go

ഫെയ്സ് ബുക്ക് കെണിയിലൂടെ വിദ്യാർഥിക്ക് പീഡനം; വെളിപ്പെടുന്നത് ചതിയുടെ കഥകൾ

Kannur News
കണ്ണൂർ പറശിനിക്കടവിൽ പെൺകുട്ടിയെ പീ‍ഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ അയൂബ്, ഷബീർ, സന്ദീപ്, ഷംസുദ്ദീൻ.
SHARE

തളിപ്പറമ്പ് ∙ പത്താംക്ലാസ് വിദ്യാർഥിനിയെ ലോ‍ഡ്ജ്മുറിയിൽ കെട്ടിയിട്ടു പീഡിപ്പിച്ച സംഭവത്തിൽ ലോഡ്ജ് ജീവനക്കാരനടക്കം 5 പേർ അറസ്റ്റിൽ. പെൺകുട്ടിക്കു നേരെ പലകാലങ്ങളിലായി ഉണ്ടായ പീഡനങ്ങളിൽ 5 സ്റ്റേഷനുകളിലായി 15 കേസുകൾ റജിസ്റ്റർ ചെയ്തു.

ആളില്ലാത്ത സമയത്ത് പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ച ഡിവൈഎഫ്ഐ പ്രാദേശിക നേതാവടക്കം 8 പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരിൽ പെൺകുട്ടിയുടെ ബന്ധുവുമുണ്ട്. പ്രതികൾ ഫെയ്സ്ബുക്കിൽ സ്ത്രീയുടെ പേരിൽ വ്യാജ ഐഡിയുണ്ടാക്കി ചാറ്റിങ് നടത്തി കഴിഞ്ഞ 19ന് പറശ്ശിനിക്കടവിലെ ലോഡ്ജ് മുറിയിൽ കൊണ്ടുപോയി കെട്ടിയിട്ടു പീഡിപ്പിക്കുകയായിരുന്നു.

മാട്ടൂൽ ജസീന്തയിൽ കെ.വി.സന്ദീപ്(30), നടുവിൽ സി.പി.ഷംസുദ്ദീൻ(37), ശ്രീകണ്ഠപുരം പരിപ്പായി വി.സി.ഷബീർ(36), നടുവിൽ കെ.വി.അയൂബ്(32), പറശിനിക്കടവ് പാർക്ക് ടൂറിസ്റ്റ്ഹോം റിസപ്ഷനിസ്റ്റ് കെ.പവിത്രൻ(38) എന്നിവരാണ് അറസ്റ്റിലായത്. സ്കൂൾ യൂണിഫോമിലുള്ള പെൺകുട്ടിയുമായി നാലു യുവാക്കൾ ലോഡ്ജ് മുറിയിൽ എത്തിയിട്ടും പൊലീസിൽ വിവരമറിയിക്കാത്തതിനും പീഡനത്തിനു സൗകര്യം ചെയ്തു കൊടുത്തതിനുമാണു റിസപ്ഷനിസ്റ്റിനെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് തളിപ്പറമ്പ് മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കും.

15 കേസുകളിൽ തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പറശ്ശിനിക്കടവിൽ നടന്ന പീഡനത്തിലെ അറസ്റ്റ് മാത്രമാണ് ഇപ്പോൾ നടന്നത്. സംഘംചേർന്നുള്ള പീഡനത്തിനു തളിപ്പറമ്പ്, പഴയങ്ങാടി, കുടിയാൻമല പൊലീസ് സ്റ്റേഷനുകളിലും മറ്റുള്ളവയിൽ പീഡനത്തിനുമാണു കേസെടുത്തിരിക്കുന്നത്. കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിലുണ്ടാകുമെന്നു പൊലീസ് വ്യക്തമാക്കി.

പരാതിയുമായി കൂട്ടുകാരിയും
ഇതിനിടെ ലോഡ്ജ് മുറിയിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ സുഹൃത്തും അതേ സ്കൂളിലെ വിദ്യാർഥിനിയുമായ മറ്റൊരു പെൺകുട്ടിയും പരാതിയുമായി പൊലീസിനെ സമീപിച്ചു. മാനഭംഗപ്പെടുത്തിയെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ കണ്ണൂർ വനിതാ സ്റ്റേഷനിൽ കേസെടുത്തു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കുടുംബമാണു വനിതാസ്റ്റേഷനിലെത്തിച്ചത്. തുടർന്നാണു പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. വിവാഹവാഗ്ദാനം നൽകി പ്രലോഭിപ്പിച്ചു സ്കൂളിൽ നിന്നു കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു എന്നാണു പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്.

പെൺകുട്ടിയുടെ ചിത്രങ്ങൾ ഉപയോഗിച്ചു പണം തട്ടാനും ശ്രമം
പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ സംഘം ചിത്രങ്ങൾ പകർത്തി പണം തട്ടാനും ശ്രമിച്ചു. പെൺകുട്ടിയുടെ സഹോദരനു ചിത്രങ്ങൾ ഫോണിലൂടെ അയച്ചു നൽകിയാണു പണം നൽകാൻ ആവശ്യപ്പെട്ടത്. ഇതേക്കുറിച്ച് അന്വേഷിക്കാനെത്തിയ സഹോദരനെ പ്രതികൾ സംഘം ചേർന്നു മർദിക്കുകയും ചെയ്തു. വീട്ടിലെത്തി സഹോദരിയോടു വിവരങ്ങൾ അന്വേഷിച്ചപ്പോഴാണു പീഡനത്തെക്കുറിച്ചു സൂചനകൾ കിട്ടിയത്. തുടർന്നാണു കുടുംബം ടൗൺ വനിതാ സെല്ലിനെ സമീപിച്ചത്.

അഞ്ജന എന്ന പേരിൽ വ്യാജ ഫെയ്സ്ബുക് അക്കൗണ്ട് സൃഷ്ടിച്ച് പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചത് പറശിനിക്കടവ് സ്വദേശിയായ മൃദുൽ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയങ്ങാടി മാട്ടൂലിലെ ജിത്തു എന്നയാളുടെ വീട്ടിലും കുടിയാൻമല പൈതൽമലയിലെ റിസോർട്ടിലുമാണു മറ്റ് രണ്ട് സംഘം ചേർന്നുള്ള പീഡനങ്ങൾ ഉണ്ടായത്.

വീട്ടിൽ പരിഗണന ലഭിച്ചില്ലെന്നു പെൺകുട്ടിയുടെ മൊഴി
അമ്മയ്ക്ക സഹോദരനോടായിരുന്നു കൂടുതൽ അടുപ്പമെന്നും ഇതുമൂലം മനോവിഷമമുണ്ടായിരുന്നതായും പെൺകുട്ടിയുടെ മൊഴി. വീട്ടിൽ പലപ്പോഴും പരിഗണിക്കാൻ ആളില്ലാത്ത അവസ്ഥയുണ്ടായി. ഇതിനിടയിലാണ് രണ്ടു വർഷം മുൻപ് ബന്ധുവിൽ നിന്നു പീഡനമുണ്ടായത്. പീഡന വിവരം അറിഞ്ഞ അമ്മ ബന്ധുവിനെ ശാസിച്ചെങ്കിലും പൊലീസിൽ പരാതി നൽകിയിരുന്നില്ല.

തുടർന്ന് പത്തിലേറെ തവണ ഇയാളുടെ ഭാഗത്തു നിന്നു പീഡനമുണ്ടായി. വിദ്യാർഥി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. ഇതുവഴി പരിയപ്പെട്ട ചിലരും ചൂഷണം ചെയ്തുവെന്നും പെൺകുട്ടി പൊലീസിനോടു വ്യക്തമാക്കി.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama