കണ്ണൂർ ∙ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് സർവീസുകളുമായി ഗോ എയർ. ഉദ്ഘാടന ദിനമായ 9 മുതൽ ഗോ എയറിന് ആഭ്യന്തര സർവീസുകളുണ്ട്. എല്ലാ സർവീസുകളിലേക്കുമുള്ള ടിക്കറ്റ് ബുക്കിങ് തുടങ്ങി. 9നു ബെംഗളൂരു, ഹൈദരാബാദ്, തിരുവനന്തപുരം സർവീസുകളാണ് ഉണ്ടാവുക. ബെംഗളൂരുവിൽ നിന്നു കണ്ണൂരിലേക്കും അന്നു സർവീസുണ്ട്.
കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിലെത്തി തിരിച്ചുപോകേണ്ടവർക്കു മാത്രമായി ഡൽഹി – കണ്ണൂർ – ഡൽഹി പ്രത്യേക സർവീസും 9ന് ഗോ എയർ നടത്തുന്നുണ്ട്. കണ്ണൂരിൽ നിന്നു കൂടുതൽ ആഭ്യന്തര – രാജ്യാന്തര സർവീസുകൾ വൈകാതെ തുടങ്ങുമെന്നു ഗോ എയർ സിഇഒ കോർണെലിസ് റിസ്വിക് അറിയിച്ചു.
ചൊവ്വാഴ്ച ഒഴികെ ആഴ്ചയിലെ 6 ദിവസവും ബെംഗളൂരുവിലേക്കും തിരിച്ചും സർവീസുണ്ടാകും. ഉച്ചയ്ക്ക് 1നു കണ്ണൂരിൽനിന്നു പുറപ്പെടുന്ന വിമാനം 2.20നു ബെംഗളൂരുവിലെത്തും. 2.50നു ബെംഗളൂരുവിൽനിന്നു പുറപ്പെട്ട് 4.10നു കണ്ണൂരിലെത്തും. തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിലാണു ഹൈദരാബാദ് സർവീസ്.
വൈകിട്ട് 5.20നു കണ്ണൂരിൽ നിന്നു പുറപ്പെട്ട് 7.05നു ഹൈദരാബാദിലും തിരികെ രാത്രി 7.45നു ഹൈദരാബാദിൽനിന്നു പുറപ്പെട്ട് രാത്രി 9നു കണ്ണൂരിലെത്തുന്ന തരത്തിലുമാണു സമയക്രമം. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണു ചെന്നൈ സർവീസ്. 11നാണ് ചെന്നൈയിലേക്കുള്ള ആദ്യ സർവീസ്. വൈകിട്ട് 6.10നു കണ്ണൂരിൽ നിന്നു പുറപ്പെട്ട് 7.25നു ചെന്നൈയിൽ എത്തുകയും രാത്രി 8.05നു ചെന്നൈയിൽ നിന്നു പുറപ്പെട്ട് 9.20നു കണ്ണൂരിൽ എത്തുകയും ചെയ്യും.
ഇതിനു പുറമെ 9നു ബെംഗളൂരുവിൽ നിന്നു കണ്ണൂരിലേക്കും കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്കും പ്രത്യേക സർവീസുകളുണ്ട്. ബെംഗളൂരുവിൽ നിന്നു രാവിലെ 11.20നു പുറപ്പെട്ട് 12.20നു കണ്ണൂരിൽ എത്തുന്ന തരത്തിലും കണ്ണൂരിൽ നിന്നു വൈകിട്ട് മൂന്നിനു പുറപ്പെട്ട് 4.15നു തിരുവനന്തപുരത്ത് എത്തുന്ന തരത്തിലുമാണു പ്രത്യേക സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
ഡൽഹി, മുംബൈ, നാഗ്പുർ, പുണെ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ആഭ്യന്തര സർവീസുകളും കുവൈത്ത്, റിയാദ്, അബുദാബി, മസ്കത്ത്, ദമാം എന്നിവിടങ്ങളിലേക്കു രാജ്യാന്തര സർവീസുകളും തുടങ്ങാനാണ് ഗോ എയറിന്റെ പദ്ധതിയെന്നറിയുന്നു.