go

കുടിവെള്ള പദ്ധതി; പഴശ്ശിയിൽ കിണർ നിർമാണം അന്തിമഘട്ടത്തിൽ

Kannur News
പഴശ്ശി അണക്കെട്ടിന് സമീപം ജലസംഭരണിയിൽ ഇരിട്ടി, മട്ടന്നൂർ നഗരസഭകൾക്കായുള്ള കുടിവെള്ള പദ്ധതിയ്ക്കായി പൂർത്തിയാവുന്ന കിണർ.
SHARE

ഇരിട്ടി∙ ഇരിട്ടി, മട്ടന്നൂർ നഗരസഭകളിലെ മൂന്നര ലക്ഷം പേർക്ക് കുടിവെള്ളം എത്തിക്കുന്നതിനായുള്ള പദ്ധതിയുടെ കിണർ നിർമാണം പഴശ്ശി അണക്കെട്ടിനോടനുബന്ധിച്ച്് അന്തിമഘട്ടത്തിലെത്തി. കിഫ്ബിയിൽപ്പെടുത്തി 75 കോടി രൂപ ചെലവിലാണ് രണ്ടു നഗരസഭകളിലെ മുഴുവൻ കുടുംബങ്ങളിലും കുടിവെള്ളം എത്തിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി ജല അതോറിറ്റി നടപ്പാക്കുന്നത്. ജലസംഭരണിയിലാണ് കിണർ നിർമിക്കുന്നത്.

പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി ജില്ലാ ഭരണകൂടം ഇടപെട്ട് അണക്കെട്ടിന്റെ ഷട്ടറുകൾ അടയ്ക്കുന്നത് വൈകിപ്പിച്ചിരുന്നു. ഷട്ടറുകളിട്ട ശേഷം വളരെ വേഗത്തിൽ ജലനിരപ്പുയർന്നത് പ്രതിസന്ധിയുണ്ടാക്കി. ഇതേ തുടർന്ന് ഷട്ടറുകൾ തുറന്ന് ജലനിരപ്പ് ക്രമീകരിച്ച് നിർത്തിയാണ് കിണർ പൂർത്തികരണ ഘട്ടത്തിലെത്തിച്ചത്. കിണറിന് മുകളിലുള്ള ഓഫിസിന്റെ നിർമാണമാണ് ഇനിയുള്ളത്. ഈ പ്രവൃത്തിയെ ജലനിരപ്പ് ബാധിക്കില്ല.

പമ്പ് ഹൗസും ട്രീറ്റ്‌മെന്റ് പ്ലാന്റും സംഭരണി ടാങ്കുകളും പൈപ്പ് ലൈനും ഉൾപ്പെടെയുള്ള പ്രവൃത്തികൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കി പദ്ധതി കമ്മിഷൻ ചെയ്യാനാണ് ലക്ഷ്യമിടുന്നത്.   റീന എഞ്ചിനിയറിംങ്ങ് ആൻഡ് കൺസ്ട്രക്ഷൻ കമ്പിനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.പഴശ്ശിയിൽ നിന്ന് ഇപ്പോൾ കുടിവെള്ളം എടുക്കുന്ന കണ്ണൂർ, കൊളശ്ശേരി പദ്ധതികൾക്കിടയിലാണ് പുതിയ പദ്ധതിയും വരുന്നത്. ജപ്പാൻ കുടിവെള്ള പദ്ധതിയിലേക്കും പഴശ്ശിയിൽ നിന്നാണ് വെള്ളം എടുക്കുന്നത്.

ഹൈസ്‌കൂൾകുന്നിലും കൊതേരിയിലും 15 ലക്ഷം ലിറ്ററിന്റെ ടാങ്കുകൾ

നിർദ്ദിഷ്ട കുടിവെള്ള പദ്ധതിക്കായി ചാവശ്ശേരിപറമ്പിൽ 42 മില്യൻ ലീറ്റർ സംഭരണശേഷിയുള്ള ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണവും തുടങ്ങി. മട്ടന്നൂർ നഗരസഭയിലെ കൊതേരിയിലും ഇരിട്ടി നഗരസഭയിലെ ഇരിട്ടി ഹൈസ്‌ക്കൂൾകുന്നിലും 15 ലക്ഷം ലീറ്റർ വീതം സംഭരണ ശേഷിയുള്ള ടാങ്ക് സ്ഥാപിച്ച് പൈപ്പ് ലൈൻ വഴി വീടുകളിൽ കുടിവെള്ളം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama