ ബൈക്ക് എവിടെയെങ്കിലും അപകടത്തിൽപെടാനുള്ള സാധ്യത കൂടുതലാണ്.

ലിഫ്റ്റ് ചോദിച്ചു കയറുന്നയാളും ആ അപകടത്തിൽ ചെന്നുവീഴും. ദേശീയപാതയിലൂടെ ചീറിപ്പാഞ്ഞുപോകുന്ന ലോറികൾക്കു കൈ കാണിക്കുന്ന വിദ്യാർഥികളുണ്ട്. ഭാഷ പോലുമറിയാത്ത, ഏതോ നാട്ടിൽനിന്നു വരുന്ന ആ ലോറികളിൽ കയറിപ്പറ്റിയാൽ ചിലപ്പോൾ ഉദ്ദേശിച്ചിടത്ത് ഇറങ്ങാൻ പറ്റണമെന്നില്ല.

വേഗത്തോട് അമിതാവേശം

ബസ് ഇല്ലാത്ത റൂട്ടിലേക്കു ലിഫ്റ്റ് ചോദിക്കുന്നവർ ഇക്കൂട്ടത്തിൽ വളരെക്കുറച്ചേ കാണൂ. ബസ് ടിക്കറ്റിനുള്ള പണം കൊണ്ട് മറ്റെന്തെങ്കിലും ചെയ്തശേഷം മറ്റു വാഹനങ്ങൾക്കു ലിഫ്റ്റ് ചോദിക്കുന്നവരും അത്ര തന്നെയേയുള്ളൂ. പുതിയതരം ബൈക്കുകളോടും വേഗത്തോടുമുള്ള കുട്ടികളുടെ ഭ്രമമാണ് ഈ ലിഫ്റ്റ് ചോദിക്കലിനു പിന്നിലെ മനഃശാസ്ത്രം. ലൈസൻസ് പ്രായപരിധിയുൾപ്പെടെ പല കാരണങ്ങൾകൊണ്ട് ബൈക്ക് ഉപയോഗിക്കാൻ കഴിയാത്ത വിദ്യാർഥി, ബൈക്കിൽ യാത്ര ചെയ്യാൻ കിട്ടുന്ന അവസരം കൈവിടില്ല.

നഗരറോഡുകളിലെ കനത്ത ഗതാഗതക്കുരുക്കിലൂടെ  ഒരു സർക്കസ് അഭ്യാസിയുടെ മെയ്‌വഴക്കത്തോടെ പായുന്ന അത്തരം ബൈക്കുകൾക്കു പിന്നിലിരുന്നുള്ള സാഹസിക യാത്ര അവൻ ആസ്വദിക്കുന്നുണ്ട്. സ്വകാര്യ ബസുകളിലെ തിരക്കും ബസ് ജീവനക്കാരിൽനിന്നുള്ള മോശം പെരുമാറ്റവും  മറ്റു കാരണങ്ങളാണ്. സ്കൂൾ വിട്ടശേഷം സ്കൂളിലും പരിസരങ്ങളിലുമായി സ്വന്തം ഇഷ്ടത്തിനു ചുറ്റിത്തിരിയുന്ന വിദ്യാർഥികളാണ് ലിഫ്റ്റ് അന്വേഷിക്കുന്നവരിൽ ഏറിയ പങ്കും.

സദുദ്ദേശ്യവും ദോഷം ചെയ്യാം

കൈ നീട്ടുമ്പോൾ, കുട്ടിയെ ഒന്നു സഹായിച്ചേക്കാം എന്നു കരുതി സദുദ്ദേശ്യത്തോടെ നിർത്തുന്നവരുമുണ്ട്. എന്നാൽ, യഥാർഥത്തിൽ കുട്ടിയുടെ തെറ്റായ പ്രവണതയ്ക്കു വളംവച്ചുകൊടുക്കുകയാണ് ഇവർ. ലിഫ്റ്റ് ശീലമായാൽ, നാളെ ഏതു വാഹനത്തിലും കുട്ടി കയറിപ്പോയേക്കാം. വലിയ അപകടങ്ങളിലേക്ക് എത്തിയേക്കാം.

അറിയാതെ ലഹരിവഴിയിൽ

∙ ലഹരിമരുന്നു വിൽപന സംഘങ്ങൾ സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ലഹരിവിൽപനയ്ക്ക് വിദ്യാർഥികളെ പരിചയപ്പെടാൻ പല മാർഗങ്ങളാണു തേടുന്നത്. അതിലൊന്ന്  ഈ രീതിയിൽ കുട്ടികൾക്കു ലിഫ്റ്റ് കൊടുത്തു പരിചയം സ്ഥാപിക്കലാണ്. യാത്രക്കിടെ കുട്ടിയുടെ മുഴുവൻ വിവരങ്ങളും ശേഖരിക്കും. തങ്ങളുടെ ഇടപാടിനു നിൽക്കുന്നവരാണോ എന്നറിയുകയാണ് വിവരശേഖരണത്തിന്റെ ഉദ്ദേശ്യം.

അതിനുശേഷമാണ് ഇവരെ ഉപയോഗപ്പെടുത്തുന്നത്. മുതിർന്നവരുടെ ഗ്രൂപ്പിലേക്ക് എത്താനുള്ള ആഗ്രഹം കൊണ്ട് ഇങ്ങനെ ലഭിക്കുന്ന സൗഹൃദം പല കുട്ടികളും ഉപേക്ഷിക്കാറില്ല. സ്കൂളിൽ വൈരാഗ്യമുള്ള വിദ്യാർഥികളെയോ, സീനിയേഴ്സിനെയോ ഒതുക്കാൻ ഈ സൗഹൃദം പ്രയോജനപ്പെടുത്തുന്ന വിദ്യാർഥികളുമുണ്ട്.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama