go

തേജസ്വിനിപ്പുഴ: പുളിങ്ങോം മുതൽ മുക്കട വരെ സർവേ

SHARE

ചെറുപുഴ ∙ പുഴയുടെ പുറമ്പോക്ക് അളന്നു തിട്ടപ്പെടുത്തുക, മലിനീകരണം തടയുക എന്നീ ലക്ഷ്യത്തോടെ തേജസ്വിനിപ്പുഴയുടെ പുളിങ്ങോം മുതൽ മുക്കട വരെ ഭാഗത്തു സർവേ പ്രവർത്തനങ്ങൾക്കു തുടക്കമായി. സർവേയുടെ രണ്ടാം ഘട്ടമാണു പുളിങ്ങോത്ത് ആരംഭിച്ചത്. കേരള റിവർ മാനേജ്മെന്റ്, റവന്യു വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ കേരളത്തിലെ 44 നദീതീരങ്ങളിൽ നടത്തുന്ന സർവേയുടെ ഭാഗമായാണു മലയോര മേഖലയിലും സർവേ ആരംഭിച്ചത്.

കോട്ടയം ആസ്ഥാനമായുള്ള സിആർഎം എന്ന ഏജൻസിയാണു സർവേ നടത്തുന്നത്. കേരള – കർണാടക അതിർത്തിയിലെ പുളിങ്ങോം മുതൽ തേജസ്വിനിപ്പുഴ ഒഴുകിയെത്തുന്ന മുക്കട വരെയുള്ള 22 കിലോമീറ്റർ ഭാഗത്താണു സർവേ. രണ്ടാംഘട്ട സർവേയിൽ പുഴയുടെ ഇരുവശത്തും 50 മീറ്റർ ഭാഗത്തു ക്രെഡസ്റ്റൽ മാപ്പിന്റെ സഹായത്തോടെ മാർക്ക് ചെയ്യും. പുഴയിലെ മണലിന്റെ അളവ്, തീരത്തുനിന്ന് 50 മീറ്ററിനുള്ളിലുള്ള കിണറുകളിലെ ജലനിരപ്പ് എന്നിവയും രേഖപ്പെടുത്തും.

പുഴ സംരക്ഷിക്കേണ്ടതിന്റെ ആവശ്യം പരിസരവാസികളെ ബോധ്യപ്പെടുത്തും. പുഴ മലിനമാക്കപ്പെടുന്ന സ്ഥലങ്ങളിൽ പരിസരവാസികൾക്കെതിരെ നടപടിയെടുക്കാൻ സർവേയുടെ അടിസ്ഥാനത്തിൽ ശുപാർശ ചെയ്യുമെന്നും പുളിങ്ങോം, ചെറുപുഴ ഭാഗങ്ങളിലൂടെ കടന്നുപോകുന്ന പുഴയുടെ പേരു തെറ്റായാണ് ഉപയോഗിക്കുന്നതെന്നും പെരുമ്പട്ടപ്പുഴയെന്നാണു രേഖാപരമായി അറിയപ്പെടുന്നതെന്നും സർവേ സംഘം ക്യാപ്റ്റർ ഹേമചന്ദ്രൻ പറഞ്ഞു. പുഴയുടെ പുറമ്പോക്കിലെ കയ്യേറ്റം കണ്ടെത്താൻ സർവേയിലൂടെ സാധിക്കുമെന്നും സംഘം പറഞ്ഞു.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama