go

ഭിന്നശേഷിക്കാർക്ക് സർട്ടിഫിക്കറ്റുകൾ ആശുപത്രികളിൽനിന്ന് ലഭിക്കുന്നില്ല

Kannur News
SHARE

തലശ്ശേരി ∙ ഭിന്നശേഷിക്കാർക്ക് ആനുകൂല്യങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ സംസ്ഥാനത്തെ പല ആശുപത്രികളിൽനിന്നും ലഭിക്കുന്നില്ലെന്നു പരാതി. ഇവർക്കായുള്ള ദേശീയ അവകാശ നിയമത്തിൽ ഇതുസംബന്ധിച്ച നിർദേശങ്ങൾ ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതർ കൈമലർത്തുന്നുവെന്നാണു പരാതി. പരീക്ഷ എഴുതാൻ സഹായികളെ ആവശ്യമുള്ള വിദ്യാർഥികളാണു പ്രയാസത്തിലായത്.

നേരത്തെ ആശുപത്രിയിൽ മെഡിക്കൽ ബോർഡിനു മുൻപിൽ ഹാജരായി ലഭിക്കുന്ന സർട്ടിഫിക്കറ്റുകളാണ് ഇതിനായി ഹാജരാക്കിയിരുന്നത്. ഇപ്പോഴത്തെ നിയമത്തിൽ ആശുപത്രി സൂപ്രണ്ട്, കുട്ടികളുടെ ന്യൂറോളജിസ്റ്റ് അല്ലെങ്കിൽ ശിശുരോഗ വിദഗ്ധൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഭിന്നശേഷിക്കാരായ വിദ്യാർഥികളെ കൈകാര്യം ചെയ്തു ശീലമുള്ള അധ്യാപകർ എന്നിവരുൾപ്പെട്ട സമിതിയായിരിക്കണം സർട്ടിഫിക്കറ്റ് നൽകേണ്ടതെന്നു നിഷ്കർഷിച്ചിരിക്കുന്നു.

സംസ്ഥാനത്ത് സർക്കാർ മേഖലയിൽ കുട്ടികളുടെ ന്യൂറോളജിസ്റ്റ് ഇല്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ തന്നെ പറയുന്നു. പല സർക്കാർ ആശുപത്രികളിലും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തിക ഇല്ല. ഉള്ളിടത്താകട്ടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നു. ഉത്തരവിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്ന നിബന്ധനകൾ ലഘൂകരിക്കാനും എളുപ്പത്തിൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കാനും സംസ്ഥാന സർക്കാരിന്റെ ഇടപെടൽ വേണമെന്നാണു രക്ഷിതാക്കളുടെ ആവശ്യം.

ഈ അധ്യയനവർഷം എസ്എസ്എൽ‌സി പരീക്ഷ ഉൾപ്പെടെ എഴുതേണ്ട ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾ ആശുപത്രികൾ കയറിയിറങ്ങുകയാണ്. 5 വയസ്സു മുതൽ ഇത്തരം കുട്ടികളെ കണ്ടെത്തി പരിചരണവും കഴിവുകൾ വികസിപ്പിക്കുന്നതിനു പരിശീലനവും നൽകണമെന്നു നിയമത്തിൽ വ്യവസ്ഥ ചെയ്യുമ്പോഴാണ് അവരുടെ കഴിവുകൾ തല്ലിക്കെടുത്തുന്ന സമീപനം അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നത്.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama