ചെറുപുഴ ∙ മേലെ ബസാറിൽ മലയോര ഹൈവേയുടെ നടപ്പാതയോടു ചേർന്നു കൈവരി സ്ഥാപിക്കുന്നതിനെച്ചൊല്ലി വീണ്ടും തർക്കമുണ്ടായതോടെ പണി നിലച്ചു. ഒരു കടയുടെ മുൻപിൽ കൈവരി സ്ഥാപിക്കുന്നതിനെ ഉടമ എതിർത്തിരുന്നു. ഇതിനെതിരെ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും മറ്റും രംഗത്തുവന്നു. ഇന്നലെ വൈകിട്ട് ഇതേച്ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിനു കാരണമായി. കൈവരി സ്ഥാപിക്കുന്നതിൽ തുടക്കം മുതൽ ഏകാഭിപ്രായം ഉണ്ടായിരുന്നില്ല.
തർക്കമുണ്ടാകുമ്പോൾ പണി നിർത്തിവയ്ക്കുകയും പിന്നീടു ചർച്ച നടത്തി പുനരാരംഭിക്കുകയുമാണു ചെയ്തു വന്നിരുന്നത്. ഓരോ സമയത്തും മാറ്റങ്ങൾ വരുത്തുന്നതാണു പണി നീണ്ടുപോകാൻ ഇടയായത്.