go

ഒരു മനുഷ്യനു കാടിനുള്ളിൽ കരടിയുമായി മല്ലിടേണ്ടി വന്ന അപൂർവ കഥ

Man And Wild Bear
SHARE

1978 ലെ പെരുമഴക്കാലം. തലേന്നു കാട്ടിൽ മറന്നുവച്ച മഴുവും ഈർച്ചവാളും എടുക്കാൻ മലകയറുകയായിരുന്നു കുഞ്ഞഹമ്മദ് എന്ന പതിനഞ്ചുകാരനും സുഹൃത്ത് ഹസൈനാറും.  ഓരോ ചുവടിലും കാടിന്റെ നിറം കടുംപച്ചയിൽ നിന്നു കറുപ്പിലേക്കു മാറിക്കൊണ്ടിരുന്നു. തലയുയർത്തി നോക്കിയാൽ തലപ്പ് കാണാനൊക്കാത്ത മരങ്ങളാണു നിറയെ.

പൊട്ടിയ പേനയിൽ നിന്നുള്ള മഷിത്തുള്ളികൾ പോലെ മഴ ഓരോ മരത്തിലും ഇരുട്ടു നിറച്ചു. പലയിടത്തും തപ്പിത്തടഞ്ഞ് ഒടുവിൽ ഒരു മരച്ചുവട്ടിൽ കുഞ്ഞഹമ്മദ് തന്റെ മഴു കണ്ടെത്തി. കുറച്ചു മാറി വാളുമുണ്ട്.  മഴു എടുക്കാനായി കുനിഞ്ഞതേയുള്ളൂ... മുമ്പിലെ കാഴ്ച കണ്ട് അവൻ മരവിച്ചു. കറുപ്പിനു മേൽ പുതച്ച കരിമ്പടം പോലെ ഒരു ഭീകരരൂപം. മഴയെ തോൽപിച്ചു ക്രൂരമായ രണ്ടു കണ്ണുകൾ തിളങ്ങി.  

ഒരു നിമിഷം ഒന്നും മനസ്സിലായില്ലെങ്കിലും പൊടുന്നനെ കുഞ്ഞഹമ്മദിന്റെ മനസ്സിൽ ഒരു മിന്നൽ പിണഞ്ഞു. താൻ പുസ്തകത്തിലെ ചിത്രത്തിൽ മാത്രം കണ്ടിട്ടുള്ള വന്യജീവി... കരടി... കോമ്പല്ലു കാട്ടി തുറന്നു വച്ച അതിന്റെ വായിൽ നിന്നു നുര ചാലുകീറി.  

പ്രതീക്ഷിക്കാതെ കാടുകയറിയ അതിഥിയോടുള്ള അതൃപ്തി പ്രകടമാക്കാനെന്നോണം കരടി ആദ്യം തന്നെ ഒന്നു മുരണ്ടു.  മഴ കുറച്ചുകൂടി കനത്തു. തുള്ളികൾ വന്നു തറച്ചിട്ടും കുഞ്ഞഹമ്മദ് കണ്ണുകൾ തുറന്നു പിടിച്ചു. മരണം തന്റെ നേരെ കുതിക്കാൻ തുടങ്ങുകയാണ്... കരിയിൽ കുതിർന്ന പഞ്ഞിക്കെട്ടു പോലുള്ള മരണം...

നിലവിളിച്ചു കൊണ്ടു ഹസൈനാർ താഴേക്കു കുതിച്ചോടി...കരടിയുടെ മുന്നിൽപെട്ട കുഞ്ഞഹമ്മദിന് പക്ഷെ അനങ്ങാൻ കഴിഞ്ഞില്ല. ഒരു നിമിഷം കരടിയുടെ കണ്ണിൽ തന്നെ നോക്കി നിന്നു. എങ്ങനെയോ ധൈര്യം സംഭരിച്ച് അവൻ ഒരടി പിന്നോട്ടു മാറി. ചവിട്ടിയതു തലേന്നു വെട്ടിയിട്ട മരച്ചില്ലകളിലൊന്നിൽ.  കാലുതെന്നി... കുഞ്ഞഹമ്മദ് ഒന്നു പാളി... ആ നിമിഷം മതിയായിരുന്നു കരടിക്ക് നഖങ്ങളൊരുക്കി കുതിക്കാൻ. 

ഉച്ചത്തിൽ മുരണ്ടു കൊണ്ട് അതു കുഞ്ഞഹമ്മദിനു മേൽ ചാടി വീണു. തലയായിരുന്നു ലക്ഷ്യം. എന്നാൽ മഴ നനയാതിരിക്കാൻ വച്ചിരുന്ന പ്ലാസ്റ്റിക് തൊപ്പി നീങ്ങിയതിനാല്‍ പിടിവീണതു മുഖത്ത്. കരടി കുഞ്ഞഹമ്മദിനെ കടിച്ചു കുടഞ്ഞു. രോമം നിറഞ്ഞ ആ ഭീകര ശരീരത്തെ തള്ളിമാറ്റാൻ പോലും കഴിയാതെ അവൻ ചെളിയിൽ കിടന്ന് ഉരുണ്ടു. കരടി വിട്ടില്ല. നഖങ്ങളും പല്ലും പല പ്രാവശ്യം തന്റെ ദേഹത്തു താഴുന്നതു കുഞ്ഞഹമ്മദ് അറിഞ്ഞു. ‍

മുഖത്തെ ചർമം ഒന്നാകെ വലിഞ്ഞുതൂങ്ങി. ചെളിയും വിസർജ്യവും പുരണ്ട കരടിയുടെ ശരീരത്തിന്റെ രൂക്ഷഗന്ധം മൂക്കിലേക്ക് അടിച്ചു കയറി. മരണം ഇതാ തൊട്ടടുത്ത്... ഒരു നിമിഷം...ധൈര്യം വീണ്ടുകിട്ടിയ കുഞ്ഞഹമ്മദ് അരയിൽ കരുതിയ കത്തി ഒരുവിധം തപ്പിയെടുത്ത് ആഞ്ഞുവീശി, ഒരു ലക്ഷ്യവുമില്ലാതെ.

കരടിയുടെ മുഖത്ത് ആദ്യത്തെ വെട്ട്...വീണ്ടും കഴുത്തിന്റെ വശത്തു നോക്കി വെട്ടിയെങ്കിലും ചെറിയൊരു പോറലേൽപിച്ചു കത്തി കയ്യിൽ നിന്നു വഴുതി വീണു... കുഞ്ഞഹമ്മദിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു. അപ്രതീക്ഷിതമായി മുഖത്തേറ്റ മുറിവിൽ കരടിക്കും കാലിടറിയിരുന്നു.

എങ്കിലും ഭാരമേറിയ ശരീരം കുലുക്കി അത് ഒന്നുകൂടി ഓടിവന്നു. മലർന്നു കിടക്കുന്ന കുഞ്ഞഹമ്മദിന്റെ മുഖത്തു മണം പിടിച്ചു. വീണ്ടും മരണത്തിന്റെ ഗന്ധം... കുഞ്ഞഹമ്മദ് കൈകൾ തറയിൽ ചേർത്തമർത്തി... കണ്ണടച്ചു മരണം കാത്തു...   മൂക്കിൽ നിന്നു ചോരയൊലിപ്പിച്ച് കരടി ഒരടി മാറി നിന്നു,  ആക്രമണം അവസാനിപ്പിച്ച മട്ടിൽ.

തീരുന്നില്ല ശൗര്യം

രണ്ടു മൂന്നു തവണ കൂടി കോമ്പല്ലു കാട്ടി മുരണ്ടിട്ട് അതു പതുക്കെ കാട്ടിലേക്കു തിരിച്ചു നടന്നു. വൻമരങ്ങൾക്കിടയിൽ എവിടെയോ ആ കാലടിപ്പാടുകൾ അവസാനിച്ചുകാണും. പക്ഷേ അപ്പോഴേക്കും ഗുരുതരമായി പരുക്കേറ്റ കുഞ്ഞഹമ്മദ് ബോധം കെട്ടു.  ഹസൈനാറിന്റെ ബഹളം കേട്ട് മറ്റു തൊഴിലാളികള്‍ എത്തുമ്പോൾ കണ്ടത് ചോര പുഴപോലെ ഒഴുകുന്നതാണ്...മുഖം തകർന്ന കുഞ്ഞഹമ്മദിനെ കണ്ടപ്പോള്‍ ജീവനുണ്ടോ എന്നായിരുന്നു മറ്റുള്ളവരുടെ സംശയം.

ശ്വാസം ഉണ്ടെന്നു മനസിലാക്കിയതോടെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. ഏറ്റവും അടുത്തുള്ള ആശുപത്രിയിലെത്തിക്കണമെങ്കില്‍ 13 കിലോമീറ്റര്‍ അകലെയുള്ള കാര്‍ക്കളയിലെത്തണം. കാട്ടിലായതിനാല്‍ വാഹനസൗകര്യങ്ങളൊന്നുമില്ല. കാര്‍ക്കളയ്ക്കും കുദ്രമുഖിനും ഇടയിലുള്ള ഭദ്ര നദിയിൽ മഴവെള്ളം കുത്തിയൊഴുകുന്നു, പാലവുമില്ല. ഒടുവില്‍ തൊഴിലാളികൾ‍ രണ്ടും കല്‍പിച്ചിറങ്ങി. ചോരയൊലിക്കുന്ന കുഞ്ഞഹമ്മദിനെ ചാക്കില്‍ കെട്ടി പൊതിഞ്ഞ് ചുമന്നു. ചങ്ങാടം കെട്ടി അതിലാണു പുഴ കടത്തിയത്.

 ഓരോ സ്ഥലത്തെത്തുമ്പോഴും ഇറക്കി നോക്കും. ജീവനുണ്ടെന്ന് ഉറപ്പുവരുത്താന്‍. കാര്‍ക്കള ആശുപത്രിയിലെത്തിച്ചപ്പോള്‍ ഗുരുതരമായതിനാല്‍ ഉടന്‍ മണിപ്പാലിലെത്തിക്കാന്‍ നിര്‍ദേശിച്ചു. 80 കിലോമീറ്റര്‍ പിന്നിട്ട് മണിപ്പാലിലെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും നെഞ്ചിൽ ചെറിയ തുടിപ്പു മാത്രം.

ജീവന്‍ രക്ഷിക്കാനാകുമോയെന്ന് ഡോക്ടര്‍മാര്‍ക്കു പോലും ഉറപ്പുണ്ടായിരുന്നില്ല. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷം ബോധം തിരിച്ചുകിട്ടിയപ്പോഴാണ് എല്ലാവര്‍ക്കും ശ്വാസം വീണത്.  ആരോഗ്യം വീണ്ടെടുക്കാന്‍ പിന്നെയും 4 മാസം ആശുപത്രിയില്‍ കഴിയേണ്ടി വന്നു.

ഓർമയിലിന്നും കരടിഗന്ധം

ദേലംപാടി പള്ളങ്കോട്ടെ കുഞ്ഞഹമ്മദിനു കരടിയെപ്പോലെ കറുത്ത ഓര്‍മയാണ് ആ ദിവസം. മരണത്തെ മുഖാമുഖം നേരിട്ടു തോല്‍പിച്ചെങ്കിലും അതിന്റെ അടയാളങ്ങള്‍ പേറി കഴിയുകയാണ് 40 വര്‍ഷം കഴിഞ്ഞിട്ടും ഈ 55 വയസു കാരന്‍. ‘‘സ്കൂള്‍ പഠനത്തിനു ശേഷം പണി അന്വേഷിച്ചു കഴിയുന്ന സമയം. അപ്പോഴാണ് കര്‍ണാടകയിലെ കാര്‍ക്കള-ബജഗോളി-കുദ്രമുഖം റോഡിന്റെ പണി തുടങ്ങുന്നത്.റോഡ് നിര്‍മാണത്തിനു മുന്‍പ് അവിടെയുള്ള മരങ്ങള്‍ മുറിക്കണം.  

നാട്ടുകാരനായ കുണ്ടടുക്കത്തെ മുഹമ്മദാണ് ഇതിന്റെ കരാറെടുത്തത്. പണിക്കാര്‍ മുഴുവനും അഡൂര്‍,പള്ളങ്കോട് ഭാഗങ്ങളിലുളളവരായിരുന്നു; കൂട്ടത്തില്‍ ഞാനും. ആഞ്ഞിലി മരത്തിന്റെ കായ തിന്നാനെത്തിയതായിരുന്നു കരടി. എന്നാല്‍ വന്‍മരങ്ങളുടെ മറവിലായതിനാല്‍ ആദ്യം എനിക്കതിനെ കാണാന്‍ കഴിഞ്ഞില്ല. ’’ കുഞ്ഞഹമ്മദിന്റെ ഓർമയ്ക്കു പകൽ പോലെ വെളിച്ചം.കരടിയുടെ ആക്രമണം സമ്മാനിച്ച അവശത ഇപ്പോഴും കുഞ്ഞഹമ്മദിനെ വിട്ടുമാറിയിട്ടില്ല.

കണ്‍പോളകളില്ലാത്തതിനാല്‍ കണ്ണില്‍ നിന്ന് ഇടയ്ക്കിടെ വെള്ളം ഒഴുകിക്കൊണ്ടിരിക്കും. ഇടയ്ക്കിടെ തലവേദനയും. ഇത്ര വലിയൊരു അക്രമണത്തിനിരയായിട്ടും ഒരു രൂപ പോലും ധനസഹായം ലഭിച്ചിട്ടില്ല. അപകടം നടന്നത് കര്‍ണാടകയിലായതിനാല്‍ അവിടത്തെ വനംവകുപ്പാണു സഹായം നല്‍കേണ്ടത്.

എന്നാല്‍ അവര്‍ തിരിഞ്ഞുനോക്കാന്‍ പോലും തയാറായില്ല. മരംമുറി കരാറെടുത്ത നാട്ടുകാരനാണ് ആശുപത്രി ചെലവെല്ലാം നോക്കിയത്.  മെഡിക്കല്‍ബോര്‍ഡ് നല്‍കിയ അംഗപരിമിത സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലും ഇതുവരെ ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ല. പെന്‍ഷനു നല്‍കിയ അപേക്ഷയില്‍പോലും തീരുമാനമെടുക്കാതെ പഞ്ചായത്ത് അധികൃതരും ഈ പാവത്തെ നടത്തിക്കുന്നു.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama