go

ബിജെപി അനുഭാവി നിഷാദിന്റെ കൊലപാതകം; നാടിനെ ഞെട്ടിച്ച് വെളിപ്പെടുത്തൽ

Kannur News
കാണാതായ നിഷാദിന്റെ മൃതദേഹം കണ്ടെത്തുന്നതിന് പറമ്പായിയിലെ അങ്കണവാടിക്ക് മുൻവശത്തെ റോഡിലെ മണ്ണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നീക്കം ചെയ്യുന്നു.
SHARE

കൂത്തുപറമ്പ് ∙ പറമ്പായിയിലെ സ്വകാര്യ ബസ് ജീവനക്കാരൻ പി.നിഷാദിന്റെ തിരോധാനം കൊലപാതകമാണെന്ന വെളിപ്പെടുത്തൽ നാടിനെ വല്ലാതെ ഉലച്ചിരുന്നു. മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ രക്ഷിതാക്കളും തിരോധാനത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ‍ കമ്മിറ്റിയും വർഷങ്ങൾ നീണ്ട കാത്തിരിപ്പിലായിരുന്നു.

ഇതിനിടെയാണ് കേസിന് വഴിത്തിരിവ് സൃഷ്ടിച്ച് കൊണ്ട് ബെംഗളുരു സ്ഫോടന കേസിൽ അറസ്റ്റിലായ പറമ്പായിയിലെ മുഹമ്മദ് സലിം നിഷാദിനെ കൊലപ്പെടുത്തിയതായി കുറ്റസമ്മത മൊഴി നൽകിയത്. ഇന്നലെ രാവിലെ പ്രതിയെയും കൊണ്ട് ക്രൈം ബ്രാഞ്ച് സംഘം പറമ്പായി അങ്കണവാടിക്ക് സമീപം എത്തിയതോടെ നൂറുകണക്കിനാളുകളാണ് പ്രദേശത്ത് തടിച്ചുക‌ൂടിയത്. രോഷാകുലനായി നിഷാദിന്റെ പിതാവ് കെ.ടി.പ്രകാശനും കണ്ണീരുമായി അമ്മ പി.മൈഥിലിയും ആൾക്കൂട്ടത്തിനിടയിലുണ്ടായിരുന്നു.

എസ്കവേറ്ററിന്റെ കൈ ഓരോ തവണ നീളുമ്പോഴും മണ്ണിനടിയിൽ എന്തെങ്കിലും അവശിഷ്ടങ്ങൾ കാണാനുണ്ടോ എന്ന തിടുക്കത്തിലായിരുന്നു ആളുകൾ. 40മീറ്ററോളം നീളത്തിൽ 2 മീറ്റർ വീതിയിലുള്ള മൺ റോഡ് കിളച്ച് മറിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. നേരത്തെയുണ്ടായിരുന്ന ഇടവഴിയിൽ മൂന്നടിയും നാലടിയും ഉയരത്തിൽ മണ്ണ് തള്ളിയാണ് പുതിയ റോഡ് രൂപപ്പെട്ടത്.

നിഷാദ് തിരോധാന കേസ്: പ്രതിയുമായി പരിശോധന
കൂത്തുപറമ്പ് ∙ മമ്പറത്തിനടുത്ത പറമ്പായിയിലെ സ്വകാര്യ ബസ് ഡ്രൈവറും ബിജെപി അനുഭാവിയുമായ പി.നിഷാദി(32)നെ കൊലപ്പെടുത്തി കുഴിച്ചു മൂടിയതാണെന്ന ‌ബെംഗളൂരു സ്ഫോടന കേസ് പ്രതി പറമ്പായിയിലെ മുഹമ്മദ് സലീമിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് സംഘം മൃതദേഹം കണ്ടെത്തുന്നതിനു പരിശോധന നടത്തി. ഇന്നലെ രാവിലെ പത്തരയോടെയാണ് അന്വേഷണ സംഘം പറമ്പായിയിലെ 110ാം നമ്പർ അങ്കണവാടിക്കു മുൻവശത്തെ റോഡിൽ മണ്ണുനീക്കി പരിശോധന തുടങ്ങിയത്.

kannur-crime-branch-team
പറമ്പായി നിഷാദ് വധക്കേസിൽ മൃതദേഹം കണ്ടെടുക്കാൻ ക്രൈംബ്രാഞ്ച് സംഘം പ്രതി മുഹമ്മദ് സലീമിനോടൊപ്പം പറമ്പായി അങ്കണവാടിക്കു സമീപമെത്തിയപ്പോൾ.

വൈകിട്ട് നാലര വരെ പരിശോധിച്ചെങ്കിലും സൂചന ലഭിച്ചില്ല. ഇന്നു പരിശോധന തുടരാനാണു തീരുമാനം. ബെംഗളുരുവിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് 25 ലക്ഷം രൂപ ക്വട്ടേഷൻ വാങ്ങി നിഷാദിനെ കൊലപ്പെടുത്തി കാടുമൂടിക്കിടന്ന പറമ്പിൽ കുഴിച്ചിട്ടതായി സലിം കുറ്റസമ്മതമൊഴി നൽകിയത്. ഇതേ തുടർന്ന് നിഷാദ് തിരോധാന കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം സലീമിനെതിരെ കൊലക്കുറ്റം ചുമത്തി ബെംഗളൂരു ജയിലിൽനിന്ന് കേരളത്തിലെത്തിക്കുകയായിരുന്നു.

കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സിഐ സുനിൽകുമാറിന്റെ നേതൃത്വത്തിലാണു പ്രതിയെ സ്ഥലത്തു കൊണ്ടുവന്നത്. ക്രൈംബ്രാഞ്ച് എസ്പി അബ്ദുൽ ഹമീദ്, ഡിവൈഎസ്പി യു.പ്രേമൻ, കൂത്തുപറമ്പ് സിഐ ബി.രാജേന്ദ്രൻ, എസ്ഐ കെ.വി.നിഷിത്ത്, പിണറായി എസ്ഐ എ.വി.ദിനേശൻ, സയന്റിഫിക് ഇൻവെസ്റ്റിഗേഷൻ ടീം അംഗങ്ങളായ കെ.എസ്.ശ്രുതിലേഖ, അനുചന്ദ്ര എന്നിവരും അന്വേഷണത്തിനായി സ്ഥലത്തുണ്ടായിരുന്നു.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama