പയ്യന്നൂർ ∙ നൂറ്റാണ്ട് പഴക്കമുള്ള മതസാഹോദര്യ സന്ദേശം വിളിച്ചറിയിക്കുകയാണ് പെരുങ്കളിയാട്ടത്തിനൊരുങ്ങുന്ന കുഞ്ഞിമംഗലം പുറത്തെരുവത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം. മറ്റു ക്ഷേത്രങ്ങളിലൊന്നും കാണാത്ത രീതിയിൽ മുസ്ലിം തറവാടിന് കാരണവർ സ്ഥാനം അംഗീകരിച്ച് നൽകിയ ക്ഷേത്രമാണിത്. മുച്ചിലോട്ട് ഭഗവതിയുടെ പ്രതിപുരുഷൻ അരങ്ങിലിറങ്ങിയാൽ ക്ഷേത്ര ചരിത്രത്തിന്റെ വാമൊഴി ചൊല്ലുമ്പോൾ ആദ്യം പറയുന്നതും ഈ കാരണവരെയാണ്.
തെരവളച്ച് ശംഖുനാദം മുഴക്കി പുറത്തെരുവത്ത് അകത്തൂട്ട് എന്റെ ഓമന കല്യാണം കൊണ്ടുക്കൂട്ടി ചാണത്തലയൻ കാരണവരും അന്തിത്തിരിയനും മനുഷ്യങ്ങളും ഊരാളന്മാരും എന്നാണ് ഇവിടെ മുച്ചിലോട്ട് ഭഗവതിയുടെ പ്രതിപുരുഷൻ ചൊല്ലുന്ന ആദ്യ വാമൊഴി. ചാണത്തലയൻ കുഞ്ഞിമംഗലം പുറത്തെരുവത്തെ പ്രധാന മുസ്ലിം തറവാടാണ്. ഈ തറവാട്ടിൽ നിന്നാണ് കളിയാട്ടത്തിന്റെ ആദ്യദിനം ദേവിക്ക് പഞ്ചാരക്കലം സമർപ്പിക്കുന്നത്.
പൂരോത്സവ കാലത്ത് ക്ഷേത്രത്തിൽ ദേവിക്ക് താംബൂല വിഭവങ്ങൾ കാഴ്ചവയ്ക്കുന്ന പതിവുമുണ്ട്. ക്ഷേത്രം ഈ കാരണവർക്ക് ദേവിക്ക് നിവേദിച്ച അരിയും മറ്റും നൽകുന്ന പതിവുണ്ട്. ഇതേക്കുറിച്ച് പഴമക്കാർ പറയുന്നത് ഇങ്ങനെ: കോക്കാട് മുച്ചിലോട്ട് നിന്നാണ് ഇവിടേക്ക് ദേവി എഴുന്നള്ളിയത്. മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടങ്ങൾക്ക് സ്ത്രീകൾക്ക് നാൽപടി പുരകൾ ഒരുക്കുന്ന സംവിധാനമുണ്ട്. ഈ ക്ഷേത്രത്തിൽ കുഞ്ഞിമംഗലം ഭാഗത്തു നിന്നുള്ളവർക്ക് വേണ്ടി പടിഞ്ഞാറെ പടിപ്പുരയാണ് ഒരുക്കിയിരുന്നത്.
കുഞ്ഞിമംഗലത്തെ പ്രധാന നായർ തറവാട്ടുകാരായ മുണ്ടയാടൻ, വാരിക്കര, കൊളങ്ങരത്ത്, തെരുവത്ത് വീട്, കൈപ്രവൻ, മല്ലപ്പള്ളി, മുതുവടത്ത്, പാറന്തട്ട, കുപ്പാടക്കത്ത് എന്നീ 9 തറവാടുകളിലെ സ്ത്രീകൾ പടിഞ്ഞാറെപടിപ്പുരയിലിരുന്നു. അവിടെ കൂടിയിരുന്നവർക്കെല്ലാം കുറി കൊടുത്ത് അനുഗ്രഹിച്ചുവെങ്കിലും കുഞ്ഞിമംഗലത്തെ സ്ത്രീകളെ അവഗണിച്ചു. അവർ മനംനൊന്ത് മടങ്ങിവരുമ്പോൾ പുറത്തെരുവത്തെത്തി പ്ലാവിൻചുവട്ടിൽ വിശ്രമിച്ചു.
ദുഖത്തോടെ ഇരിക്കുന്ന സ്ത്രീകളെ കണ്ട് അതിനടുത്ത് കച്ചവടം ചെയ്തിരുന്ന ചാണത്തലയൻ എന്ന മുസ്ലിം കാരണവർ കാര്യമന്വേഷിച്ചു. അവർക്ക് വെറ്റിലയും മറ്റും നൽകി. സ്ത്രീകൾ യാത്ര പുറപ്പെടാൻ ശ്രമിച്ചപ്പോൾ ഓലക്കുടയെടുക്കാൻ കഴിഞ്ഞില്ല. മുസ്ലിം കാരണവർ ഇക്കാര്യം സമീപത്തുള്ളവരെ അറിയിച്ചു. പ്രശ്നചിന്തയിൽ മുച്ചിലോട്ട് ഭഗവതിയുടെ സാന്നിധ്യം കണ്ടു.
ആ വർഷം തന്നെ കളിയാട്ടം നടത്താനും തീരുമാനിച്ചു. പള്ളിയറപോലും നിർമിക്കാതെ കളിയാട്ടം നടത്താൻ ഒരുങ്ങിയപ്പോൾ ചാണത്തലയൻ കാരണവർ കുറെ പുതുവസ്ത്രങ്ങൾ നൽകി. ആ പുതുവസ്ത്രം വളച്ചുകെട്ടി ആദ്യത്തെ കല്യാണം അഥവാ പെരുങ്കളിയാട്ടം തെരവളച്ച് കല്യാണമായി നടത്തി. അങ്ങനെയാണ് മുസ്ലിം തറവാടിലെ ചാണത്തലയൻ കാരണവർക്ക് ഈ മുച്ചിലോട് ഭഗവതി ക്ഷേത്രത്തിലെ കാരണവർ സ്ഥാനം ലഭിച്ചത്. 23 മുതൽ 26 വരെയാണ് പെരുങ്കളിയാട്ടം.