go

സ്നേഹവീടിന്റെ താക്കോൽ കൈമാറി; ശ്രീമതിക്കും അമ്മയ്ക്കും ഇനി അടച്ചുറപ്പുള്ള വീട്

Kannur News
കുന്നോത്ത് മൂസാൻപീടികയിൽ നിത്യ രോഗിയായ ശ്രീമതിക്കും അമ്മ 98 കാരിയായ പാറമ്മൽ ജാനകിക്കും പായം പഞ്ചായത്തും കുടുംബശ്രീയും ചേർന്ന് നിർമിച്ച സ്നേഹവീടിന്റെ താക്കോൽദാനം പ്രസിഡന്റ് എൻ.അശോകൻ ഉദ്ഘാടനം ചെയ്യുന്നു.
SHARE

ഇരിട്ടി∙ നിത്യ രോഗിയായ ശ്രീമതിക്കും അമ്മയ്ക്കുമായി പായം പഞ്ചായത്തും കുടുംബശ്രീയും ചേർന്ന് നിർമിച്ച സ്നേഹവീടിന്റെ താക്കോൽ പ്രസിഡന്റ് എൻ.അശോകൻ കൈമാറി. താക്കോൽ ഏറ്റുവാങ്ങിയ തൊണ്ണൂറ്റിയെട്ടുകാരിയായ പാറമ്മൽ ജാനകി അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം യാഥാർത്ഥ്യമായതിന്റെ സന്തോഷം പങ്കുവെച്ചു.

കുന്നോത്ത് മൂസാൻപീടീകയിൽ കാലപ്പഴക്കത്താൽ തകർന്ന് വാസയോഗ്യമല്ലാതായ വീട്ടിലായിരുന്നു നേരത്തെ ശ്രീമതിയും അമ്മയും കഴിഞ്ഞിരുന്നത്. ഈ വീട് പൊളിച്ചുമാറ്റിയാണ് പുതിയ വീട് നിർമ്മിച്ചത്. വാർധക്യത്താൽ അവശതയനുഭവിക്കുന്ന അമ്മയ്ക്കും നട്ടെല്ലിന് രോഗം ബാധിച്ചതിനെത്തുടർന്ന് വീൽചെയറിൽ കഴിയുന്ന ശ്രീമതിക്കും പരസഹായത്തിന് പോലും ആരുമില്ല. ഇവരുടെ പേരിലുള്ള ഭൂമി വിറ്റു കിട്ടിയ പണവും പെൻഷൻ തുകയും കൊണ്ടാണ് ശ്രീമതിയുടെ ചികിത്സയും കുടുംബത്തിന്റെ നിത്യ ചെലവും നടക്കുന്നത്.

ഇരുവരുടെയും ദുരവസ്ഥ കണ്ടറിഞ്ഞ് കുടുംബശ്രീ പ്രവർത്തകർ മുൻകൈയെടുത്താണ് സ്നേഹവീടൊരുക്കിയത്. പഞ്ചായത്തിലെ എല്ലാ കുടുംബശ്രീ യൂനിറ്റുകളിൽ നിന്നും 1000 രൂപ വീതം പിരിച്ചാണ് തുക കണ്ടെത്തിയത്. രണ്ടര ലക്ഷം രൂപയാണ് പഞ്ചായത്തിലെ 250 കുടുംബശ്രീ യൂനിറ്റുകളിൽ നിന്നായി ലഭിച്ചത്. വീട് പണിയുടെ പ്രവർത്തനങ്ങളിലും കുടുംബശ്രീ പ്രവർത്തകർ സജീവ പങ്കാളികളായി.

വീടിനുള്ള ഓട്, കട്ടിള, കല്ല് എന്നിവ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സമാഹരിച്ച് നൽകിയത്. രണ്ട് മുറികളും അടുക്കളയും കുളിമുറിയും അടങ്ങുന്നതാണ് പുതിയ വീട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സാവിത്രി, സ്ഥിരം സമിതി അധ്യക്ഷരായ കെ.കെ.വിമല, പവിത്രൻ കരിപ്പായി, വി.കെ.പ്രേമരാജൻ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ.എം.സുർജിത്ത്, സിഡിഎസ് അധ്യക്ഷ കെ.പി.ഷജിനി, പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ പങ്കടുത്തു.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama